ISL 2021-22 : ഗില്ലാട്ടത്തിന് ബഹുമതി, പ്രഭ്‌സുഖന്‍ ഗില്ലിന് ഗോള്‍ഡന്‍ ഗ്ലൗ; ഒഗ്ബെച്ചെയ്‌ക്ക് ഗോള്‍ഡന്‍ ബൂട്ട്
സീസണിലെ ടോപ്‌സ്‌കോറര്‍ക്കുള്ള പുരസ്‌കാരം ഹൈദരാബാദ് എഫ്‌സിയുടെ നൈജീരിയന്‍ സ്ട്രൈക്കര്‍ ബെര്‍ത്തലോമ്യൂ ഒഗ്ബെച്ചെ നേടി
മഡ്‌ഗാവ്: ഐഎസ്എല്‍ സീസണിലെ (ISL 2021-22) മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള പുരസ്‌കാരം നേടി കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ (Kerala Blasters) പ്രഭ്‌സുഖന്‍ ഗിൽ (Prabhsukhan Singh Gill). 22 കളിയിൽ 7 ക്ലീന്‍ഷീറ്റുമായാണ് ഗില്‍ ഒന്നാമതെത്തിയത്. ഐഎസ്എല്ലില്‍ ഗോള്‍ഡന്‍ ഗ്ലൗ (Golden Glove) പുരസ്‌കാരം നേടുന്ന പ്രായം കുറഞ്ഞ താരമാണ് 21കാരനായ ഗിൽ. ഒന്നാം നമ്പര്‍ ഗോളി ആല്‍ബിനോ ഗോമസിന് (Albino Gomes) പരിക്കേറ്റതോടെയാണ് ഗിൽ ടീമിലെത്തിയത്.
സീസണിലെ ടോപ്‌സ്‌കോറര്‍ക്കുള്ള പുരസ്‌കാരം ഹൈദരാബാദ് എഫ്‌സിയുടെ നൈജീരിയന്‍ സ്ട്രൈക്കര്‍ ബെര്‍ത്തലോമ്യൂ ഒഗ്ബെച്ചെ നേടി. 20 കളിയിൽ 18 ഗോളുകള്‍ നേടിയാണ് ഒഗ്ബെച്ചെ ഒന്നാം സ്ഥാനത്തെത്തിയത്. സീസണിനിടെ ഐഎസ്എല്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരന്‍ എന്ന അംഗീകാരം ഒഗ്ബെച്ചെ നേടിയിരുന്നു. 10 ഗോള്‍ നേടിയ മുംബൈയുടെ ഇഗോര്‍ അംഗുലോയും ജംഷഡ്‌പൂരിന്‍റെ ഗ്രെഗ് സ്റ്റുവര്‍ട്ടുമാണ് തുടര്‍ന്നുള്ള രണ്ട് സ്ഥാനങ്ങളിലെത്തിയത്. എട്ട് ഗോള്‍ നേടിയ എടികെ മോഹന്‍ ബഗാന്‍റെ ലിസ്റ്റൺ കൊളാസോ ആണ് ഇന്ത്യന്‍ താരങ്ങളില്‍ ഒന്നാമന്‍
പൊരുതിവീണ് വീണ്ടും ബ്ലാസ്റ്റേഴ്‌സ്
ഐഎസ്എല്ലില്‍ 2014നും 2016നും പിന്നാലെ 2022ലെ ഫൈനലും കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിൽ ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തി ഹൈദരാബാദ് എഫ്‌സി കന്നിക്കിരീടം സ്വന്തമാക്കി. ഷൂട്ടൗട്ടിൽ ഒന്നിനെതിരെ 3 ഗോളിനാണ് ഹൈദരാബാദിന്‍റെ ജയം. 68-ാം മിനുറ്റില്‍ രാഹുല്‍ കെ പിയുടെ ഗോളിന് 88-ാം മിനുറ്റില്‍ സാഹില്‍ ടവോര മറുപടി നല്‍കിയതോടെയാണ് മത്സരം എക്‌സ്‌ട്രൈ ടൈമിലേക്കും ഷൂട്ടൗട്ടിലേക്കും നീങ്ങിയത്. കലാശപ്പോരില്‍ ഹിമാലയൻ സേവുകളുമായി പ്രഭ്‌സുഖൻ ഗിൽ തിളങ്ങിയിരുന്നു.