ISL 2021-22: ആവേശപ്പോരില്‍ ഒഡീഷയെ വീഴ്ത്തി ഒന്നാം സ്ഥാനം ഉറപ്പിച്ച് ഹൈദരാബാദ്
ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ജെറി മാവിങ്താങയുടെ ഗോളില്‍ മുന്നിലെത്തിയ ഒഡിഷയെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ ജോയല്‍ ചിയാന്‍സെയുടെ ഗോളിലാണ് ഹൈദരാബാദ് സമനിലയില്‍ പിടിച്ചത്.
ഫറ്റോര്‍ദ: ഐഎസ്എല്ലിലെ(ISL 2021-22) ആവേശപ്പോരാട്ടത്തില്‍ ഒഡിഷ എഫ്‌സിയെ(Odisha FC) രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മറികടന്ന് ഒന്നാം സ്ഥാനം ഉറപ്പിച്ച് ഹൈദരാബാദ് എഫ് സി(Hyderabad FC). ആദ്യ പകുതിയില്‍ ഒഡിഷ ഒരു ഗോളിന് മുന്നിലായിരുന്നു. ജയത്തോടെ ഹൈദരാബാദ് 13 കളികളില്‍ 23 പോയന്‍റുമായി ഒന്നാം സ്ഥാനം സുരക്ഷിതമാക്കിയപ്പോള്‍ ജയിച്ചിരുന്നെങ്കില്‍ ആദ്യ മുന്നിലെത്താമായിരുന്ന ഒഡിഷ 17 പോയന്‍റുമായി ഏഴാം സ്ഥാനത്ത് തുടരുന്നു.
ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ജെറി മാവിങ്താങയുടെ ഗോളില്‍ മുന്നിലെത്തിയ ഒഡിഷയെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ ജോയല്‍ ചിയാന്‍സെയുടെ ഗോളിലാണ് ഹൈദരാബാദ് സമനിലയില്‍ പിടിച്ചത്.
എഴുപതാം മിനിറ്റില്‍ ജാവോ വിക്ടര്‍ ഹൈദരാബാദിന് ലീഡ് സമ്മാനിച്ച് രണ്ടാം ഗോള്‍ നേടി. തൊട്ടുപിന്നാലെ ആകാശ് മിശ്ര ഹൈദരാബാദിന്‍റെ വിജയമുറപ്പിച്ച് മൂന്നാം ഗോളും ഒഡിഷ വലയിലെത്തിച്ചു. എന്നാല്‍ 84-ാം മിനിറ്റില്‍ ജോനാഥാസ് ജീസസിലൂടെ ഒറു ഗോള്‍ കൂടി മടക്കി ഒഡിഷ മത്സരം ആവേശകരമാക്കിയെങ്കിലും സമനില ഗോള്‍ മാത്രം കണ്ടെത്താന്‍ അവര്‍ക്കായില്ല.
കളിയുടെ തുടക്കത്തില്‍ ഒഡിഷക്കായിരുന്നു ആക്രമണത്തിലും പന്തടക്കത്തിലും മുന്‍തൂക്കം. എന്നാല്‍ പതുക്കെ കളം പിടിച്ച ഹൈദരാബാദ് പലപ്പോഴും ഒഡിഷ ഗോള്‍മുഖം വിറപ്പിച്ചു. ജോയല്‍ ചിയാന്‍സെക്കും ബര്‍തൊലമ്യൂ ഒഗ്ബെച്ചെക്കും ഗോളവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. കളിയുടെ ഗതിക്ക് വിപരീതമായി 45-ാം മിനിറ്റില്‍ ജെറി ഒഡിഷയെ മുന്നിലെത്തിച്ചു. നന്ദകുമാര്‍ ശേഖറിന്‍റെ പാസില്‍ നിന്നായിരുന്നു ജെറിയുടെ ഗോള്‍. എന്നാല്‍ രണ്ടാം പകുതി പൂര്‍ണമായും ഹൈദരാബാദിന് അവകാശപ്പെട്ടതായിരുന്നു.
ആകാശ് മിശ്രയുടെ പാസില്‍ നിന്ന് ചിയാന്‍സെ 51-ാം മിനിറ്റില്‍ തന്നെ ഹൈദരാബാദിന് സമനില ഗോള്‍ സമ്മാമനിച്ചു. 70ാം മിനിറ്റില്‍ നായകന്‍ ജോവോ വിക്ടറിന്‍റെ ഒറ്റക്കുള്ള മുന്നേറ്റം ഹൈദരാബാദിന് ലീഡ് സമ്മാനിക്കുകയും ചെയ്തു. മൂന്ന് മിനിറ്റിനകം യാസിര്‍ മൊഹമ്മദിന്‍റെ ഫ്രീ കിക്കില്‍ നിന്ന് ആകാശ് മിശ്ര ഹൈദരാബാദിന്‍റെ ലീഡുയര്‍ത്തി. 84-ാം മിനിറ്റില്‍ റെഡീം തലാങിന്‍റെ പാസില്‍ നിന്ന് പകരക്കാരനായി ഇറങ്ങിയ ജൊനാഥാസ് ഒരു ഗോള്‍ കൂടി മടക്കി ഒഡിഷയുടെ തോല്‍വിഭാരം കുറച്ചു.