ഇടവേളയ്ക്ക് ശേഷം മയാമിയില്‍ മെസി ഇറങ്ങുന്നു! മത്സരം ക്രിസ്റ്റ്യാനോയ്‌ക്കെതിരേയും; ഇരുവരും നേര്‍ക്കുനേര്‍
ഇന്റര്‍ മയാമി ജനുവരി 29ന് സൗദി ക്ലബ് അല്‍ ഹിലാലിനെതിരെ. പരിക്കേറ്റ നെയ്മാര്‍ ഇല്ലാതെയാവും അല്‍ ഹിലാല്‍ ഇറങ്ങുക. രണ്ടു ദിവസത്തിനുശേഷം ഫുട്‌ബോള്‍ലോകം ഉറ്റുനോക്കുന്ന പോരാട്ടം.
ന്യൂയോര്‍ക്ക്: ഇടവേളയ്ക്ക് ശേഷം ലിയോണല്‍ മെസി കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നു. പുതുവര്‍ഷത്തില്‍ ജനുവരി പത്തൊന്‍പതിനാണ് മെസിയുടെ ആദ്യമത്സരം. ഇന്റര്‍ മയാമി ജഴ്‌സിയിലാണ് മെസി പുതുവര്‍ഷത്തില്‍ ആദ്യമായി കളിക്കളത്തില്‍ ഇറങ്ങുക. ജനുവരി പത്തൊന്‍പതിന് ഇന്റര്‍ മയാമിയുടെ എതിരാളികള്‍ എല്‍സാല്‍വദോര്‍ ദേശീയ ടീമാണ്. തുടര്‍ന്ന് മെസിയും സംഘവും ഏഷ്യന്‍ ടീമുകളുമായുള്ള പോരാട്ടത്തിനെത്തും.
ഇന്റര്‍ മയാമി ജനുവരി 29ന് സൗദി ക്ലബ് അല്‍ ഹിലാലിനെതിരെ. പരിക്കേറ്റ നെയ്മാര്‍ ഇല്ലാതെയാവും അല്‍ ഹിലാല്‍ ഇറങ്ങുക. രണ്ടു ദിവസത്തിനുശേഷം ഫുട്‌ബോള്‍ലോകം ഉറ്റുനോക്കുന്ന പോരാട്ടം. മെസിയും റൊണാള്‍ഡോയും നേര്‍ക്കുനേര്‍ വരുന്ന മത്സരത്തില്‍ ഇന്റര്‍മയാമിയും അല്‍ നസ്‌റും ഏറ്റുമുട്ടും. ഇതിഹാസ താരങ്ങള്‍ കരിയറില്‍ നേര്‍ക്കുനേര്‍ വരുന്ന അവസാന മത്സരംകൂടി ആയേക്കുമിത്.
ഫെബ്രുവരി പതിനഞ്ചിന് മെസിയുടെ ബാല്യകാല ക്ലബായ ന്യൂവെല്‍സ് ഓള്‍ഡ് ബോയ്‌സുമായാണ് ഇന്റര്‍ മയാമിയുടെ അവസാന സന്നാഹമത്സരം. ഫെബ്രുവരി 21ന് മേജര്‍ ലീഗ് സോക്കറിന് തുടക്കമാവുക. ഹോം മത്സരത്തില്‍ റയല്‍ സാള്‍ട്ട് ലേക് ആണ് മയാമിയുടെ ആദ്യ എതിരാളികള്‍. ഫെബ്രുവരി 25ന് ലോസാഞ്ചലസ് ഗാലക്‌സിയുമായും മാര്‍ച്ച് രണ്ടിന് ഒര്‍ലാന്‍ഡോ സിറ്റിയുമായും മെസിയും സംഘവും ഏറ്റുമുട്ടും. കോണ്‍കകാഫ് ചാംപ്യന്‍ഷിപ്പിലെ ആദ്യമത്സരം മാര്‍ച്ച് നാലിനും.
സീസണില്‍ കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ അര്‍ജന്റീന ജേഴ്‌സിയിലും മെസിയെ കാണാം. ടൂര്‍ണമെന്റിനായി കോച്ച് ലിയോണല്‍ സ്‌കലോണിയും സഹപരിശീലകരും ഒരുക്കങ്ങള്‍ തുടങ്ങി. കോപ്പ അമേരിക്കയിലും ചാംപ്യന്മാര്‍ക്ക് തന്ത്രമോതാന്‍ കോച്ച് സ്‌കലോണിയുണ്ടാകുമോ എന്നുള്ള സംശയങ്ങള്‍ നേരത്തെയുണ്ടായിരുന്നു.
ബ്രസീലിനെതിരായ ലോകകപ്പ് സന്നാഹ മത്സരത്തിന് പിന്നാലെ പരിശീലക സ്ഥാനമൊഴിയുമെന്നതിനെക്കുറിച്ച് ചിന്തിക്കുന്നെന്ന് സ്‌കലോണി പറഞ്ഞത് ആരാധകരെയും ടീമിനെയും ആശങ്കയിലാക്കിയത് ചെറുതൊന്നുമല്ല. എന്നാല്‍ മെസി ഉള്‍പ്പെടെയുള്ളവരുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് സ്‌കലോണി തുടരുകയായിരുന്നു.