മെസിക്ക് ബാഴ്‌സലോണയ്‌ക്കൊപ്പം കളിക്കാം, പക്ഷേ..! ഉപാധി മുന്നോട്ടുവച്ച് ഇന്‍റര്‍ മയാമി ഉടമ
ബാഴ്‌സലോണയില്‍ ഒരിക്കല്‍കൂടി കളിച്ച് ക്ലബിനോടും ആരാധകരോടും വിടപറയണമെന്നാണ് മെസിയുടെ ആഗ്രഹം. സാവി, ഇനിയസ്റ്റ, ബുസ്‌കറ്റ്‌സ് തുടങ്ങിയവരെപ്പോലെ കാംപ്‌നൌവിലെ യാത്രയയപ്പ് താന്‍ പ്രതീക്ഷിച്ചിരുന്നുവെന്ന് മെസി അടുത്തിടെയും പറഞ്ഞിരുന്നു.
മയാമി: പിഎസ്ജിയിലെ രണ്ടുവര്‍ഷ കരാര്‍ പൂര്‍ത്തിയാക്കിയ മെസി ബാഴ്‌സലോണയിലേക്ക് തിരികെ പോകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. സ്പാനിഷ് ക്ലബിലേക്ക് മടങ്ങാന്‍ മെസി ആഗ്രഹിച്ചിരുന്നു. എന്നാല്‍ ബാഴ്‌സലോണയുടെ സാമ്പത്തിക പ്രതിസന്ധി മാറ്റമില്ലാതെ തുടര്‍ന്നതോടെ മെസി അമേരിക്കന്‍ ക്ലബ് ഇന്റര്‍ മയാമിയിലേക്ക് ചേക്കേറി. ആദ്യ രണ്ട് കളിയില്‍ മൂന്ന് ഗോളും ഒരു അസിസ്റ്റും നേടിയ മെസി ഇന്റര്‍ മയാമിയെ വിജയവഴിയിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്തു.
എന്നാല്‍ ബാഴ്‌സലോണയില്‍ ഒരിക്കല്‍കൂടി കളിച്ച് ക്ലബിനോടും ആരാധകരോടും വിടപറയണമെന്നാണ് മെസിയുടെ ആഗ്രഹം. സാവി, ഇനിയസ്റ്റ, ബുസ്‌കറ്റ്‌സ് തുടങ്ങിയവരെപ്പോലെ കാംപ്‌നൌവിലെ യാത്രയയപ്പ് താന്‍ പ്രതീക്ഷിച്ചിരുന്നുവെന്ന് മെസി അടുത്തിടെയും പറഞ്ഞിരുന്നു. ഇതോടെ മെസിക്കായി വിടവാങ്ങല്‍ മത്സരം നടത്താനുള്ള ഒരുക്കത്തിലാണ് ബാഴ്‌സലോണ. ഇപ്പോള്‍ സ്പാനിഷ് ക്ലബിന്റെ ഈ ശ്രമത്തിന് പൂര്‍ണ പിന്തുണ അറിയിച്ചിരിക്കുകയാണ് ഇന്റര്‍ മയാമി ഉടമ ജോര്‍ജ് മാസ്.
മെസിക്ക് ഒരിക്കല്‍ക്കൂടി ബാഴ്‌സലോണ ജഴ്‌സിയില്‍ കളിക്കാന്‍ അവസരം നല്‍കുമെന്നാണ് ജോര്‍ജ് മാസ് പറയുന്നു. എന്നാല്‍ മെസിയെ ബാഴ്‌സോലണയ്ക്ക് പൂര്‍ണമായും വിട്ടുനല്‍കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അദ്ദേഹം വിശദീകരിക്കുന്നതിങ്ങനെ... ''ബാഴ്‌സോലണയും ഇന്റര്‍ മയാമിയും ഏറ്റുമുട്ടുന്ന സൗഹൃദ മത്സരമോ മറ്റൊരു വിടവാങ്ങല്‍ വിടവാങ്ങല്‍ മത്സരമോ ബാഴ്‌സലോണയ്ക്ക് സംഘടിപ്പിക്കാം. ഈ മത്സരത്തില്‍ മെസിയെ ബാഴ്‌സോലണ ജഴ്‌സി അണിയാന്‍ അനുവദിക്കും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കാംപ് നൌ അടച്ചിട്ടിരിക്കുന്നതിനാല്‍ ഇവിടെ തന്നെ മെസിയുടെ വിടവാങ്ങല്‍ മത്സരം നടത്തണമെങ്കില്‍ ബാഴ്‌സലോണ കാത്തിരിക്കേണ്ടിവരും.'' ജോര്‍ജ് മാസ് പറഞ്ഞു.
പണം വാരിയെറിയുന്നു, സൗദി ക്ലബുകളെ ഭയക്കണം! യൂറോപ്യന്‍ ഫുട്‌ബോളിന് പെപ് ഗാര്‍ഡിയോളയുടെ മുന്നറിയിപ്പ്
ഡിസിംബറില്‍ മേജര്‍ ലീഗ് സോക്കറിന്റെ സീസണ്‍ അവസാനിച്ചാലും മെസിയെ ബാഴ്‌സോലണയ്ക്ക് വായ്പാ അടിസ്ഥാനത്തില്‍ വിട്ടുനല്‍കില്ലെന്നും മെസി ബാഴ്‌സലോണയില്‍ യാത്രയയപ്പ് അര്‍ഹിക്കുന്നതുകൊണ്ടാണ് ഇന്റര്‍ മയാമി ഇത്തരം വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാവുന്നതെന്നും മാസ് വ്യക്തമാക്കി. ഓഗസ്റ്റ് ഇരുപത്തിയൊന്നിനാണ് ഇന്റര്‍ മയാമിയില്‍ മെസിയുടെ അടുത്ത മത്സരം.