മെസി തിരിച്ചെത്തി, വമ്പന്‍ ജയവുമായി ഇന്‍റര്‍ മയാമി, പിന്നാലെ തിരിച്ചടി
അതേസമയം, വമ്പന്‍ ജയം നേടിയെങ്കിലും മത്സരത്തില്‍ 35-ാം മിനിറ്റില്‍ ജോര്‍ഡി ആല്‍ബയും രണ്ട് മിനിറ്റിന് ശേഷം മെസിയും പരിക്കേറ്റ് മടങ്ങിയത് ഇന്‍റര്‍ മയാമിക്ക് കനത്ത തിരിച്ചടിയായി.ഇരുവര്‍ക്കും ഗ്രൗണ്ടില്‍ പരിക്കേറ്റില്ലെങ്കിലും ശാരീരിക ആസ്വസ്ഥകള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണ് സബ്സ്റ്റിറ്റ്യൂട്ട് ചെയ്തത്.
മയാമി: മേജര്‍ ലീഗ് സോക്കറിൽ ക്യാപ്റ്റന്‍ ലിയോണല്‍ മെസി തിരിച്ചുവന്ന മത്സരത്തില്‍ വമ്പന്‍ ജയവുമായി വിജയവഴിയില്‍ തിരിച്ചെത്തി ഇന്‍റര്‍ മയാമി. എതിരില്ലാത്ത നാല് ഗോളിന് ടോറന്‍റോ എഫ് സിയെ ആണ് ഇന്‍റര്‍ മയാമി തോല്‍പ്പിച്ചത്. മെസിയുടെ പകരക്കാരനായി ഇറങ്ങിയ റോബര്‍ട്ട് ടെയ്‌ലര്‍ ഇന്‍റര്‍ മയാമിക്കായി ഇരട്ടഗോൾ നേടിയപ്പോൾ ഫക്കുണ്ടോ ഫരിയാസ്, ബെഞ്ചമിൻ ക്രമേഷി എന്നിവരും സ്കോര്‍ ചെയ്തു.
ജയത്തോടെ ഈസ്റ്റേണ്‍ കോണ്‍ഫറന്‍സ് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനും മയാമിക്കായി. അതേസമയം, വമ്പന്‍ ജയം നേടിയെങ്കിലും മത്സരത്തില്‍ 35-ാം മിനിറ്റില്‍ ജോര്‍ഡി ആല്‍ബയും രണ്ട് മിനിറ്റിന് ശേഷം മെസിയും പരിക്കേറ്റ് മടങ്ങിയത് ഇന്‍റര്‍ മയാമിക്ക് കനത്ത തിരിച്ചടിയായി. ഇരുവര്‍ക്കും ഗ്രൗണ്ടില്‍ പരിക്കേറ്റില്ലെങ്കിലും ശാരീരിക ആസ്വസ്ഥകള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണ് സബ്സ്റ്റിറ്റ്യൂട്ട് ചെയ്തത്. ഇരുവര്‍ക്കും കാര്യമായ പരിക്കില്ലെന്നും പേശിവലിവ് മാത്രമാണ് അനുഭവപ്പെട്ടതെന്നും ക്ലബ്ബ് പിന്നീട് അറിയിച്ചു. അടുത്ത ബുധനാഴ്ച യുഎസ് ഓപ്പണ്‍ കപ്പ് ഫൈനല്‍ കളിക്കാനുള്ളതിനാല്‍ ഇരുവരുടെയും പരിക്ക് ഇന്‍റര്‍ മയാമിക്ക് കനത്ത തിരിച്ചടിയാണ്.
എവേ മത്സരത്തില്‍ സീസണില്‍ ജയം നേടാത്ത ഒരേയൊരു ടീമായ ടൊറാന്‍റോ എഫ് സിക്ക് തുടക്കത്തിലെ വിക്ടര്‍ വാസ്ക്വെസിനെയും ബ്രാണ്ടന്‍ സെര്‍വാനിയയെയും നഷ്ടമായത് തിരിച്ചടിയായിരുന്നു. പരിക്ക് മൂലം സമയം നഷ്ടമായതിനാല്‍ ആദ്യ പകുതിയില്‍ ഒമ്പത് മിനിറ്റ് എക്സ്ട്രാ ടൈം അനുവദിച്ചിരുന്നു. മെസിയും ആല്‍ബയും തിരിച്ചു കയറിയശേഷം ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഫാക്കുന്‍ഡോ ഫാരിയാസിലൂടെ(45+3) ഇന്‍റര്‍ മയാമി സ്കോറിംഗ് തുടങ്ങി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ 54-ാം മിനിറ്റില്‍ റോബര്‍ട്ട് ടെയ്‌ലര്‍ ലീഡുയര്‍ത്തി. 73-ാം മിനിറ്റില്‍ ബെഞ്ചമിന്‍ ക്രമേഷി വിജയമുറപ്പിച്ച മൂന്നാം ഗോള്‍ നേടി. 87-ാം മിനിറ്റില്‍ ടെയ്‌ലര്‍ ഗോള്‍ പട്ടിക് തികച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക