യൂറോ കപ്പ് മുന്നൊരുക്കം ഗംഭീരമാക്കി ജർമനി; ലാറ്റ്‍വിയയെ ഗോള്‍മഴയില്‍ മുക്കി
7-1നാണ് ജർമനിയുടെ തകർപ്പൻ ജയം. ആദ്യപകുതിയിലായിരുന്നു അഞ്ച് ഗോളുകളും.
മ്യൂണിക്ക്: യൂറോ കപ്പിന് മുന്നോടിയായുള്ള അവസാന സന്നാഹ മത്സരത്തിൽ ലാറ്റ്‍വിയയെ ഗോൾമഴയിൽ മുക്കി ജർമനി. 7-1നാണ് ജർമനിയുടെ തകർപ്പൻ ജയം. ആദ്യ പകുതിയിലായിരുന്നു അഞ്ച് ഗോളുകളും. 19, 21, 27, 39, 45, 50, 76 മിനിറ്റുകളില്‍ ജര്‍മനി വല ചലിപ്പിച്ചു. ദേശീയ ടീമിനായി നൂയറിന്റെ നൂറാം മത്സരമായിരുന്നു ഇത്.
അതേസമയം, യൂറോ കപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ സ്‌പാനിഷ് ടീമിന് തിരിച്ചടി. കൊവിഡ് ബാധിതനായ നായകൻ സെർജിയോ ബുസ്‌കറ്റ്സ് ടീം വിട്ടു. ഈ മാസം പതിനാലിന് സ്വീഡനെതിരായ നടക്കുന്ന ആദ്യ മത്സരത്തിന് തയ്യാറെടുക്കവേയാണ് സ്‌പാനിഷ് നായകൻ സെർജിയോ ബുസ്കറ്റ്സ് കൊവിഡ് ബാധിതനായത്. പത്ത് ദിവസത്തെ ഐസൊലേഷന് ശേഷമേ ബുസ്കറ്റ്സിന് ടീമിനൊപ്പം ചേരാനാവൂ. ടീമിലെ മറ്റു താരങ്ങളുടെ പരിശോധനാ ഫലം നെഗറ്റീവാണെങ്കിലും ബുസ്‌കറ്റ്സുമായി സമ്പർക്കമുണ്ടായതിനാൽ ഇവരും ഐസൊലേഷനിലേക്ക് മാറി.
ഇന്ന് സ‌്‌പെയ്‌ന്‍ ഇറങ്ങുക അണ്ടർ 21 ടീമുമായി
ഇതോടെ ലിത്വാനിയക്കെതിരെ ഇന്ന് നടക്കേണ്ട സന്നാഹ മത്സരത്തിൽ അണ്ടർ 21 ടീമായിരിക്കും സ്‌പെയ്‌ന് വേണ്ടി കളിക്കുക. ബുസ്‌കറ്റ്സിന് കൊവിഡ് പോസിറ്റീവായതോടെ നിലവിലെ ചാമ്പ്യൻമാരായ പോർച്ചുഗലും ആശങ്കയിലായി. വെള്ളിയാഴ്ച പോർച്ചുഗൽ സ്‌പെയ്‌നെതിരെ സന്നാഹ മത്സരത്തിൽ ഏറ്റുമുട്ടിയിരുന്നു. മത്സരത്തിന് തൊട്ടുമുൻപ് നായകൻമാരായ ബുസ്‌കറ്റ്സും ക്രിസ്റ്റ്യനോ റൊണാൾഡോയും ആലിംഗനം ചെയ്തിരുന്നു.
ഇതേസമയം മുൻകരുതൽ എന്ന നിലയിൽ സ്‌പെയ്ൻ നാലുതാങ്ങളെക്കൂടി ടീമിൽ ഉൾപ്പെടുത്തി. റോഡ്രിഗോ മൊറേനോ, പാബ്ലോ ഫോർലാൻസ്, കാർലോസ് സോളർ, ബ്രെയ്സ് മെൻഡസ് എന്നിവരെയാണ് കോച്ച് ലൂയിസ് എൻറീകെ ടീമിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. ഗ്രൂപ്പ് ഇയിൽ പോളണ്ടും സ്ലോവാക്യയുമാണ് മുൻ ചാമ്പ്യൻമാരായ സ്‌പെയ്‌ന്‍റെ മറ്റ് എതിരാളികൾ.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona