നാടകീയ നിമിഷങ്ങള്‍ക്കൊടുവില്‍ ഇറാന് ജയം, രണ്ട് ഗോളുകളും ഇഞ്ചുറി സമയത്ത്; വെയ്ല്‍സിന് തിരിച്ചടി

സമനിലയിലേക്ക് നീങ്ങുമെന്ന് കരുതിയ മത്സരത്തിന്റെ ഇഞ്ചുറി സമയത്ത് നേടിയ രണ്ട് ഗോളിനാണ് ഇറാന്‍ ജയിച്ചത്. റൗസ്‌ബെ ചെഷ്മി, റമിന്‍ റസായേന്‍ എന്നിവരാണ് ഇറാന്റെ ഗോളുകള്‍ നേടിയത്.

Iran won over Wales by two goal and  full time report

ദോഹ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് ബിയില്‍ വെയ്ല്‍സിനെതിരെ ത്രസിപ്പിക്കുന്ന ജയവുമായി ഇറാന്‍. സമനിലയിലേക്ക് നീങ്ങുമെന്ന് കരുതിയ മത്സരത്തിന്റെ ഇഞ്ചുറി സമയത്ത് നേടിയ രണ്ട് ഗോളിനാണ് ഇറാന്‍ ജയിച്ചത്. റൗസ്‌ബെ ചെഷ്മി, റമിന്‍ റസായേന്‍ എന്നിവരാണ് ഇറാന്റെ ഗോളുകള്‍ നേടിയത്. ഇംഗ്ലണ്ടിനെതിരെ കളിച്ച ഇറാനെ അല്ലായിരുന്നു ഇന്ന് കണ്ടത്. ആക്രമണ ഫുട്‌ബോള്‍ പുറത്തെടുത്ത ടീം പലപ്പോഴും വെയ്ല്‍സ് ഗോള്‍മുഖം വിറപ്പിച്ചു. ഇംഗ്ലണ്ടും യുഎസ്എയുമാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. വെയ്ല്‍സ് ആദ്യ മത്സരത്തില്‍ യുഎസിനോട് സമനില പാലിച്ചിരുന്നു. ഇറാന്‍ 6-2ന് ഇംഗ്ലണ്ടിനോട് തകര്‍ന്ന് വീഴുകയായിരുന്നു.

ഏഴാം മിനിറ്റിലാണ് ഇറാന്‍ ആദ്യ ആക്രമണം നടത്തിയത്. സര്‍ദാര്‍ അസമോന്റെ ഷോട്ട് വെയ്ല്‍സ് ഗോള്‍കീപ്പര്‍ അനായാസം കയ്യിലൊതുക്കി. മറുവശത്ത് ഒമ്പതാം മിനിറ്റില്‍ ഗരെത് ബെയ്‌ലിനെ ലക്ഷ്യമാക്കി ആരോണ്‍ റംസി നല്‍കിയ ക്രോസ് ഇറാന്‍ പ്രതിരോധം ക്ലിയര്‍ ചെയ്തു. 12-ാം മിനിറ്റില്‍ കീഫര്‍ മൂറെയുടെ ശക്തമായ ഷോട്ട് ഇറാനിയന്‍ ഗോള്‍ കീപ്പര്‍ തട്ടിയകറ്റി. 

17-ാം മിനിറ്റില്‍ ഇറാന്റെ ഗോള്‍ വാര്‍ നിഷേധിച്ചു. ഖൊലിസദേഹാണ് ഗോള്‍ നേടിയിരുന്നത്. എന്നാല്‍ അദ്ദേഹം വെയ്ല്‍സ് പ്രതിരോധ താരത്തെ മറികടന്നായിരുന്നു നിന്നിരുന്നത്. 30-ാം മിനിറ്റില്‍ ബെയ്‌ലിന്റെ വോളി ഇറാനിയന്‍ ഗോള്‍ കീപ്പര്‍ അനായാസം കയ്യിലൊതുക്കി. മൂറെയാണ് ക്രോസ് നല്‍കിയിരുന്നത്. എന്നാല്‍ പന്തില്‍ കൃത്യമായ കണക്റ്റ് ചെയ്യാന്‍ ബെയ്‌ലിന് സാധിച്ചില്ല. ഇതോടെ ആദ്യ പകുതിക്ക് അവസാനമായി.

52-ാം മിനിറ്റില്‍ ഇറാന് ലീഡ് നേടാന്‍ സുവര്‍ണാവസരം. എന്നാല്‍ ഖോലിസദേഹിന്റെ ഷോട്ട് പോസ്റ്റില്‍ തട്ടിത്തെറിച്ചു. 85-ാം മിനിറ്റില്‍ വെയ്ല്‍സ് ഗോള്‍ കീപ്പര്‍ വെയ്ന്‍ ഹെന്നസിക്ക് ചുവപ്പ് കാര്‍ഡ്. ബോക്‌സിന് പുറത്തുവച്ച് തരേമിയെ ഫോള്‍ ചെയ്തതിനാണ് താരത്തിന് കാര്‍ഡ് ലഭിക്കുന്നത്. പിന്നാലെ ഇറാന്‍ ആക്രമണം ശക്തമാക്കി. 

അതിന്റെ ഫലമാണ് ഇഞ്ചുറി സമയത്ത് ടീമിന് ലഭിച്ചത്. ഇഞ്ചുറി സമയവും അവസാനിക്കാന്‍ സമയത്തായിരുന്നു ചെഷ്മിയുടെ ഗോള്‍. ബോക്‌സിന് പുറത്തുനിന്നുള്ള ഷോട്ട് വെയ്ല്‍സ് ഗോള്‍കീപ്പര്‍ക്ക് ഒരവസരവും നല്‍കിയില്ല. മൂന്ന് മിനിറ്റുകള്‍ക്ക് ശേഷം റസായേന്‍ രണ്ടാം ഗോളം നേടി. പിന്നാലെ അവസാന വിസിലും മുഴങ്ങി. ഇതോടെ ഇറാന്‍ പോയിന്റ് പട്ടികയില്‍ ഇംഗ്ലണ്ടിന് പിന്നില്‍ രണ്ടാമതെത്തി. വെയ്ല്‍സിന്റെ സാധ്യതകള്‍ മങ്ങുകയും ചെയ്തു.
 

Latest Videos
Follow Us:
Download App:
  • android
  • ios