മൈതാനം രാഷ്‌ട്രീയമാകുന്ന ഫിഫ ലോകകപ്പുകള്‍; ഖത്തറിലും പന്ത് മനുഷ്യനായി അവതരിക്കുമോ?
റഷ്യൻ അധിനിവേശം ഖത്തറിൽ പ്രതിഫലിക്കുന്നത് പല തരത്തിലാണ്. ആതിഥ്യമരുളിയ കഴിഞ്ഞ ലോകകപ്പിൽ ഞെട്ടിക്കുന്ന പ്രകടനമായിരുന്നു റഷ്യ നടത്തിയത്.
ദോഹ: ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ ഖത്തറിൽ നടക്കാനിരിക്കുന്നത് ലോകം സവിശേഷമായ രാഷ്ട്രീയ സാഹചര്യങ്ങൾ പലതും കണ്ടിരിക്കുമ്പോഴാണ്. അധികാര രാഷ്ട്രീയവും ലിംഗരാഷ്ട്രീയവും സാംസ്കാരിക രാഷ്ട്രീയവും അതിർത്തിരാഷ്ട്രീയവും സാമ്പത്തികരാഷ്ട്രീയവും എല്ലാം ചർച്ച ചെയ്യപ്പെടുന്ന വേദി കൂടിയാവുകയാണ് ഖത്തർ. യുദ്ധവും പ്രതിരോധവും ദാരിദ്ര്യവും അരക്ഷിതാവസ്ഥയും ഒക്കെച്ചേർന്ന് വരിഞ്ഞുമുറുക്കിയ ലോകത്തിന്‍റെ പ്രതിസന്ധികൾ കൂടിയാണ് ഖത്തർ മൈതാനങ്ങളിൽ നിന്നുയരുന്ന ആരവങ്ങളിൽ പ്രതിഫലിക്കുക പല വിംഗുകളിൽ നിന്ന് പുറപ്പെട്ടാലും ആരെല്ലാം അതിനോട് ഐക്യപ്പെടും. അധികാര പ്രമത്തത ഊട്ടിയുറപ്പിക്കുന്ന ഫൗൾ കിക്കുകൾക്ക് ആരെല്ലാം കച്ചമുറുക്കും. ഖത്തർ ഉയർത്തുന്ന ചോദ്യങ്ങൾ നിരവധിയാണ്.
റഷ്യയുടെ ചോരക്കൊതിയും യുക്രൈന്‍റെ പോരാട്ടവീര്യവും ഖത്തറിലെ പ്രതിഫലനങ്ങളും
റഷ്യൻ അധിനിവേശം ഖത്തറിൽ പ്രതിഫലിക്കുന്നത് പല തരത്തിലാണ്. ആതിഥ്യമരുളിയ കഴിഞ്ഞ ലോകകപ്പിൽ ഞെട്ടിക്കുന്ന പ്രകടനമായിരുന്നു റഷ്യ നടത്തിയത്. ആതിഥേയരാഷ്ട്രംഎന്ന നിലയിൽ ലോകകപ്പിലേക്ക് യോഗ്യതാമത്സരങ്ങളുടെ പിരിമുറുക്കം ഇല്ലാതെ വന്ന റഷ്യ പക്ഷേ ആരാധകരുടെയും നിരൂപകരുടേയും എതിർടീമുകളുടെയും എല്ലാം കണക്കുകൂട്ടലുകൾ തെറ്റിച്ചു. ക്വാർട്ടറിൽ ക്രൊയേഷ്യയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റുപോയെങ്കിലും റഷ്യൻ ടീമും കോച്ചും ഫുട്ബോൾ പ്രേമികളുടെ മനം കവർന്നാണ് മടങ്ങിയത്. ചെറിഷേവിന്റെ നിരവധി ഗോളുകളിൽ ഒന്ന് മനോഹരമായ ഗോളുകളുടെ ചരിത്രത്താളുകളിൽ ഇടം പിടിക്കുകയും ചെയ്തു. ഇക്കുറി യോഗ്യതാമത്സരങ്ങളിൽ ഉജ്വലഫോമിലാണ് കളിച്ചത്. 22പോയിന്റുമായി യൂറോപ്യൻ മേഖലയിൽ നിന്നുള്ള ഗ്രൂപ്പ് എച്ചിൽ രണ്ടാതായി പ്ലേ ഓഫിലേക്ക് യോഗ്യത നേടുകയും ചെയ്തു. (ഒന്നാമത് എത്തിയ, നിലവിലെ റണ്ണർ അപ്പ് ആയ ക്രൊയേഷ്യയുമായി ഒരു പോയിന്റിന്റെ മാത്രം വ്യത്യാസം).
