പ്രതിഷേധം ഫലം കാണുന്നു; ഇന്ത്യന്‍ ഫുട്ബോള്‍ ടീമിനെ ഏഷ്യന്‍ ഗെയിംസിനയച്ചേക്കും, നായകനാവുക ഛേത്രി

സമീപകാലത്ത് ഇന്‍റര്‍ കോണ്ടിനെന്‍റല്‍ കപ്പ് കിരീടവും സാഫ് കപ്പും നേടിയിട്ടും ഇന്ത്യന്‍ പുരുഷ ഫുട്ബോള്‍ ടീമിനെ ഏഷ്യന്‍ ഗെയിംസിന് അയക്കണ്ട എന്ന നിലപാടിലായിരുന്നു നേരത്തെ കായിക മന്ത്രാലയം

Indian Football Team captained by Sunil Chhetri may send to Asian Games 2022 jje

ദില്ലി: ആരാധക പ്രതിഷേധത്തിനൊടുവില്‍ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ പുരുഷ ഫുട്ബോള്‍ ടീമിനെ മത്സരിപ്പിക്കാനുള്ള സാധ്യത തെളിയുന്നു. അഖിലേന്ത്യ ഫുട്ബോള്‍ ഫെഡ‍റേഷന്‍ തലവന്‍ കല്യാണ്‍ ചൗബെ ഗെയിംസ് പങ്കാളിത്തം സംബന്ധിച്ച് കായിക മന്ത്രാലയത്തെ കാര്യങ്ങള്‍ ബോധിപ്പിച്ചു എന്നാണ് വാര്‍ത്താ ഏജന്‍സിയാ പിടിഐയുടെ റിപ്പോര്‍ട്ട്. എന്നാല്‍ ടൂര്‍ണമെന്‍റില്‍ പങ്കെടുക്കാനുള്ള അന്തിമാനുമതി ഇതുവരെ ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന് കായികമന്ത്രാലയം നല്‍കിയിട്ടില്ല. 

സമീപകാലത്ത് ഇന്‍റര്‍ കോണ്ടിനെന്‍റല്‍ കപ്പ് കിരീടവും സാഫ് കപ്പും നേടിയിട്ടും ഇന്ത്യന്‍ പുരുഷ ഫുട്ബോള്‍ ടീമിനെ ഏഷ്യന്‍ ഗെയിംസിന് അയക്കണ്ട എന്ന നിലപാടിലായിരുന്നു നേരത്തെ കായികമന്ത്രാലയം. റാങ്കിംഗില്‍ ഏഷ്യയില്‍ ആദ്യ എട്ടിലുള്ള ടീമുകളെ മാത്രം ഗെയിംസിന് അയച്ചാല്‍ മതിയെന്ന കായികമന്ത്രാലയത്തിന്‍റെ മാനദണ്ഡമാണ് ടീമിന് തിരിച്ചടിയായത്. നിലവില്‍ ഏഷ്യയില്‍ 18-ാം സ്ഥാനക്കാരാണ് ഇഗോര്‍ സ്റ്റിമാക്കിന്‍റെ കുട്ടികള്‍. ഗെയിംസില്‍ നിന്ന് ഫുട്ബോള്‍ ടീമിനെ മാറ്റിനിര്‍ത്തുന്നതിനെ ആരാധകര്‍ എതിര്‍ത്തിരുന്നു. മാത്രമല്ല, അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ വിഷയത്തില്‍ കൂടുതലായി ഇടപെടുകയും ചെയ്‌തു. സമീപകാല ഫോം ചൂണ്ടിക്കാട്ടിയാണ് ഗെയിംസിലെ ഇന്ത്യന്‍ പുരുഷ ടീമിന്‍റെ പങ്കാളിത്തം എഐഎഫ്എഫ് കായിക മന്ത്രാലയത്തെ ധരിപ്പിച്ചത്. 

ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ ഫുട്ബോള്‍ ടീമിനെ അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോടും കായികമന്ത്രിയോടും അപേക്ഷിച്ച് ഇന്ത്യന്‍ പരിശീലകന്‍ ഇഗോർ സ്റ്റിമാക് രംഗത്തെത്തിയത് വലിയ ചര്‍ച്ചയായിരുന്നു. ഗെയിംസില്‍ പോരാടി ഇന്ത്യയുടെ അഭിമാനവും പതാകയും ഉയർത്തും എന്ന ഉറപ്പ് സ്റ്റിമാക് പ്രധാനമന്ത്രിക്ക് നല്‍കിയിരുന്നു. വ്യക്തമായ കാരണമുണ്ടെങ്കില്‍ താരങ്ങളുടെയും ടീമുകളുടേയും പങ്കാളിത്തം സംബന്ധിച്ച മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താമെന്ന് കായികമന്ത്രാലയം ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനും ദേശീയ കായിക ഫെഡറേഷനും അയച്ച കത്തില്‍ മുമ്പ് സൂചിപ്പിച്ചിരുന്നു. ഇതിനുസരിച്ചാണ് ഗെയിംസില്‍ പങ്കെടുക്കാന്‍ പുരുഷ ഫുട്ബോള്‍ ടീമിനെ അനുവദിക്കണമെന്ന് മന്ത്രാലയത്തോട് എഐഎഫ്എഫ് ആവശ്യപ്പെട്ടത്. 

2018 ഏഷ്യന്‍ ഗെയിംസിലും ഇതേ കാരണം ചൂണ്ടിക്കാട്ടി കായിക മന്ത്രാലയം ഫുട്ബോള്‍ ടീമിനെ അയച്ചിരുന്നില്ല. 2002 മുതല്‍ ഏഷ്യന്‍ ഗെയിംസില്‍ അണ്ടർ 23 ഫുട്ബോള്‍ മത്സരമാണ് നടക്കുന്നത്. എന്നാല്‍ ഇതിനേക്കാള്‍ പ്രായമുള്ള മൂന്ന് താരങ്ങള്‍ക്ക് ടീമില്‍ ഇടം നല്‍കാം. അതിനാല്‍ കായിക മന്ത്രാലയത്തിന്‍റെ അനുമതി ലഭിച്ചാല്‍ സീനിയര്‍ ടീം നായകന്‍ സുനില്‍ ഛേത്രിക്കൊപ്പം പ്രതിരോധ താരം സന്ദേശ് ജിംഗാനും ഗോളി ഗുര്‍പ്രീത് സിംഗ് സന്ധുവും സ്‌ക്വാഡിലുണ്ടാകും. നിലവിലെ ഇന്ത്യന്‍ സീനിയര്‍ ടീമില്‍ ഏഴ് അണ്ടര്‍-23 താരങ്ങളുണ്ട് എന്നത് അനുകൂലമാണ്. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ പുരുഷ ഫുട്ബോള്‍ ടീം പങ്കെടുക്കുന്നുണ്ടെങ്കില്‍ സീനിയർ ടീം പരിശീലകന്‍ ഇഗോർ സ്റ്റിമാക്കിന് തന്നെയാവും കോച്ചിന്‍റെ ചുമതല. 

Read more: 'ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ അനുവദിക്കൂ, മെഡലുമായി അഭിമാനമുയർത്താം'; പ്രധാനമന്ത്രിയോട് ഇഗോർ സ്റ്റിമാക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios