ISL 2021-22 : ഐഎസ്എല്‍; മഞ്ഞക്കടലിലേക്ക് ആര്? കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ എതിരാളികളെ ഇന്നറിയാം
ആദ്യപാദത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളിന് ജയിച്ചതിന്‍റെ വ്യക്തമായ മുന്‍തൂക്കം ഹൈദരാബാദ് എഫ്‌സിക്കുണ്ട്
പനാജി: ഐഎസ്എല്‍ (ISL 2021-22) കിരീടപ്പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ (Kerala Blasters) എതിരാളികൾ ആരെന്ന് ഇന്നറിയാം. രണ്ടാം സെമിയുടെ രണ്ടാംപാദത്തിൽ ഹൈദരാബാദ് എഫ്‌സി (Hyderabad FC) വൈകിട്ട് ഏഴരയ്ക്ക് എടികെ മോഹന്‍ ബഗാനെ (ATK Mohun Bagan) നേരിടും. ഗോവയിലാണ് മത്സരം.
ആദ്യപാദത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളിന് ജയിച്ചതിന്‍റെ വ്യക്തമായ മുന്‍തൂക്കം ഹൈദരാബാദ് എഫ്‌സിക്കുണ്ട്. തുടക്കത്തില്‍ ലീഡ് നേടിയ ശേഷമായിരുന്നു എടികെ മോഹന്‍ ബഗാന്‍റെ തോല്‍വി. എടികെയ്‌ക്കായി റോയ് കൃഷ്‌ണ 18-ാം മിനുറ്റില്‍ ഗോള്‍ നേടിയപ്പോള്‍ ബര്‍ത്തലോമ്യൂ ഒഗ്‌ബെച്ചെ(45+3), മുഹമ്മദ് യാസിര്‍(58), ജാവിയര്‍ സിവേരിയോ(64) എന്നിവര്‍ ഹൈദരാബാദിനായി ഗോളുകള്‍ മടക്കി. ലീഗ് ഘട്ടത്തില്‍ ഹൈദരാബാദ് രണ്ടും എടികെ മോഹന്‍ ബഗാന്‍ മൂന്നും സ്ഥാനക്കാരായിരുന്നു.
മഞ്ഞക്കടലിളകി
സെമിയിൽ ജംഷഡ്‌പൂര്‍ എഫ്‌സിയെ ഇരുപാദങ്ങളിലുമായി ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപിക്കുകയായിരുന്നു മഞ്ഞപ്പട. ബ്ലാസ്റ്റേഴ്സ് ഫൈനലിൽ ഞായറാഴ്ച എടികെ മോഹന്‍ ബഗാന്‍- ഹൈദരാബാദ് എഫ്‌സി രണ്ടാം സെമി വിജയികളെ നേരിടും. 2016ന് ശേഷം ആദ്യമായിട്ടാണ് ബ്ലാസ്റ്റേഴ്‌സ് ഫൈനലിലെത്തുന്നത്.
തിലക് മൈതാനിയിലെ രണ്ടാംപാദത്തില്‍ ഇരുവരും ഓരോ ഗോള്‍ നേടി പിരിഞ്ഞെങ്കിലും ആദ്യപാദത്തിലെ 1-0ത്തിന്‍റെ വിജയം ബ്ലാസ്റ്റേഴ്‌സിനെ ഫൈനലിലെത്തിക്കുകയായിരുന്നു. ഇരുപാദങ്ങളിലുമായി സ്‌കോര്‍ 2-1. രണ്ടാംപാദത്തില്‍ അഡ്രിയാന്‍ ലൂണയാണ് ബ്ലാസ്‌റ്റേഴ്‌സിന്‍റെ ഗോള്‍ നേടിയത്. പ്രണോയ് ഹാള്‍ഡര്‍ ജംഷഡ്‌പൂരിനായി ഗോള്‍ മടക്കി. ആദ്യപാദ സെമിയില്‍ 38-ാം മിനുറ്റില്‍ അല്‍വാരോ വാസ്‌ക്വേസിന്‍റെ അസിസ്റ്റില്‍ സഹല്‍ അബ്‌ദുല്‍ സമദ് നേടിയ ഗോളില്‍ ബ്ലാസ്റ്റേഴ്സ് 1-0ന് ജയിച്ചിരുന്നു.
ISL 2021-22 : കീഴടങ്ങില്ല! വീണ്ടും ജംഷഡ്പൂരിന്റെ വെല്ലുവിളി മറികടന്നു; കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