സ്വന്തം മണ്ണിൽ വീറോടെ പൊരുതി, പക്ഷേ ഖത്തർക്കോട്ട അനക്കാനായില്ല; തോറ്റെങ്കിലും പോയിന്‍റ് ടേബിളിൽ ആശ്വാസം
ഏകപക്ഷീയമായ 3 ഗോളുകൾക്കാണ് ഏഷ്യൻ കരുത്തരായ ഖത്തർ നീലപ്പടയെ തകർത്തത്
ഭുവനേശ്വർ: ലോകകപ്പ് യോഗ്യത പോരാട്ടത്തിൽ കരുത്തരായ ഖത്തറിനെതിരെ സ്വന്തം മണ്ണിൽ വീറോടെ പൊരുതിയെങ്കിലും ഇന്ത്യക്ക് തോൽവി. ഏകപക്ഷീയമായ 3 ഗോളുകൾക്കാണ് ഏഷ്യൻ കരുത്തരായ ഖത്തർ നീലപ്പടയെ തകർത്തത്. നാലാം മിനിട്ടിൽ മുസ്തഫ മാഷലിലൂടെയാണ് ഖത്തർ മുന്നിലെത്തിയത്. 47 -ാം മിനിട്ടിൽ അൽമോയിസും 86 -ാം മിനിട്ടിൽ യൂസഫും ഇന്ത്യക്കെതിരെ നിറയൊഴിച്ചു. ഖത്തർ 20 ഷോട്ടുകൾ പായിച്ചപ്പോൾ ഇന്ത്യക്ക് 7 ഷോട്ടുകൾ മാത്രമേ തൊടുക്കാനായുള്ളു. ഖത്തറിന്‍റെ 6 ഷോട്ടുകൾ ഗോൾവല ലക്ഷ്യമിട്ടപ്പോൾ ഇന്ത്യക്ക് ഒന്നുപോലും ലക്ഷ്യത്തിലേക്ക് തൊടുക്കാനായില്ലെന്നത് നിരാശയായി.
ഇന്ത്യ-ഓസ്‌ട്രേലിയ ടി20; കര്‍ശന നിര്‍ദേശങ്ങളുമായി തിരുവനന്തപുരം നഗരസഭ
മുന്നേറ്റത്തിലും പ്രതിരോധത്തിലും താളം കണ്ടെത്തിയ ഖത്തർ മികച്ച പ്രകടനമാണ് ഇന്ത്യക്കെതിരെ പുറത്തെടുത്തത്. 46 ശതമാനം ബോൾ പൊസഷനിലൂടെ ഇന്ത്യയും പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും ഖത്തർക്കോട്ടയിലേക്ക് മുന്നേറാൻ സാധിക്കാത്തത് വെല്ലുവിളിയായി. തോറ്റെങ്കിലും പോയിന്‍റ് ടേബിളിൽ രണ്ടാം സ്ഥാനം സ്വന്തമായിട്ടുള്ളത് ഇന്ത്യക്ക് ആശ്വാസമാണ്. കഴിഞ്ഞ കഴിയിൽ കുവൈത്തിനെ പരാജയപ്പെടുത്തിയ ഇന്ത്യ, ഇന്ന് വിജയപ്രതീക്ഷയോടെയാണ് തുടങ്ങിയത്. മികച്ച മുന്നേറ്റത്തിനുള്ള അവസരങ്ങൾ ലഭിച്ചെങ്കിലും ഗോളിലേക്ക് മുന്നേറാനാകാത്തതാണ് ഇന്ത്യക്ക് തിരിച്ചടിയായത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഫിഫ റാങ്കിംഗിൽ നൂറ്റിരണ്ടാം സ്ഥാനക്കാരായ ഇന്ത്യക്ക് അറുപത്തിയൊന്നാം സ്ഥാനക്കാരായ ഖത്തറിനെതിരെ പോരാടാൻ സാധിച്ചതിന്‍റെ ആശ്വാസമുണ്ടാകും. ഖത്തറിനെ തോൽപിക്കാൻ ഇതുവരെ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല. നേരത്തെ ഏറ്റുമുട്ടിയ മൂന്ന് കളിയിൽ രണ്ടിലും തോൽവി വഴങ്ങിയിരുന്നു. 2019 ൽ നേടിയ ഗോൾരഹിത സമനിലയാണ് ആശ്വാസമായി ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. ഖത്തറിനും കുവൈറ്റിനും പുറമെ അഫ്ഗാനിസ്ഥാനാണ് ഇന്ത്യയുടെ ഗ്രൂപ്പിലുള്ള മൂന്നാമത്തെ ടീം. ഗ്രൂപ്പിലെ ആദ്യ രണ്ട് ടീമുകളാണ് യോഗ്യതാ റൗണ്ടിലെ അടുത്ത ഘട്ടത്തിലേക്ക് മുന്നേറുക. അഫ്ഗാനെ നേരത്തെ നിലംപരിശാക്കിയതിനാൽ തന്നെ ഇന്ത്യക്ക് അടുത്ത റൗണ്ടിലേക്ക് മുന്നേറാമെന്നാണ് പ്രതീക്ഷ. ഖത്തറാകട്ടെ ഗ്രൂപ്പ് ചാമ്പ്യൻമാരാകാനുള്ള കുതിപ്പിലാണ്.