2022 മാർച്ച് 24ന് പോളണ്ടുമായി പ്ലേ ഓഫ് തീരുമാനിച്ചിരുന്നു. കളിക്കളത്തിലെ മുന്നേറ്റങ്ങളുടെ ആവേഗം പിന്നെ താറുമാറായി. അതിന് വഴിയൊരുക്കിയതോ യുക്രൈനിലേക്ക് റഷ്യ നടത്തിയ സൈനിക നീക്കവും. ഫുട്ബോളിനേക്കാൾ ലക്ഷ്യവേധിയായി യുക്രൈനിലേയ്ക്കുള്ളള റഷ്യയുടെ പടനീക്കം. പിന്നെ വിനാശകരമായ യുദ്ധത്തിന്റെ തീ തുപ്പുന്ന നാളുകൾ. അധികം വൈകാതെ അത് കളിക്കളത്തിലേയ്ക്കും ആളിപ്പടർന്നു. പിന്നാലെ പ്ലേ ഓഫ് ഗ്രൂപ്പിൽ റഷ്യക്കൊപ്പമുള്ള ചെക്ക് റിപ്പബ്ലിക്കും പോളണ്ടും സ്വീഡനും ബഹിഷ്കരണ ഭീഷണി ഉയർത്തി. ഫെബ്രുവരിയിൽ ഫിഫയും യൂറോപ്യൻ ഫുട്ബോൾ അസോസിയേഷനും റഷ്യക്ക് വിലക്കേർപ്പെടുത്തി. ഇക്കുറി കലക്കണമെന്ന റഷ്യൻ താരങ്ങളുടെ മോഹം അവസാനിച്ചു. പക്ഷേ യുദ്ധത്തിനിറങ്ങിയ നാടിനെ വിലക്കിയതു കൊണ്ടുമാത്രം യുദ്ധവിരുദ്ധ പ്രഖ്യാപനങ്ങളും ഐക്യപ്പെടലുകളും ഖത്തറിൽ നിന്ന് മാറിനിൽക്കില്ല. പോളണ്ടിന്റെ സൂപ്പർതാരം ലെവൻഡോവ്സ്കി ആണ് ഉക്രെയ്ന് വേണ്ടി ശബ്ദമുയർത്തുന്നവരെ നയിക്കുന്നത്. യുക്രൈയ്ൻ പതാക ആംബാൻഡ് ആയി കെട്ടിയാണ് കളിക്കാൻ ഇറങ്ങുകയെന്ന് ലെവൻഡോവ്സ്കി പ്രഖ്യാപിച്ചിട്ടുണ്ട്. റഷ്യയിലേക്കുള്ള ആയുധ ഇറക്കുമതിയും റഷ്യൻ സൈനികനടപടിയെ പിന്തുണക്കുന്നതും മുൻനിർത്തി ഇറാന് എതിരെയും പ്രതിഷേധമുയരുന്നുണ്ട്.
