കിരീടക്കുതിപ്പിനിടയിലും ഇന്ത്യന്‍ ഫുട്ബോള്‍ ടീം ഏഷ്യന്‍ ഗെയിംസിനുണ്ടായേക്കില്ല!
കായികമന്ത്രാലയത്തിന്‍റെ തീരുമാനം പുനപരിശോധിക്കണം എന്നാവശ്യപ്പെട്ട് അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ അപ്പീല്‍ നല്‍കും
ദില്ലി: സാങ്കേതിക കാരണങ്ങളാല്‍ തുടർച്ചയായ രണ്ടാം തവണയും ഇന്ത്യന്‍ പുരുഷ ഫുട്ബോള്‍ ടീമിന് ഏഷ്യന്‍ ഗെയിംസ് നഷ്ടമായേക്കും. കായികമന്ത്രാലയം നിഷ്കർഷിക്കുന്ന യോഗ്യതാ മാനദണ്ഡം പാലിക്കാന്‍ കഴിയാത്തതാണ് ഫുട്ബോള്‍ ടീമിന്‍റെ ഏഷ്യാഡിലെ പങ്കാളിത്തം അവതാളത്തിലാക്കിയത് എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. എന്നാല്‍ ഏഷ്യാഡിന് ടീമിനെ അയക്കണ്ട എന്ന കായികമന്ത്രാലയത്തിന്‍റെ തീരുമാനം പുനപരിശോധിക്കണം എന്നാവശ്യപ്പെട്ട് അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ അപ്പീല്‍ നല്‍കും.
ചൈനയിലെ ഹാങ്ഝൗ വേദിയാവുന്ന ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാനുള്ള യോഗ്യതാ മാനദണ്ഡം ഫുട്ബോള്‍ ടീമിനില്ല എന്ന് കായികമന്ത്രാലയം പറയുന്നു. ഏഷ്യയിലെ മികച്ച 8 ടീമുകളിലൊന്നാണെങ്കില്‍ മാത്രമേ വിവിധയിനങ്ങളിലുള്ള ടീമുകളെ ഏഷ്യന്‍ ഗെയിംസിന് അയക്കേണ്ടതുള്ളൂ എന്ന് കായികമന്ത്രാലയം ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനും ദേശീയ കായിക ഫെഡറേഷനും അയച്ച കത്തില്‍ പറയുന്നു. എന്നാല്‍ ഫുട്ബോളിന്‍റെ കാര്യത്തില്‍ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് കായികമന്ത്രാലയത്തിന് അപ്പീല്‍ നല്‍കാനുള്ള ശ്രമത്തിലാണ് അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ എന്ന് സെക്രട്ടറി ഷാജി പ്രഭാകരന്‍ വാർത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.
'ഗെയിംസില്‍ ഫുട്ബോള്‍ ടീം പങ്കെടുക്കേണ്ട എന്ന തീരുമാനം സർക്കാരിന്‍റേതാണ്. അത് അനുസരിച്ചേ പറ്റൂ, എങ്കിലും തീരുമാനം പുനപരിശോധിക്കണം എന്നാവശ്യപ്പെട്ട് അപ്പീല്‍ നല്‍കും. കഴിഞ്ഞ ഒരു വർഷക്കാലം ഇന്ത്യന്‍ ഫുട്ബോള്‍ ടീം മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ഏഷ്യാഡില്‍ പങ്കെടുക്കാനായാല്‍ രാജ്യത്തെ ഫുട്ബോളിനും അണ്ടർ 23 ടീമിനും അതൊരു ഊർജമാകും' എന്നും ഷാജി പ്രഭാകരന്‍ വ്യക്തമാക്കി. വ്യക്തമായ കാരണമുണ്ടെങ്കില്‍ താരങ്ങളുടെയും ടീമുകളുടേയും പങ്കാളിത്തം സംബന്ധിച്ച മാനദണ്ഡത്തില്‍ മാറ്റം വരുത്താമെന്ന് കായികമന്ത്രാലയം ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനും ദേശീയ കായിക ഫെഡറേഷനും അയച്ച കത്തില്‍ പറയുന്നുണ്ട്. ഇതിലാണ് ഇനി അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍റെ പ്രതീക്ഷ.
ഏഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷന് കീഴില്‍ വരുന്ന രാജ്യങ്ങളില്‍ 18-ാമതാണ് നിലവില്‍ ഇന്ത്യന്‍ ടീം. 2018 ഏഷ്യന്‍ ഗെയിംസിലും ഇതേ കാരണം ചൂണ്ടിക്കാട്ടി ഫുട്ബോള്‍ ടീമിനെ അയച്ചിരുന്നില്ല. തായ്‍ലന്‍ഡിലെ കിംഗ്സ് കപ്പിന് ശേഷം ദേശീയ സീനിയർ കോച്ച് ഇഗോർ സ്റ്റിമാക്കിന്‍റെ പരിശീലനത്തില്‍ അണ്ടർ 23 ടീമിനെ ഏഷ്യാഡിന് അയക്കാന്‍ നേരത്തെ അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ തീരുമാനമെടുത്തിരുന്നു. സെപ്റ്റംബർ 7 മുതല്‍ 10 വരെ കിംഗ്സ് കപ്പും 23 മുതല്‍ ഒക്ടോബർ 8 വരെ ഏഷ്യന് ഗെയിംസും നടക്കും. 2002 മുതല്‍ ഏഷ്യന് ഗെയിംസില്‍ അണ്ടർ 23 ഫുട്ബോള്‍ മത്സരമാണ് നടക്കുന്നത്. എന്നാല്‍ ഇതിനേക്കാള്‍ പ്രായമുള്ള മൂന്ന് താരങ്ങള്‍ക്ക് ടീമില്‍ ഇടം നല്‍കാം.
Read more: വരുന്നു തീതുപ്പാന്‍ ബും ബും ബുമ്ര; മടങ്ങിവരവ് തീരുമാനമായി, പ്രഖ്യാപനം മാത്രം ബാക്കി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം