ISL 2021-22 : നാണക്കേട് അകലാതെ ഈസ്റ്റ് ബംഗാള്‍; ജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി ഒഡിഷ
പതിവുപോലെ പന്തടക്കത്തിലും ലക്ഷ്യത്തിലേക്ക് നിറയൊഴിക്കുന്നതിലും തുടക്കം മുതല്‍ മേല്‍ക്കൈ ഒഡിഷയ്‌ക്കായിരുന്നു
വാസ്‌കോ ഡ ഗാമ: ഐഎസ്എല്ലില്‍ (ISL 2021-22) പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താനിറങ്ങിയ ഒഡിഷ എഫ്‌സിക്ക് (Odish FC) ജയം. സീസണില്‍ കുഴയുന്ന ഈസ്റ്റ് ബംഗാളിനെ (SC East Bengal) ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഒഡിഷ തകര്‍ത്തത്. ഈസ്റ്റ് ബംഗാള്‍ രണ്ടാം ജയത്തിനായി കാത്തിരിക്കുമ്പോള്‍ സീസണിലെ ആറാം ജയത്തിലെത്തി ഒഡിഷ.
പതിവുപോലെ പന്തടക്കത്തിലും ലക്ഷ്യത്തിലേക്ക് നിറയൊഴിക്കുന്നതിലും മേല്‍ക്കൈ ഒഡിഷയ്‌ക്കായിരുന്നു. കിക്കോഫായി 23-ാം മിനുറ്റില്‍ ജൊനാതസ് ജീസസ് ഒഡിഷയെ മുന്നിലെത്തിച്ചു. 64-ാം മിനുറ്റില്‍ ആന്‍റോണിയോ പെരോസെവിച്ച് ഈസ്റ്റ് ബംഗാളിനായി ഗോള്‍ മടക്കി. എന്നാല്‍ 75-ാം മിനുറ്റില്‍ ജാവി ഹെര്‍ണാണ്ടസിന്‍റെ ഗോള്‍ ഒഡിഷയെ വീണ്ടും മുന്നിലെത്തിക്കുകയായിരുന്നു.
ജയത്തോടെ ഒഡിഷ എഫ്‌സി പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി. 15 കളിയില്‍ ആറ് ജയവും മൂന്ന് സമനിലയുമുള്ള ഒഡിഷ 21 പോയിന്‍റുമായി ആറാം സ്ഥാനത്താണ്. അതേസമയം സീസണിലെ രണ്ടാം ജയത്തിനായി കാത്തിരിക്കുന്ന ഈസ്റ്റ് ബംഗാള്‍ 16 മത്സരങ്ങളില്‍ 10 പോയിന്‍റ് മാത്രമായി 10-ാം സ്ഥാനത്തും. 14 കളിയില്‍ 26 പോയിന്‍റുമായി ഹൈദരാബാദ് ഒന്നും ഒരു മത്സരം കുറവ് കളിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് 23 പോയിന്‍റുമായി രണ്ടും 15 മത്സരങ്ങളില്‍ 23 പോയിന്‍റോടെ ബെംഗളൂരു എഫ്‌സി മൂന്നും സ്ഥാനങ്ങളില്‍ തുടരുന്നു.