ISL| ആവേശപ്പോരില്‍ നോര്‍ത്ത് ഈസ്റ്റിനെ വീഴ്ത്തി ബെഗലൂരു
പതിനാലാം മിനിറ്റില്‍ ക്ലൈറ്റന്‍ സില്‍വയുടെ ഗോളില്‍ മുന്നിലെത്തിയ ബെംഗലൂരുവിനെ പതിനേഴാം മിനിറ്റില്‍ ഡെഷോണ്‍ ബ്രൗണിലൂടെ നോര്‍ത്ത് ഈസ്റ്റ് സമനിലയില്‍ പിടിച്ചു. എന്നാല്‍ അഞ്ച് മിനിറ്റിനകം മഷൂര്‍ ഷെരീഫിന്‍റെ സെല്‍ഫ് ഗോള്‍ നോര്‍ത്ത് ഈസ്റ്റിനെ വീണ്ടും പിന്നിലാക്കി
മഡ്‌ഗാവ്: ഐഎസ്എല്ലിലെ(ISL) ആവേശ പോരാട്ടത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ (NorthEast United)വീഴ്ത്തി വിജയത്തുടക്കമിട്ട് ബെംഗലൂരു എഫ്‌സി(Bengaluru FC ). രണ്ടിനെതിരെ നാലു ഗോളുകള്‍ക്കായിരുന്നു ബെംഗലൂരുവിന്‍റെ ജയം.
പതിനാലാം മിനിറ്റില്‍ ക്ലൈറ്റന്‍ സില്‍വയുടെ ഗോളില്‍ മുന്നിലെത്തിയ ബെംഗലൂരുവിനെ പതിനേഴാം മിനിറ്റില്‍ ഡെഷോണ്‍ ബ്രൗണിലൂടെ നോര്‍ത്ത് ഈസ്റ്റ് സമനിലയില്‍ പിടിച്ചു. എന്നാല്‍ അഞ്ച് മിനിറ്റിനകം മഷൂര്‍ ഷെരീഫിന്‍റെ സെല്‍ഫ് ഗോള്‍ നോര്‍ത്ത് ഈസ്റ്റിനെ വീണ്ടും പിന്നിലാക്കി. മൂന്ന് മിനിറ്റിനകം മത്തിയാസ് കൊറേയര്‍ കടം വീട്ടി നോര്‍ത്ത് ഈസ്റ്റിനെ ഒപ്പമെത്തിച്ചെങ്കിലും 42-ാം മിനിറ്റില്‍ ജയേഷ് റാണയുടെ ഗോള്‍ ബെംഗലൂരുവിനെ വീണ്ടും മുന്നിലെത്തിച്ചു.
ആദ്യം ഗോളടിച്ചത് ബെംഗലൂരു ആയിരുന്നെങ്കിലും ആദ്യ നിമിഷം മുതല്‍ ആക്രമിച്ചു കളിച്ചത് നോര്‍ത്ത് ഈസ്റ്റായിരുന്നു. ആദ്യ മിനിറ്റില്‍ തന്നെ ഡെഷോണ്‍ ബ്രൗണ്‍ അവരെ മുന്നിലെത്തിക്കേണ്ടതായിരുന്നു. ബ്രൗണിന്‍റെ ഷോട്ട് നേരിയ വ്യത്യാസത്തില്‍ പുറത്തുപോയി. തുടക്കത്തില്‍ നോര്‍ത്ത് ഈസ്റ്റ് ആക്രമണത്തില്‍ ബെംഗലൂരു പ്രതിരോധം ആടിയുലഞ്ഞു. കളിയുടെ ഗതിക്ക് എതിരായി പതിനാലാം മിനിറ്റില്‍ ഉദാന്ത നല്‍കിയ പാസില്‍ നിന്ന് ക്ലൈയ്റ്റണ്‍ സില്‍വ ബെംഗലൂരുവിനെ മുന്നിലെത്തിച്ചു. എന്നാല്‍ ഗോള്‍ വീണതിന് പിന്നാലെ നടത്തിയ കൗണ്ടര്‍ അറ്റാക്കില്‍ ബ്രൗണ്‍ നോര്‍ത്ത് ഈസ്റ്റിന് സമനില സമ്മാനിച്ചു.
22-ാം മിനിറ്റില്‍ ആഷിഖ് കുരുണിയന്‍റെ ഷോട്ട് തടയാനുള്ള ശ്രമത്തില്‍ മഷൂര്‍ ഷെരീഫ് സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെ ബെംഗലൂരു വീണ്ടും മുന്നിലെത്തി. എന്നാല്‍ നാലു മിനിറ്റിനകം വി പി സുഹൈറിന്‍റെ പാസില്‍ നിന്ന് കൊറേയര്‍ നോര്‍ത്ത് ഈസ്റ്റിന് സമനില സമ്മാനിച്ചു. സമനില ഗോള്‍ വീണതോടെ ആക്രമണം കനപ്പിച്ച നോര്‍ത്ത് ഈസ്റ്റ് ഏതു നിമിഷവും ഗോളടിക്കുമെന്ന് തോന്നിച്ചു. വീണ്ടും കളിയുടെ ഗതിക്ക് എതിരായി 42-ാം മിനിറ്റില്‍ ജയേഷ് റാണ ബെംഗലൂരുവിനെ മുന്നിലെത്തിച്ചു.
ആദ്യ പകുതിയിലെ ആവേശം രണ്ടാം പകുതിയിലും തുടര്‍ന്നതോടെ മത്സരം ആവേശകരമായി. നോര്‍ത്ത് ഈസ്റ്റ് സമനിലഗോളിനായി കിണഞ്ഞു ശ്രമിക്കുന്നതിനിടെ നോര്‍ത്ത് ഈസ്റ്റിന്‍റെ പ്രതിരോധപ്പിഴവില്‍ നിന്ന് പ്രിന്‍സ് ഇബ്ര ബെംഗലൂരുവിന്‍റെ വിജയം ഉറപ്പിച്ച നാലാം ഗോളും നേടി. ഗോള്‍വീണതിന് പിന്നാലെ നടത്തിയ പ്രത്യാക്രമണത്തില്‍ നോര്‍ത്ത് ഈസ്റ്റ് ഗോളിന് അടുത്തെത്തിയെങ്കിലും ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിംഗ് സന്ധു ബെംഗലൂരുവിന്‍റെ രക്ഷകനായി.