ലിവര്‍പൂള്‍ വിടുമോ സലാ; ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ക്ലോപ്പ്
ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പാക്കാനാകാത്തതോടെ സാമൂഹിക മാധ്യമങ്ങളിലൂടെ മുഹമ്മദ് സലാ ആരാധകരോട് മാപ്പ് ചോദിച്ചിരുന്നു
ലിവർപൂള്‍: സൂപ്പർ താരം മുഹമ്മദ് സലായുടെ ലിവർപൂളിലെ ഭാവി സംബന്ധിച്ച് നിലപാട് വ്യക്തമാക്കി കോച്ച് യുർഗൻ ക്ലോപ്പ്. ചാമ്പ്യൻസ് ലീഗ് യോഗ്യതയില്ലെങ്കിലും സലാ ലിവർപൂളിൽ തുടരുമെന്ന് ക്ലോപ്പ് പറഞ്ഞു. ലീഗിൽ അഞ്ചാം സ്ഥാനത്തായ ലിവർപൂൾ യൂറോപ്പ ലീഗിലാണ് അടുത്ത സീസണിൽ കളിക്കുക. ഒരു കിരീടം പോലും നേടാൻ ഈ സീസണിൽ ലിവർപൂളിനായിരുന്നില്ല.
ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പാക്കാനാകാത്തതോടെ സാമൂഹിക മാധ്യമങ്ങളിലൂടെ മുഹമ്മദ് സലാ ആരാധകരോട് മാപ്പ് ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സലാ ടീം വിട്ടേക്കുമെന്ന തരത്തിൽ അഭ്യൂഹങ്ങളുണ്ടായത്. സലാ ടീമിൽ തുടരുമെന്നും അദ്ദേഹം ഇവിടെ കളിക്കുന്നതിൽ സന്തോഷവാനാണെന്നും ക്ലോപ്പ് വ്യക്തമാക്കി. ടീമിന് യോഗ്യത ഉറപ്പാക്കാനാകാത്തതിലുള്ള നിരാശ മാത്രമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. ഏതെങ്കിലും താരത്തിന് ചാമ്പ്യൻസ് ലീഗ് യോഗ്യതയില്ലാത്തതിനാൽ ടീം വിടണമെന്ന് ആവശ്യപ്പെട്ടാൽ അതിന് അനുവദിക്കുമെന്നും ക്ലോപ്പ് വ്യക്തമാക്കി. ക്ലോപ്പിന് കീഴിൽ ലിവർപൂൾ നേരത്തെ പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലും കിരീടം നേടിയിട്ടുണ്ട്.
സലാ ലിവര്‍പൂള്‍ വിടുമെന്ന അഭ്യൂഹം പുറത്തുവന്നതോടെ താരത്തിന് പിന്നാലെ വമ്പന്‍ ക്ലബുകള്‍ എത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സലായെ സ്വന്തമാക്കാന്‍ പിഎസ്‌ജി രംഗത്തുള്ളതായി വാര്‍ത്തകളുണ്ടായിരുന്നു. ഈ സീസണിനൊടുവില്‍ ലിയോണല്‍ മെസിയോ കിലിയന്‍ എംബാപ്പെയോ ക്ലബ്ബ് വിട്ടാല്‍ പകരക്കാരനായാണ് സലായെ പിഎസ്‌ജി പരിഗണിക്കുന്നത്. കഴിഞ്ഞ സീസണിനൊടുവിലും സലാ പിഎസ്‌ജിയിലേക്ക് പോകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നങ്കിലും ആന്‍ഫീല്‍ഡില്‍ തുടരാന്‍ ഈജിപ്‌ത് താരം അവസാനം തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ സീസണിനൊടുവില്‍ സാദിയോ മാനെ ലിവര്‍പൂള്‍ വിട്ടിരുന്നു. ഈ സീസണിന് ഒടുവില്‍ റോബര്‍ട്ട് ഫിര്‍മിനൊയും ക്ലബ് വിടും. കൂടുതല്‍ താരങ്ങള്‍ ആന്‍ഫീല്‍ഡ് വിടുമോ എന്ന് വ്യക്തമല്ല.
Read more: ലിവര്‍പൂള്‍ വിടാനൊരുങ്ങി മുഹമ്മദ് സലാ, നോട്ടമിട്ട് വമ്പന്‍ ക്ലബ്ബുകള്‍