ISL: അവസരങ്ങള്‍ കളഞ്ഞുകുളിച്ച് ബ്ലാസ്റ്റേഴ്സ്, നോര്‍ത്ത് ഈസ്റ്റിനെതിരെ ഗോള്‍രഹിത സമനില മാത്രം

ആദ്യ പകുതിയില്‍ ജോര്‍ജെ ഡയസും രണ്ടാം പകുതിയില്‍ സഹല്‍ അബ്ദുള്‍ സമദും നോര്‍ത്ത് ഈസ്റ്റ് ഗോള്‍ കീപ്പര്‍ സുഭാശിഷ് റോയ് മാത്രം മുന്നില്‍ നില്‍ക്കെ ലഭിച്ച അവസരങ്ങള്‍ പുറത്തേക്ക് അടിച്ചു കളഞ്ഞ് നഷ്ടമാക്കിയതാണ് ബ്ലാസ്റ്റേഴ്സിന്‍റെ ജയം നഷ്ടമാക്കിയത്..

ISL 2021-22, NorthEast United vs Kerala Blasters match ends in goalless draw

മഡ്ഗാവ്: ഐഎസ്എല്ലില്‍(ISL) നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനതിരെ (NorthEast United vs Kerala Blasters) കുറഞ്ഞത് രണ്ടു ഗോളിനെങ്കിലും ജയിക്കാമായിരുന്ന മത്സരം ഫിനിഷിംഗിലെ പിഴവ് മൂലം കേരളാ ബ്ലാസ്റ്റേഴ്സ് ഗോളില്ലാ സമനിലയില്‍ അവസാനിപ്പിച്ചു. ഗോള്‍രഹതി സമനിലയിലൂടെ ഒരോ പോയന്‍റു് നേടിയ ബ്ലാസ്റ്റേഴ്സും നോര്‍ത്ത് ഈസ്റ്റും പോയന്‍റ് പട്ടികയില്‍ അക്കൗണ്ട് തുറന്നുവെന്ന ആശ്വാസം മാത്രം. മത്സരത്തിലുടനീളം ബ്ലാസ്റ്റേഴ്സ് ആറ് തവണ ഗോളിലേക്ക് ലക്ഷ്യം വെക്കുകയും മൂന്ന് തവണ ലക്ഷ്യത്തിലേക്ക് പന്തു പായിക്കുകയും ചെയ്തപ്പോള്‍ നോര്‍ത്ത് ഈസ്റ്റിന് ഒറ്റത്തവണ പോലും ലക്ഷ്യത്തിലേക്ക് പന്തു തൊടുക്കാനായില്ല.

ആക്രമണത്തിലും മുന്നേറ്റത്തിലും മികച്ച പ്രകടനം പുറത്തെടുത്തിട്ടുംഫിനിഷിംഗിലെ പോരായ്മയാണ് ബ്ലാസ്റ്റേഴ്സിനെ ചതിച്ചത്. ആദ്യ പകുതിയില്‍ ജോര്‍ജെ ഡയസും രണ്ടാം പകുതിയില്‍ സഹല്‍ അബ്ദുള്‍ സമദും നോര്‍ത്ത് ഈസ്റ്റ് ഗോള്‍ കീപ്പര്‍ സുഭാശിഷ് റോയ് മാത്രം മുന്നില്‍ നില്‍ക്കെ ലഭിച്ച അവസരങ്ങള്‍ പുറത്തേക്ക് അടിച്ചു കളഞ്ഞ് നഷ്ടമാക്കിയതാണ് ബ്ലാസ്റ്റേഴ്സിന്‍റെ ജയം നഷ്ടമാക്കിയത്..

ആദ്യ പകുതിതിയില്‍ തുടക്കം മുതല്‍ ബ്ലാസ്റ്റേഴ്സിന്‍റെ മുന്നേറ്റമായിരുന്നു കണ്ടത്. അഡ്രിയാന്‍ ലൂണയിലൂടെ ബ്ലാസ്റ്റേഴ്സ് നടത്തിയ മുന്നേറ്റങ്ങള്‍ തടഞ്ഞിടാന്‍ നോര്‍ത്ത് ഈസ്റ്റ് പ്രതിരോധം നന്നേ പാടുപെട്ടു. മറുവശത്ത് ഇടതു വിംഗില്‍ വി പി സുഹൈറായിരുന്നു നോര്‍ത്ത് ഈസ്റ്റിന്‍റെ ചാലകശക്തി. സുഹൈറിലൂടെ നോര്‍ത്ത് ഈസ്റ്റ് പലതവണ ബ്ലാസ്റ്റേഴ്സ് ബോക്സില്‍ പന്തെത്തിച്ചെങ്കിലും വലിയ അപകടം സൃഷ്ടിക്കാന്‍ അതിനായില്ല.

30-ാം മിനിറ്റില്‍ ലൂണയുടെ മനോഹരമായൊരു ക്രോസ് ബോക്സിനകത്തേക്ക് താണിറങ്ങിയെങ്കിലും തലവെച്ച ജോര്‍ജെ ഡയസിന് ലക്ഷ്യം കാണാനായില്ല. ആറ് മിനിറ്റിനകം ജോര്‍ജെ ഡയസിന് മത്സരത്തിലെ ഏറ്റവും അനയാസ അവസരം ലഭിച്ചു. ഇത്തവണയും ലൂണയുടെ തന്ത്രപരമായ നീക്കത്തില്‍ പന്ത് കാലിലെത്തിയ ഡയസ് ഗോള്‍ കീപ്പര്‍ സുഭാശിഷ് റോയ് മാത്രം മുന്നില്‍ നില്‍ക്കെ പന്ത് പുറത്തേക്കടിക്കുന്നത് അമ്പരപ്പോടെയാണ് ആരാധകര്‍ കണ്ടത്. പിന്നീട് ലൂണ പലതവണ നോര്‍ത്ത് ഈസ്റ്റ് പ്രതിരോധം പിളര്‍ന്ന് പാസുകള്‍ നല്‍കിയെങ്കിലും അതൊന്നും ഗോളാക്കി മാറ്റാന്‍ ബ്ലാസ്റ്റേഴ്സ് മുന്നേറ്റ നിരക്കായില്ല.

രണ്ടാം പകുതിയില്‍ നിരവധി അവസരങ്ങള്‍ ബ്ലാസ്റ്റേഴ്സ് തുറന്നെടുത്തു. തുടക്കത്തില്‍ തന്നെ വിന്‍സിയുടെ പാസില്‍ പന്ത് ഗോള്‍ പോസ്റ്റിലേക്ക് തിരിച്ചുവിടുന്ന ജോലി മാത്രമെ സഹലിന് ഉണ്ടായിരുന്നുള്ളു. എന്നാല്‍ ഇത്തവണ സഹലിന് പിഴച്ചു. ഗോള്‍ കീപ്പര്‍ മുന്നില്‍ നില്‍ക്കെ വലംകാല്‍ കൊണ്ട് സഹലെടുത്ത ഷോട്ട് ഗോള്‍ പോസ്റ്റിന് പുറത്തേക്ക് പോയി.

83ാം മിനിറ്റില്‍ നിഷുകുമാറിന്‍റെ പാസില്‍ നിന്ന് വാസ്ക്വസ് തൊടുത്ത ഹെഡ്ഡര്‍ നോര്‍ത്ത് ഈസ്റ്റ് ഗോള്‍ കീപ്പര്‍ അവിശ്വസനീയമായി തട്ടിയകറ്റി. അവസാന നിമിഷവും ഒരു ഗോള്‍ നേടാന്‍ ബ്ലാസ്റ്റേഴ്സ് കിണഞ്ഞു ശ്രമിച്ചെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു.

Latest Videos
Follow Us:
Download App:
  • android
  • ios