ISL 2021-22: ഹൈദരാബാദിനെ വീഴ്ത്തി എടികെ ആദ്യ നാലില്‍
ജയത്തോടെ 13 മത്സരങ്ങളില്‍ 23 പോയന്‍റുമായി എടികെ നാലാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ തോറ്റെങ്കിലും 15 മത്സരങ്ങളില്‍ 26 പോയന്‍റുമായി ഹൈദരാബാദ് ഒന്നാം സ്ഥാനത്ത് തുടരുന്നു.
ബംബോലിം: ഐഎസ്എല്ലില്‍(ISL 2021-22) ഒന്നാം സ്ഥാനക്കാരായ ഹൈദരാബാദ് എഫ് സിയെ(Hyderabad FC) ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തി എടികെ മോഹന്‍ ബഗാന്‍(ATK Mohun Bagan) പോയന്‍റ് പട്ടികയില്‍ ആദ്യ നാലില്‍ തിരിച്ചെത്തി. ഗോള്‍രഹിതമായ ആദ്യ പകുതിക്കുശേഷം രണ്ടാം പകുതിയിലായിരുന്നു മൂന്ന് ഗോളുകളും. ലിസ്റ്റണ്‍ കൊളാക്കോയും(Liston Colaco) മന്‍വീര്‍ സിംഗും(Manvir Singh) എടികെക്കായി ഗോളുകള്‍ നേടിയപ്പോള്‍ ജോയല്‍ ചിയാന്‍സെയുടെ(Joel Chianese) വകയായിരുന്നു ഹൈദരാബാദിന്‍റെ ആശ്വാസഗോള്‍.
ജയത്തോടെ 13 മത്സരങ്ങളില്‍ 23 പോയന്‍റുമായി എടികെ നാലാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ തോറ്റെങ്കിലും 15 മത്സരങ്ങളില്‍ 26 പോയന്‍റുമായി ഹൈദരാബാദ് ഒന്നാം സ്ഥാനത്ത് തുടരുന്നു. രണ്ടും മൂന്നും നാലും സ്ഥാനത്തുള്ള കേരളാ ബ്ലാസ്റ്റേഴ്സിനും ബെംഗലൂരു എഫ് സിക്കും എടികെക്കും 23 പോയന്‍റ് വീതമാണെങ്കിലും ബ്ലാസ്റ്റേഴ്സും എടികെയും ബെംഗലൂരുവിനെക്കാള്‍ രണ്ട് മത്സരം കുറച്ചെ കളിച്ചിട്ടുള്ളു എന്ന ആനുകൂല്യമുണ്ട്.
തുടര്‍ച്ചയായ നാലാം ജയം തേടിയിറങ്ങിയ ഹൈദരാബാദിനെ ആദ്യ പകുതിയില്‍ എടികെ ഗോളടിക്കാന്‍ അനുവദിക്കാതെ വരിഞ്ഞുകെട്ടി. എന്നാല്‍ രണ്ടാം പകുതിയുടെ 56-ാം മിനിറ്റില്‍ ലിസ്റ്റണ്‍ കൊളാക്കോയിലൂടെ മുന്നിലെത്തിയ എടികെ മൂന്ന് മിനിറ്റിനകം മന്‍വീര്‍ സിംഗിലൂടെ ലീഡുയര്‍ത്തി. 67-ാം മിനിറ്റില്‍ ജോയല്‍ ചിയാന്‍സെയിലൂടെ ഒരു ഗോള്‍ മടക്കിയെങ്കിലും സമനില ഗോളിനായുള്ള ഹൈദരാബാദിന്‍റെ ശ്രമങ്ങള്‍ എടികെ പ്രതിരോധത്തില്‍ തട്ടിത്തകര്‍ന്നു.
രണ്ടാം പകുതിയില്‍ 85-ാം മിനിറ്റില്‍ രണ്ടാം ഗോള്‍ നേടാന്‍ ലഭിച്ച സുവര്‍ണാവസരം ലിസ്റ്റണ്‍ കൊളാക്കോ നഷ്ടമാക്കിയില്ലായിരുന്നെങ്കില്‍ എടികെയുടെ വിജയം കൂടുതല്‍ ആധികാരികമാവുമായിരുന്നു. 77ാം മിനിറ്റില്‍ എടികെ ഗോളി അമ്രീന്ദര്‍ സിംഗ് മാത്രം മുന്നില്‍ നില്‍ക്കെ ലഭിച്ച സുവര്‍ണാവസരം ഹൈദരാബാദിന്‍റെ രോഹിത് ദാനു നഷ്ടമാക്കിയത് അവര്‍ക്ക് തിരിച്ചടിയായി.