ഫിഫ റാങ്കിംഗില്‍ മൂക്കുംകുത്തി വീണ് ഇന്ത്യ; 15 സ്ഥാനങ്ങള്‍ കൂടി നഷ്ടമായി 117-ാം സ്ഥാനത്ത്
ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ ഫൈനലില്‍ ജോർദാനെ 3-1ന് തോല്‍പിച്ച് ജേതാക്കളായ ഖത്തർ 21 സ്ഥാനങ്ങളുയർന്ന് 37-ാം റാങ്കിലെത്തി
ദില്ലി: ഏഷ്യന്‍ കപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ ഫിഫ റാങ്കിംഗില്‍ കൂപ്പുകുത്തി ഇന്ത്യന്‍ പുരുഷ ഫുട്ബോള്‍ ടീം. ഫിഫ പുറത്തുവിട്ട ഏറ്റവും പുതിയ റാങ്കിംഗ് പ്രകാരം ഇന്ത്യ 117-ാം സ്ഥാനത്താണ്. ദോഹ വേദിയായ എഎഫ്സി ഏഷ്യന്‍ കപ്പില്‍ ആദ്യ റൗണ്ടില്‍ പുറത്തായതോടെ 102ല്‍ നിന്ന് 15 സ്ഥാനങ്ങള്‍ പിന്നോട്ടുപോയാണ് ഇന്ത്യ 117ലേക്ക് വീണത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഓസ്ട്രേലിയ, ഉസ്ബെക്കിസ്ഥാന്‍, സിറിയ എന്നീ മൂന്ന് ടീമുകളോടും നീലപ്പട തോല്‍വി വഴങ്ങുകയായിരുന്നു. ഒരു ഗോള്‍ പോലും മൂന്ന് കളിയിലും ഇഗോർ സ്റ്റിമാക്കിന്‍റെ ഇന്ത്യക്ക് നേടാനായില്ല.
ഏഷ്യന്‍ കപ്പ് ഫൈനലില്‍ ജോർദാനെ 3-1ന് തോല്‍പിച്ച് ജേതാക്കളായ ഖത്തർ 21 സ്ഥാനങ്ങളുയർന്ന് 37-ാം റാങ്കിലെത്തി. റണ്ണറപ്പായ ജോർദാന്‍ 17 സ്ഥാനങ്ങളുടെ മുന്നേറ്റവുമായി 70-ാമതാണ്. ടൂർണമെന്‍റില്‍ അപ്രതീക്ഷിത കുതിപ്പ് നടത്തിയ തജികിസ്ഥാന്‍ ഫിഫ റാങ്കിംഗില്‍ 99ലെത്തിയത് ശ്രദ്ധേയമാണ്. ക്വാർട്ടർ ഫൈനലില്‍ പുറത്തായത് ഏഷ്യന്‍ കരുത്തരെന്ന വിശേഷണം മുമ്പ് ചാർത്തപ്പെട്ട ജപ്പാന് തിരിച്ചടിയായെങ്കിലും ഏഷ്യയിലെ ഏറ്റവും മികച്ച റാങ്കുള്ള ടീം എന്ന ഖ്യാതി അവർക്ക് നിലനിർത്താനായി. ജപ്പാന്‍ 18ഉം ഇറാന്‍ 20 ഉം ദക്ഷിണ കൊറിയ 22 ഉം ഓസ്ട്രേലിയ 23 ഉം സൗദി അറേബ്യ 53 ഉം സ്ഥാനത്താണ് നിലവില്‍. ബംഗ്ലാദേശ് 183 ഉം പാകിസ്ഥാന്‍ 195 ഉം സ്ഥാനത്താണ്.
അതേസമയം ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ ജേതാക്കളായ ഐവറികോസ്റ്റ് 10 സ്ഥാനങ്ങളുയർന്ന് 39ലെത്തി. റണ്ണറപ്പുകളായ നൈജീരിയ 28-ാം സ്ഥാനത്തുണ്ട്. ഖത്തർ ഫിഫ ലോകകപ്പില്‍ വിസ്മയിപ്പിച്ച മൊറോക്കോയാണ് റാങ്കിംഗില്‍ ഏറ്റവും മുന്നിലുള്ള ആഫ്രിക്കന്‍ ടീം. ഫിഫ റാങ്കിംഗില്‍ 12-ാമതുള്ള മൊറോക്കോ പക്ഷേ ആഫ്രിക്കന്‍ കപ്പില്‍ പ്രീക്വാർട്ടറില്‍ പുറത്തായിരുന്നു. ഫിഫ റാങ്കിംഗില്‍ ഖത്തർ ലോകകപ്പിലെ ചാമ്പ്യന്‍മാരായ അർജന്‍റീന തന്നെയാണ് തലപ്പത്ത്. ഫ്രാന്‍സ് രണ്ടും ഇംഗ്ലണ്ട് മൂന്നും ബെല്‍ജിയം നാലും ബ്രസീല്‍ അഞ്ചും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. നെതർലന്‍ഡ്സ്, പോർച്ചുഗല്‍, സ്പെയിന്‍, ഇറ്റലി, ക്രൊയേഷ്യ എന്നീ ടീമുകളാണ് പിന്നീടുള്ള സ്ഥാനങ്ങളില്‍ യഥാക്രമം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം