ISL 2021-22 : ജംഷെഡ്‌പൂരിന്‍റെ ഉരുക്കുകോട്ട പൊളിക്കാന്‍ കൊമ്പന്‍മാര്‍; ജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സിന് നേട്ടം
അൽവാരോ വാസ്ക്വേസ്, അഡ്രിയൻ ലൂണ, ഹോർജെ പെരേര ഡിയാസ് ത്രയത്തിന്‍റെ മികവുതന്നെയാവും ജംഷെഡ്‌പൂരിനെതിരെയും നിർണായകമാവുക
പനാജി: ഐഎസ്എല്ലിൽ (ISL 2021-22) കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) ഇന്ന് പതിനാലാം റൗണ്ട് പോരാട്ടത്തിനിറങ്ങും. ജംഷെഡ്‌പൂർ എഫ്‌സിയാണ് (Jamshedpur FC) എതിരാളികൾ. ഗോവയില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക.
'ബ്ലാസ്റ്റേഴ്സിനെ പേടിക്കണം, അവർക്ക് നല്ലൊരു കോച്ചുണ്ട്, ഒരുപിടി മികച്ച കളിക്കാരും'... സൂപ്പര്‍ പോരാട്ടത്തിന് മുമ്പ് ജംഷെഡ്‌പൂർ എഫ്‌സി കോച്ച് ഓവൻ കോയലിന്‍റെ ഈ വാക്കുകളിലുണ്ട് കേരള ബ്ലാസ്റ്റേഴ്സിന്‍റെ കരുത്തും മികവും. സീസണിൽ രണ്ട് കളിയിൽ മാത്രം തോൽവിയറിഞ്ഞ ബ്ലാസ്റ്റേഴ്സ് അവസാന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോൽപിച്ച ആത്മവിശ്വാസത്തിലാണ് ഇറങ്ങുന്നത്. 13 കളിയിൽ 23 പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. ലീഡുയർത്തി പ്ലേ ഓഫ് ഉറപ്പിക്കുകയാണ് ബ്ലാസ്റ്റേഴ്സിന്‍റെ ലക്ഷ്യം.
അൽവാരോ വാസ്ക്വേസ്, അഡ്രിയൻ ലൂണ, ഹോർജെ പെരേര ഡിയാസ് ത്രയത്തിന്‍റെ മികവുതന്നെയാവും ജംഷെഡ്‌പൂരിനെതിരെയും നിർണായകമാവുക. എതിരാളികളുടെ കരുത്തും ദൗർബല്യവും മനസിലാക്കിയുള്ള വുകോമനോവിച്ചിന്റെ തന്ത്രങ്ങളിലേക്കാണ് ആരാധകർ ഉറ്റുനോക്കുന്നത്.
അതേസമയം ജംഷെഡ്‌പൂരിന്‍റെ മലയാളി ഗോൾകീപ്പർ ടി പി രഹനേഷായിരിക്കും ബ്ലാസ്റ്റേഴ്സിന്‍റെ പ്രധാന വെല്ലുവിളി. അവസാന മത്സരത്തില്‍ ബെംഗളൂരു എഫ്‌സിയോട് 1-3ന് തോറ്റതിന്‍റെ ക്ഷീണം തീർക്കാനുണ്ട് ജംഷെഡ്‌പൂരിന്. 22 പോയിന്‍റുണ്ടെങ്കിലും അഞ്ചാം സ്ഥാനത്താണിപ്പോൾ ജംഷെഡ്‌പൂര്‍ എഫ്‌സി. ബ്ലാസ്റ്റേഴ്സിനെ കീഴടക്കിയാൽ ജംഷെഡ്പൂരിന് രണ്ടാം സ്ഥാനത്തേക്കുയരാം. ആദ്യപാദത്തിൽ ഏറ്റുമുട്ടിയപ്പോൾ ഇരുടീമും ഓരോ ഗോൾ വീതം നേടി സമനില പാലിക്കുകയായിരുന്നു.
ISL 2021-22: ഓര്‍ട്ടിസിന്‍റെ ഹാട്രിക്കില്‍ ചെന്നൈയിനെ പഞ്ചറാക്കി ഗോവ, ജയം എതിരില്ലാത്ത അഞ്ച് ഗോളിന്