അങ്ങനെയൊന്നും കേരള ബ്ലാസ്റ്റേഴ്സിനെ വിലക്കാനാവില്ല; നിർണായക വിവരം പുറത്ത്
ബ്ലാസ്റ്റേഴ്സ് അധികൃതരുടെ ഈ ആവശ്യങ്ങളെല്ലാം തള്ളിയ വൈഭവ് ഗഗ്ഗാറിന്‍റെ നേതൃത്വത്തിലുള്ള അച്ചടക്ക സമിതി ബ്ലാസ്റ്റേഴ്സ് കുറ്റക്കാരാണ് എന്ന് കണ്ടെത്തിയിരുന്നു
ദില്ലി: ഐഎസ്എല്ലിൽ ബെംഗളൂരു എഫ്സിക്കെതിരായ പ്ലേ ഓഫ് മത്സരം ഉപേക്ഷിച്ച കേരള ബ്ലാസ്റ്റേഴ്സിനെതിരെ വിലക്ക് പോലുള്ള കടുത്ത നടപടിയുണ്ടാവില്ല എന്ന് സൂചന. ബ്ലാസ്റ്റേഴ്സിന് പിഴ വിധിക്കാന്‍ സാധ്യതയുണ്ടെങ്കിലും ബാന്‍ അടക്കമുള്ള കടുത്ത നിലപാടിലേക്ക് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ കടക്കില്ല എന്നാണ് പുതിയ റിപ്പോർട്ട്. ഇന്നലെ ചേര്‍ന്ന അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്‍റെ അച്ചടക്ക സമിതി മത്സരം പൂര്‍ത്തിയാക്കാതെ ബഹിഷ്കരിച്ച സംഭവത്തില്‍ ബ്ലാസ്റ്റേഴ്സ് കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.
ബ്ലാസ്റ്റേഴ്സിന്‍റെ ആവശ്യങ്ങള്‍ തള്ളി
ഐഎസ്എല്‍ നോക്കൗട്ടില്‍ ബെംഗളൂരു എഫിസിക്ക് അനുകൂലമായി വിവാദ തീരുമാനമെടുത്ത റഫറി ക്രിസ്റ്റല്‍ ജോണിനെ വിലക്കണമെന്നും ബെംഗളൂരുവുമായുള്ള മത്സരം വീണ്ടും നടത്തണമെന്നുമായിരുന്നു അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍റെ മുന്നില്‍ കേരള ബ്ലാസ്റ്റേഴ്സിന്‍റെ ആവശ്യങ്ങള്‍. എന്നാല്‍ ബ്ലാസ്റ്റേഴ്സ് അധികൃതരുടെ ഈ ആവശ്യങ്ങളെല്ലാം തള്ളിയ വൈഭവ് ഗഗ്ഗാറിന്‍റെ നേതൃത്വത്തിലുള്ള അച്ചടക്ക സമിതി ബ്ലാസ്റ്റേഴ്സ് കുറ്റക്കാരാണ് എന്നും കണ്ടെത്തി. 'ഇതുവരെ തീരുമാനങ്ങളൊന്നുമായിട്ടില്ല അത്യപൂർവ സാഹചര്യങ്ങളില്‍ മാത്രമേ ഒരു ക്ലബിനെ വിലക്കാന്‍ അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ തയ്യാറാകൂ. കേരള ബ്ലാസ്റ്റേഴ്സിനോട് അങ്ങനെ ചെയ്യും എന്ന് തോന്നുന്നില്ല. ഐസ്എല്‍ പങ്കാളിത്തം സംബന്ധിച്ച് മാത്രമേ ഐഎസ്എല്‍ റഗുലേറ്റി കമ്മീഷന് തീരുമാനം എടുക്കാനാകൂ' എന്നുമാണ് പ്രമുഖ കായിക ലേഖകനായ മാർക്കസിന്‍റെ ട്വീറ്റ്.
ബിഎഫ്സി-കെബിഎഫ്സി മത്സരം വീണ്ടും നടത്തണമെന്ന ബ്ലാസ്റ്റേഴ്സിന്‍റെ പരാതിയെ തുടർന്നാണ് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍റെ അച്ചടക്ക സമിതി ഇന്നലെ അടിയന്തര യോഗം ചേർന്നത്. മത്സരത്തില്‍ റഫറി എടുത്ത തീരുമാനം റദ്ദാക്കാന്‍ അച്ചടക്കസമിതിക്ക് കഴിയില്ലെന്ന് ഫെഡറേഷന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിയമപ്രകാരം മാത്രമാണ് ഗോള്‍ അനുവദിച്ചതെന്ന് സമിതിക്ക് മുമ്പാകെ ഹാജരായ റഫറി ക്രിസ്റ്റല്‍ ജോണ്‍ വിശദീകരിച്ചതോടെ എന്ത് നടപടികളാവും ബ്ലാസ്റ്റേഴ്സ് നേരിടേണ്ടിവരിക എന്ന ആകാംക്ഷയിലാണ് ആരാധകർ. ഉയർന്ന പിഴയ്ക്ക് പുറമെ ഐലീഗിലേക്ക് തരംതാഴ്ത്തലടക്കമുള്ള നടപടികള്‍ ബ്ലാസ്റ്റേഴ്സിനെതിരെ ഉണ്ടാകുമോ എന്ന് വ്യക്തമല്ല.
ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന നോക്കൗട്ട് മത്സരത്തില്‍ നിശ്ചിത സമയത്ത് ബെംഗളൂരുവും ബ്ലാസ്റ്റേഴ്സും ഗോളടിച്ചിരുന്നില്ല. എന്നാല്‍ എക്സ്ട്രാ ടൈമിന്‍റെ ആറാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ബോക്സിന് പുറത്ത് ബെംഗളൂരുവിന് അനുകൂലമായി ലഭിച്ച ഫ്രീ കിക്ക് ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ തയാറെടുക്കും മുമ്പെ അടിച്ച് ഗോളാക്കിയതാണ് വിവാദമായത്. ബ്ലാസ്റ്റേഴ്സ് താരങ്ങളും ഗോളിയും ഫ്രീ കിക്ക് തടയാനുള്ള പ്രതിരോധ മതില്‍ ഒരുക്കുന്നതിനിടെയാണ് ഛേത്രി ഗോളടിച്ചത്. റഫറി ഗോള്‍ അനുവദിച്ചതില്‍ പ്രതിഷേധിച്ച് മത്സരം പൂർത്തിയാക്കാതെ ബ്ലാസ്റ്റേഴ്സ് മൈതാനം വിടുകയായിരുന്നു. ബ്ലാസ്റ്റേഴ്സ് മത്സരം പൂര്‍ത്തിയാക്കാതെ ബഹിഷ്കരിച്ചതോടെ ഛേത്രിയുടെ ഗോളില്‍ 1-0ന് ബെംഗളൂരു ജയിച്ചതായി റഫറി പ്രഖ്യാപിച്ചു.