'പതാകയെ അപമാനിച്ചു'; യുഎസ്എയെ ലോകകപ്പിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യവുമായി ഇറാൻ
ഫിഫ ചട്ടപ്രകാരം നടപടി വേണമെന്നാണ് ഇറാൻ ഫുട്ബോൾ അസോസിയേഷൻ ആവശ്യം ഉയര്‍ത്തിയിട്ടുള്ളത്. ഒരു രാഷ്ട്രത്തിന്‍റെ അന്തസ്സിനെ ഹനിക്കുന്ന പെരുമാറ്റമുണ്ടായാൽ 10 മത്സരങ്ങളിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്ന ഫിഫ ചട്ടം നടപ്പിലാക്കണമെന്നാണ് ഇറാന്‍റെ നിലപാട്
ദോഹ: അമേരിക്ക - ഇറാൻ പോരിന്‍റെ പിരിമുറുക്കം കൂട്ടി പുതിയ വിവാദം. രാജ്യത്തിന്‍റെ പതാകയെ അപമാനിച്ച അമേരിക്കൻ ഫുട്ബോൾ ടീമിനെ ലോകകപ്പിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യവുമായി എത്തിയിരിക്കുകയാണ് ഇറാൻ. യുഎസ് ദേശീയ ഫുട്ബോൾ ടീമിന്‍റെ ഔദ്യോഗിക ട്വിറ്റർ പേജിൽ ശനിയാഴ്ച വന്ന ചിത്രമാണ് വിവാദത്തിന് അടിസ്ഥാനം. ഇസ്ലാമിക് റിപ്പബ്ലിക്കിന്‍റെ ചിഹ്നം ഇല്ലാതെ, ഇറാന്‍റെ പതാക വികലമാക്കി ചിത്രീകരിച്ചെന്നാണ് പരാതി.
വിവാദമായതോടെ ചിത്രം പേജിൽ നിന്നും നീക്കി. എന്നാൽ, ഫിഫ ചട്ടപ്രകാരം നടപടി വേണമെന്നാണ് ഇറാൻ ഫുട്ബോൾ അസോസിയേഷൻ ആവശ്യം ഉയര്‍ത്തിയിട്ടുള്ളത്. ഒരു രാഷ്ട്രത്തിന്‍റെ അന്തസ്സിനെ ഹനിക്കുന്ന പെരുമാറ്റമുണ്ടായാൽ 10 മത്സരങ്ങളിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്ന ഫിഫ ചട്ടം നടപ്പിലാക്കണമെന്നാണ് ഇറാന്‍റെ നിലപാട്. ഇറാനിൽ അവകാശങ്ങൾക്കായി പോരാടുന്ന സ്ത്രീകൾക്ക് ഐക്യദാർഢ്യം അറിയിക്കുക മാത്രമായിരുന്നു ലക്ഷ്യമെന്നാണ് യുഎസ് സോക്കറിന്‍റെ വിശദീകരണം.
അര നൂറ്റാണ്ടോളമായി ഇരുരാജ്യങ്ങൾക്കുമിടയിൽ ഉരുണ്ട് കൂടുന്ന രാഷ്ട്രീയ വൈരത്തിന്‍റെ പശ്ചാത്തലത്തിൽ, നേർക്കുനേര്‍ വരുന്ന പോരാട്ടത്തിന് വലിയ പ്രസക്തിയാണുള്ളത്. മൂന്നാം തവണ ഇരു രാജ്യങ്ങളും ഏറ്റുമുട്ടുമ്പോള്‍ പുതിയ ആരോപണവും വലിയ ചർച്ചയാണ്. ഗ്രൂപ്പില്‍ നാല് പോയിന്റുമായി ഇംഗ്ലണ്ടാണ് മുന്നില്‍. മൂന്ന് പോയിന്റുള്ള ഇറാന്‍ രണ്ടാമതാണ്. മൂന്നാം സ്ഥാനത്തുള്ള യുഎസ്എയ്ക്ക് രണ്ട് പോയിന്‍റാണുള്ളത്.
ഇറാനോട് കഴിഞ്ഞ മത്സരം തോറ്റ വെയ്ല്‍സ് ഒരു പോയിന്റുമായി നാലമതാണ്. എന്നാല്‍ എല്ലാവര്‍ക്കും നോക്കൗട്ട് സാധ്യത ഇപ്പോഴുമുണ്ട്. യുഎസിന്, ഇറാനെ തോല്‍പ്പിച്ചാല്‍ പ്രീ ക്വാര്‍ട്ടറിലെത്താം. തിരിച്ച് സംഭവിച്ചാല്‍ ഇറാനും അവസാന പതിനാറിലെത്തും. സമനില ആയാല്‍ പോലും ഇറാന്‍ അവസരമുണ്ട്. യുഎസിന് വിജയം അനിവാര്യമാണ്. രണ്ട് മത്സരങ്ങളും ഇന്ത്യന്‍ സമയം രാത്രി 12.30നാണ് ആരംഭിക്കുന്നത്.