ഗോളും അസിസ്റ്റുമായി മെസിയും സുവാരസും! കോണ്‍കകാഫ് ചാംപ്യന്‍സ് കപ്പില്‍ ഇന്റര്‍ മയാമി ക്വാര്‍ട്ടറില്‍
മത്സരത്തിന്റെ എട്ടാം മിനിറ്റില്‍ തന്നെ മെസിയുടെ അസിസ്റ്റില്‍ സുവാരസ് ഗോള്‍ നേടി. തന്നിലേക്ക് വന്ന പാസ് സ്വീകരിക്കാതെ സുവാരസ് എതിര്‍താരത്തെ കബളിപ്പിച്ചു.
മയാമി: ലിയോണല്‍ മെസിയും ലൂയിസ് സുവാരസും നിറഞ്ഞാടിയപ്പോള്‍ കോണ്‍കകാഫ് ചാംപ്യന്‍സ് കപ്പില്‍ ഇന്റര്‍ മയാമി ക്വാര്‍ട്ടറില്‍ കടന്നു. പ്രീ ക്വാര്‍ട്ടറിന്റെ രണ്ടാം പാദത്തില്‍ നാഷ്‌വില്ലയെ ഒന്നിനെതിരെ മൂന്ന് ഗോളിന് തകര്‍ത്താണ് മയാമി ക്വാര്‍ട്ടറിലെത്തിയത്. രണ്ട് പാദങ്ങളിലുമായി 5-3നായിരുന്നു മയാമിയുടെ ജയം. മെസിയും സുവാരസും ഓരോ ഗോളും അസിസ്റ്റും സ്വന്തമാക്കി. റോബര്‍ട്ട് ടെയ്‌ലറുടെ വകയായിരുന്നു മറ്റൊരു ഗോള്‍. നാഷ്‌വില്ലെയ്ക്ക് വേണ്ടി സാം സുറിഡ്ജാണ് ആശ്വാസഗോള്‍ നേടിയത്.
മത്സരത്തിന്റെ എട്ടാം മിനിറ്റില്‍ തന്നെ മെസിയുടെ അസിസ്റ്റില്‍ സുവാരസ് ഗോള്‍ നേടി. തന്നിലേക്ക് വന്ന പാസ് സ്വീകരിക്കാതെ സുവാരസ് എതിര്‍താരത്തെ കബളിപ്പിച്ചു. പന്ത് മെസിയിലേക്ക്. ബോക്‌സിന് പുറത്ത്‌നിന്നും മെസി നല്‍കിയ ത്രൂ ബോള്‍ സുവാരസ് അനായാസം ഗോള്‍വര കടത്തി. തങ്ങളുടെ ബാഴ്‌സ ദിവസങ്ങളെ ഓര്‍മിപ്പിക്കുന്നതായിരുന്നു സുവാരസിന്റെ ഗോള്‍. വീഡിയോ കാണാം...
23-ാം മിനിറ്റില്‍ രണ്ടാമത്തെ അടിയും മയാമി നല്‍കി. ഇത്തവണ മെസിയാണ് ഗോള്‍ നേടിയത്. ഇത്തവണ ഡിയേഗോ ഗോമസാണ് ഗോളിന് വഴിയൊരുക്കിയത്. നാഷ്‌വില്ലെ ബോക്‌സില്‍ നിന്ന് പരാഗ്വെന്‍ താരം നല്‍കിയ പാസ് മെസി അനായാസം ഗോള്‍വര കടത്തി. വീഡിയോ കാണാം...
ആദ്യപാതിയില്‍ തന്നെ മയാമി 2-0ത്തിന് മുന്നിലെത്തി. 63-ാം മിനിറ്റിലാണ് മത്സരത്തിലെ മൂന്നാം ഗോള്‍ പിറന്നത്. ഇത്തവണ സുവാരസിന്റെ അസിസ്റ്റില്‍ ടെയ്‌ലര്‍ വല കുലുക്കി. ബോക്‌സിന് പുറത്ത് നിന്ന് സുവാരസ് നല്‍കിയ ക്രോസില്‍ ടെയ്‌ലര്‍ തല വെക്കുകയായിരുന്നു. വീഡിയോ...
ക്വാര്‍ട്ടറില്‍ മയാമിയുടെ എതിരാളി ആരാണെന്നുള്ള കാര്യത്തില്‍ തീരുമാനമായിട്ടില്ല. മയാമിയുടെ അടുത്ത മത്സരം മേജര്‍ ലീഗ് സോക്കറില്‍ ശനിയാഴ്ച്ച ഡിസി യുണൈറ്റഡുമായിട്ടാണ്.