കാൽപന്തിന്റെ സ്പന്ദനമായി മെഹ്സ അമിനി
റഷ്യൻ പിന്തുണ മാത്രമല്ല ഇറാനെ ഖത്തറിൽ പ്രതിഷേധങ്ങളുടെ നടുവിൽ നിർത്തുന്നത്. ശിരോവസ്ത്രധാരണത്തിന്റെ പേരിൽ മതാചാരപോലീസിന്റെ കസ്റ്റഡിയിലിരിക്കെ കുർദ് വനിത മഹ്സ അമിനി മരിച്ച സംഭവത്തിൽ ഇറാനിൽ പ്രതിഷേധത്തിരകൾ അലയടിച്ചു കൊണ്ടേയിരിക്കുകയാണ്. അടിച്ചമർത്തലുകൾക്കോ നിയന്ത്രണങ്ങൾക്കോ വിരട്ടലുകൾക്കോ മതശാസനകൾക്കോ ഒന്നും ഇറാന്റെ തെരുവുകളും മനസ്സും ശാന്തമാക്കാൻ കഴിഞ്ഞിട്ടില്ല. ഇറാന്റെ കായികതാരങ്ങളും പ്രതിഷേധത്തിന്റെ ഐക്യപ്പെടലിൽ നിന്ന് വേറിട്ട്നടക്കുന്നില്ല. സെനഗലിന് എതിരായ മത്സരത്തിൽ കളിക്കാർ ഇറങ്ങിയത് കറുത്ത ജാക്കറ്റിട്ടായിരുന്നു. മാത്രമല്ല ഇറാൻകാർ സ്വന്തം മെസ്സിയായി കൊണ്ടാടുന്ന താരം സർദാൻ അസ്മോൻ പരസ്യമായി പ്രതിഷേധക്കാർക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുമുണ്ട്. ഏറിപ്പോയാൽ എന്നെ ദേശീയ ടീമിൽ നിന്ന് പുറത്താക്കും, എന്നാലും സാരമില്ലെന്ന് ഉറക്കെ പറഞ്ഞാണ് അസ്മോന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്.
ഗ്രൂപ്പ് ബിയെന്ന രാഷ്ട്രീയ ചേരുവ
രാജ്യാതിർത്തിക്കപ്പുറത്തേക്ക് വ്യാപിക്കുന്ന പ്രതിഷേധത്തിരയിളക്കം ഖത്തറിലെ കളിക്കളങ്ങളിൽ എങ്ങനെ അലയടിക്കുമെന്നത് കാത്തിരുന്നു തന്നെ കാണേണ്ടതാണ്. കാരണം ഇറാനൊപ്പം കളിക്കുന്നത് ഇംഗ്ലണ്ട്, അമേരിക്ക,വെയ്ൽസ്. രാഷ്ട്രീയമായി തികച്ചും വിരുദ്ധചേരിയിൽ നിൽക്കുന്നവർ. ഇറാനുമായുള്ള മത്സരം ബഹിഷ്കരിക്കുമെന്ന് വെയ്ൽസ് സർക്കാർ പ്രഖ്യാപിച്ചുകഴിഞ്ഞു. ഗ്രൂപ്പ് ബി, ലോകകപ്പിലെ മരണഗ്രൂപ്പല്ല പക്ഷേ ഭൂരാഷ്ട്രതന്ത്രത്തിലെ നിർണായക ചേരുവയാണ്. പണ്ട് കൃത്യമായി പറഞ്ഞാൽ 1998ലെ ഫ്രാൻസ് ലോകകപ്പിൽ അമേരിക്കയും ഇറാനും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. രാഷ്ട്രീയമായി രണ്ട് ധ്രുവങ്ങളിൽ നിൽക്കുന്ന, പരസ്പരം പോരടിക്കുന്ന രണ്ട് രാജ്യങ്ങൾ മൈതാനത്തിന് മുഖാമുഖം നിന്നപ്പോൾ ലോകം തന്നെയും സമ്മർദത്തിലാണ്ടിരുന്നു. ലോകകപ്പ് ചരിത്രത്തിൽ രാഷ്ട്രീയസമ്മർദം മേൽക്കൂരയിട്ട ഇതുപോലെ ഒരു മത്സരം അതിന് മുമ്പ് ഉണ്ടായിട്ടില്ല. അന്ന് കളിക്കാരു തമ്മിൽ ഹസ്തദാനം ചെയ്യുന്ന പതിവു പരിപാടിക്ക് ഇറാൻ കളിക്കാർ അമേരിക്കക്കാരുടെ അടുത്തേക്ക് പോകരുതെന്നായിരുന്നു ഇറാന്റെ പരമോന്നതനേതാവ് അലി ഖമേനിയുടെ നിർദേശം. അമേരിക്കക്കാരുമായി സംസാരിച്ച് അക്കാര്യത്തിലൊരു ധാരണ വരുത്തിയത് ഫിഫയുടെ മാധ്യമസംഘത്തിലുണ്ടായിരുന്ന മെഹ്റാദ് മസൗദി. പകരം സമാധാനത്തിന്റെ സൂചനയായി ഇറാൻ താരങ്ങൾ അമേരിക്കക്കാർക്ക് വെള്ള പനിനീർപുഷ്പങ്ങൾ സമ്മാനിച്ചു. മത്സരം 2-1ന് ഇറാൻ ജയിച്ചു. ലോകകപ്പ് ചരിത്രത്തിലെ അവരുടെ ആദ്യവിജയം ആയിരുന്നു അത്. വർഷങ്ങൾക്കിപ്പുറം ഖത്തറിൽ വീണ്ടും രാഷ്ട്രീയസമ്മർദമേറി ലോകകപ്പ് മത്സരം അരങ്ങേറാൻ പോകുന്നു. പ്രതിഷേധം, വിയോജിപ്പ്, ബഹിഷ്കരണം, മത്സരത്തിന്റെ സമാധാനപ്പെടൽ... എന്തൊക്കെ എങ്ങനെയൊക്കെ പ്രതിഫലിക്കും എന്നതാണ് ഗ്രൂപ്പ് ബിയിലെ മത്സരങ്ങൾ നിർണായകമാക്കുന്നത്.
ഷാക്ക, ഷഖീരി, സെർബിയ, ഉണങ്ങാത്ത മുറിവുകൾ, 2018ന്റെ ആവർത്തനം
2018ലെ ഒരു മത്സരവും അതിലുയർന്ന രാഷ്ട്രീയസന്ദേശവും ഇക്കുറി രണ്ടാംഭാഗം സമ്മാനിക്കുമോ എന്നതും ഖത്തർ നൽകാനിരിക്കുന്ന രാഷ്ട്രീയ സർപ്രൈസ്. 2018 ജൂൺ 22ന് സെർബിയയും സ്വിറ്റ്സർലൻഡും തമ്മിൽ നടന്ന മത്സരം. കളി തുടങ്ങി അഞ്ചാം മിനിറ്റിൽ മിത്രോവിച്ച് സെർബിയയെ മുന്നിലെത്തിച്ചു. ഞെട്ടിപ്പോയ സ്വിസ് ടീം പൊരുതിക്കളിച്ചു. അമ്പത്തിരണ്ടാം മിനിറ്റിൽ ഷാക്ക ടീമിനെ ഒപ്പമെത്തിച്ചു. സമനിലയിലേക്ക് എന്ന് ഏതാണ്ട് ഉറപ്പിച്ച മത്സരത്തിൽ അവസാന മിനിറ്റിൽ ഗോളടിച്ച് ഷഖീരി സ്വിസ് ടീമിനെ ജയിപ്പിച്ചു. ആഹ്ലാദാരവത്തോടെ ഓടിയ ഷഖീരിയും പിന്നാലെ എത്തിയ ഷാക്കയും രണ്ടുകൈകൾ ചേർത്ത് പിടിച്ചുള്ള പക്ഷിച്ചിഹ്നവമായി കാണികളെ നോക്കി ആർത്തുവിളിച്ചു. സ്റ്റേഡിയത്തിലെ സെർബിയൻ കാണികൾ അവരെ കൂക്കിവിളിച്ചു. ഇത്ര വികാരപരമായ രംഗത്തിന് വഴിവെച്ചതെന്തായിരുന്നു എന്നായി പിന്നെ അന്വേഷണം.
അൽബേനിയൻ പതാകയിലെ കഴുകനെയാണ് രണ്ടു കളിക്കാരും കൈവിരലുകളാൽ പ്രതിനിധീകരിച്ചതെന്ന് അങ്ങനെ അറിഞ്ഞു. രണ്ടുപേരും കൊസോവ-സെർബിയ സംഘർഷകാലത്തിന്റെ മുറിപ്പാടുകൾ ഏറ്റുവാങ്ങിയവർ. സ്വാതന്ത്ര്യത്തിന് കൊസോവയും അടിച്ചമർത്താൻ സെർബിയയും തുനിഞ്ഞിറങ്ങിയ രക്തരൂക്ഷിത അശാന്തിദിനങ്ങളിൽ സ്വിറ്റ്സർലൻഡിലേക്ക് പ്രാണരക്ഷാർത്ഥം കുടിയേറിവയരാണ് ഷഖീരിയും കുടുംബവും. ഷാക്ക ജനിച്ചത് സ്വിറ്റ്സർലൻഡിലെങ്കിലും അച്ഛൻ കൊസോവയിൽ നിന്ന് കുടിയേറിയതായിരുന്നു. ആ പലായനം കൊസോവക്ക് വേണ്ടിയുള്ള പോരാട്ടത്തിന്റെ പേരിൽ ജയിലിൽ കിടന്നതിന് ശേഷവും. മാതൃരാജ്യത്തിൽ നിന്നുള്ള പലായനവും കലാപവും പീഡനവും നൽകിയ വേദനയും മുറിപ്പാടുണക്കാത്ത രണ്ട് മനുഷ്യരുടെ പോരാട്ടചിഹ്നമായിരുന്നു അവിടെ കണ്ടത്. ഉള്ളിൽ ഉറങ്ങാതെ കിടക്കുന്ന മാതൃരാജ്യവീര്യവും. എന്തായാലും ആദ്യം രണ്ട് മത്സരങ്ങളിൽ ഷാക്കക്കും ഷഖീരിക്കും വിലക്കേർപ്പെടുത്തിയ ഫിഫ പിന്നീട് പിൻവലിക്കുകയും പിഴ ചുമത്തുകയും ചെയ്തു. അവർ രണ്ടുപേർക്കും പിന്തുണയർപ്പിച്ചെത്തിയ സ്വിസ് ക്യാപ്റ്റനും പിഴയടക്കേണ്ടിവന്നു. സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞിരുന്ന സെർബിയൻ കാണികളുടെ പെരുമാറ്റം അങ്ങേയറ്റം പ്രകോപനമായിരുന്നുവെന്നും ഫിഫയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അൽബേനിയൻ വംശജരായ കാണികൾക്ക് നേരെ സെർബിയൻ ആരാധകർ ആക്രോശിച്ചുവെന്നായിരുന്നു കണ്ടെത്തൽ.
കൊസോവയെ ആദ്യം അംഗീകരിച്ച രാജ്യങ്ങളിൽ ഒന്നായ കോസ്റ്റാറിക്കക്ക് എതിരായ മത്സരത്തിലും സെർബിയൻ ആരാധകർ രാഷ്ട്രീയസന്ദേശങ്ങളുടെ ബാനറുകൾ ഉയർത്തിപ്പിടിച്ചിരുന്നു. ഇതെല്ലാം വിലയിരുത്തിയ ഫിഫ സെർബിയ ഫുട്ബോൾ ഫെഡറേഷനും പിഴ ചുമത്തിയിരുന്നു. വിഭജനത്തിന്റെ മുറിപ്പാടുകൾ വർഷങ്ങൾക്കിപ്പുറവും ഉണങ്ങാത്തതും ചോര പൊടിയുന്നതുമാണെന്ന വലിയ പാഠമായിരുന്നു അന്നീ സംഭവങ്ങൾ ഉയർത്തിക്കാട്ടിയത്. കാലചക്രം ഉരുളുക എന്നത് വിഭജനം ഉണ്ടാക്കുന്ന യുദ്ധവും കെടുതിയും പീഡനവും പലായനവും അരക്ഷിതാവസ്ഥയും ഒന്നും മനസ്സിലേൽപ്പിക്കുന്ന മുറിവുകൾക്ക് പരിഹാരമല്ലെന്ന വലിയ ഓർമപ്പെടുത്തൽ. ഇക്കുറിയും രണ്ടുടീമും നേർക്കുനേർ വരുന്നുണ്ട്. ഡിസംബർ രണ്ടിനാണ് സെർബിയയും സ്വിറ്റ്സർലൻഡും തമ്മിലുള്ള മത്സരം. ഷാഖയും ഷഖീരിയും സ്വിസ് ജഴ്സി അണിഞ്ഞ് വീണ്ടും എത്തുന്നു. വേദനിപ്പിക്കുന്ന ഭൂതകാല വേരുകളുടെ ഓർമയുണർത്തുന്ന ജഴ്സിയും ചിഹ്നവുമായി സെർബിയക്കാർ അവർക്ക് നേരെ നിൽക്കും. ഫുട്ബോളിന്റെ സൗന്ദര്യവും ചടുലതയും രണ്ടുകൂട്ടർക്കും ആത്മവിശ്വാസത്തിന്റെയും വിവേകത്തിന്റെയും സ്വാസ്ഥ്യം നൽകട്ടെ എന്ന് ആശംസിക്കാം. അധികാരത്തിന്റെയും ഭൗമാർതിത്തികളുടെയും രാഷ്ട്രീയപ്രശ്നങ്ങൾ ഏറ്റുന്ന ഈ പ്രതിഷേധച്ചൂടിന് പുറമെ ലൈംഗിക ന്യൂനപക്ഷങ്ങളോടും സ്വവർഗലൈംഗികതയോടുമുള്ള ഖത്തറിന്റെ നിലപാടുകളിലുള്ള വിയോജിപ്പും ലോകകപ്പ് വേദികളിൽ ഉയർന്നു കേൾക്കും. നെതർലൻഡ്സ് ആസ്ഥാനമായുള്ള വൺലവ് മൂവ്മെന്റ് നൽകിയ ആഹ്വാനം ഏറ്റെടുത്ത് യൂറോപ്പിൽ നിന്നുള്ള (ഇംഗ്ലണ്ട്, ബെൽജിയം, ഡെൻമാർക്ക് തുടങ്ങി) അരഡസനിലധികം ടീമുകളുടെ ക്യാപ്റ്റൻമാർ മഴവിൽ നിറമുള്ള വൺലവ് ആംബാൻഡ് ധരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ഖത്തറിലെ മൈതാനങ്ങളിൽ പന്തുരുളുമ്പോൾ ആവേശത്തിന്റെ ആരവങ്ങൾ മാത്രമല്ല ഉയരുക. വിവിധ രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളിലെ പ്രതിഷേധം, വിയോജിപ്പ്, ബഹിഷ്കരണം, ചിലപ്പോഴെങ്കിലും മത്സരത്തിന്‍റെ നിഘണ്ടുവിൽ മാത്രം കാണാറുള്ള ഒത്തുതീർപ്പുകൾ... എന്തൊക്കെ, എങ്ങനെയൊക്കെ പ്രതിഫലിക്കും എന്നതാണ് ഖത്തർ കാല്പന്ത് മഹോത്സവത്തെ നിർണായകമാക്കുന്നത്.
കാണാം വീഡിയോ
യൂറോപ്പിന്‍റെ ചാമ്പ്യന്‍മാരില്ലാത്ത ലോകകപ്പ്, ഇറ്റലി മുതല്‍ നൈജീരിയ വരെ; ഖത്തറിലെ 'നഷ്ട' ടീമുകള്‍