ISL 2021-22:കൊവിഡ് ആശങ്ക തുടരുന്നു, ഇന്നത്തെ മത്സരവും മാറ്റി; ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്ത് തുടരും

ജംഷഡ്‌പൂര്‍-ഹൈദരാബാദ് എഫ് സി മത്സരം മാറ്റിയതോടെ കേരളാ ബ്ലാസ്റ്റേഴ്സ് തന്നെ 20 പോയന്‍റുമായി പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഇന്ന് ജയിച്ചിരുന്നെങ്കില്‍ 19 പോയന്‍റുള്ള ജംഷഡ്പൂരിനും 17 പോയന്‍റുള്ള ഹൈദരാബാദിനും ഒന്നാം സ്ഥാനത്തെത്താന്‍ അവസരമുണ്ടായിരുന്നു

ISL 2021-22: Hyderabad FC vs Jamshedpur FC Match Postponed

ബംബോലിം: ഐഎസ്എല്ലില്‍(ISL 2021-22:) ടീമുകളുടെ ബയോ ബബ്ബിളില്‍ കളിക്കാര്‍ക്കിടയില്‍ കൊവിഡ്(Covid-19)പടരുന്നതിനിടെ ഇന്ന് നടക്കേണ്ട ജംഷഡ്‌പൂര്‍ എഫ് സി ഹൈദരാബാദ് എഫ് സി (Hyderabad FC vs Jamshedpur FC) മത്സരവും മാറ്റിവെച്ചു. ബംബോലിമിലെ അത്‌ലറ്റിക് സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന മത്സരം തുടങ്ങാന്‍ മണിക്കൂര്‍ മാത്രം ബാക്കിയിരിക്കെയായായിരുന്നു മാറ്റിവെച്ചത്.

കളിക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതുമൂലം ഗ്രൗണ്ടിലിറങ്ങാനാവില്ലെന്ന് ജംഷഡ്പൂര്‍ എഫ്‌സി വ്യക്തമാക്കിയതോടെയാണ് അവസാന നിമിഷം മത്സരം മാറ്റിയത്. മത്സരം മറ്റൊരു ദിവസം നടത്തുമെന്ന് ഐഎസ്എല്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. കൊവിഡ് ആശങ്കയെത്തുടര്‍ന്ന് ഇന്നലെ നടക്കേണ്ടിയിരുന്ന കേരളാ ബ്ലാസ്റ്റേഴ്സ്-മുംബൈ സിറ്റി എഫ് സി മത്സരവും അവസാന മണിക്കൂറില്‍ മാറ്റിവെച്ചിരുന്നു.

ഐഎസ്എല്‍ ബയോ ബബ്ബിളില്‍ കൊവിഡ് രോഗ ബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഈ സീസണില്‍ ഇതുവരെ നാലു മത്സരങ്ങളാണ് മാറ്റിവെച്ചത്. ജംഷഡ്പൂര്‍ എഫ് സി കളിക്കാര്‍ക്ക് പുറമെ എടികെ മോഹന്‍ ബഗാന്‍, എഫ് സി ഗോവ, ബെംഗലൂരു എഫ്‌സി, ഒഡീഷ എഫ് സി താരങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. താമസിക്കുന്ന ഹോട്ടലില്‍ കൊവിഡ് രോഗബാധ ഉണ്ടായതിനെത്തുടര്‍ന്ന് ഈസ്റ്റ് ബംഗാള്‍ താരങ്ങല്‍ നിലവില്‍ ഐസൊലേഷനില്‍ കഴിയുകയാണ്.

ജംഷഡ്‌പൂര്‍-ഹൈദരാബാദ് എഫ് സി മത്സരം മാറ്റിയതോടെ കേരളാ ബ്ലാസ്റ്റേഴ്സ് തന്നെ 20 പോയന്‍റുമായി പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഇന്ന് ജയിച്ചിരുന്നെങ്കില്‍ 19 പോയന്‍റുള്ള ജംഷഡ്പൂരിനും 17 പോയന്‍റുള്ള ഹൈദരാബാദിനും ഒന്നാം സ്ഥാനത്തെത്താന്‍ അവസരമുണ്ടായിരുന്നു

Latest Videos
Follow Us:
Download App:
  • android
  • ios