ലോകകപ്പ് യോഗ്യത: കുവൈറ്റിനെ അട്ടിമറിച്ച ഇന്ത്യ ഇന്ന് ഖത്തറിനെതിരെ; മത്സരം കാണാനുള്ള വഴികള്‍, ഇന്ത്യൻ സമയം
അഫ്ഗാനിസ്ഥാനെ ഒന്നിനെതിരെ എട്ട് ഗോളിന് തകർത്താണ് ഖത്തർ ഭുവനേശ്വറിൽ എത്തിയിരിക്കുന്നത്. നാല് ഗോൾ നേടിയ സ്ട്രൈക്കർ അൽമോയെസ് അലി തന്നെ ആയിരിക്കും ഇന്ത്യക്ക് വലിയെ വെല്ലുവിളിയാവുക. കരുത്തർക്കെതിരെ പ്രതിരോധം കടുപ്പിച്ചാവും കളിക്കുകയെന്ന് ഇന്ത്യൻകോച്ച് ഇഗോർ സ്റ്റിമാക് വ്യക്തമാക്കിക്കഴിഞ്ഞു.
ഭുബനേശ്വര്‍: ലോകകപ്പ് ഫുട്ബോൾ യോഗ്യതാറൗണ്ടിൽ അട്ടിമറി ജയത്തിനായി ഇന്ത്യ ഇന്നിറങ്ങും. രണ്ടാം മത്സരത്തിൽ കരുത്തരായ ഖത്തറാണ് എതിരാളികൾ. വൈകിട്ട് ഏഴിന് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരം. സ്പോര്‍ട്സ് 18 നെറ്റ്‌വര്‍ക്കിലും ജിയോ സിനിമ ആപ്പിലും വെബ് സൈറ്റിലും മത്സരം തത്സയം കാണാനാകും.
കുവൈറ്റിനെ ഒറ്റഗോളിന് വീഴ്ത്തിയ കരുത്തുമായാണ് ഇന്ത്യ ഇറങ്ങുന്നത്. യോഗ്യതാ റൗണ്ടിലെ രണ്ടാം പോരിൽ ഏഷ്യൻ ചാമ്പ്യൻമാരായ ഖത്തറിനെതിരെ സ്വന്തം കാണികൾക്ക് മുന്നിൽ ഇറങ്ങുമ്പോൾ ഛേത്രിയുടെയും സംഘത്തിന്‍റെയും ആത്മവിശ്വാസത്തിന് ഒട്ടുംകുറവില്ല.
അഫ്ഗാനിസ്ഥാനെ ഒന്നിനെതിരെ എട്ട് ഗോളിന് തകർത്താണ് ഖത്തർ ഭുവനേശ്വറിൽ എത്തിയിരിക്കുന്നത്. നാല് ഗോൾ നേടിയ സ്ട്രൈക്കർ അൽമോയെസ് അലി തന്നെ ആയിരിക്കും ഇന്ത്യക്ക് വലിയെ വെല്ലുവിളിയാവുക. കരുത്തർക്കെതിരെ പ്രതിരോധം കടുപ്പിച്ചാവും കളിക്കുകയെന്ന് ഇന്ത്യൻകോച്ച് ഇഗോർ സ്റ്റിമാക് വ്യക്തമാക്കിക്കഴിഞ്ഞു.
ഓരോ മത്സരത്തിലും താരങ്ങളെ മാറ്റിപരീക്ഷിക്കുന്ന പതിവ് സ്റ്റിമാക്ക് ഇന്നുംതുടരും. സഹൽ അബ്ദുൽ സമദാണ് ടീമിലെ ഏക മലയാളി സാന്നിധ്യം.കുവൈറ്റിനെതിരെ നിർണായക ഗോൾനേടിയ മൻവീർ സിംഗ് ഇന്നലെ പരിശീലനത്തിന് ഇറങ്ങിയില്ലെങ്കിലും ടീമിൽ ഇടം പിടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നായകൻ ഛേത്രി, ഗോളി ഗുർപ്രീത് സിംഗ് സന്ധു, സന്ദേശ് ജിംഗാൻ, ലാലിയൻ സുവാല ചാംഗ്തേ തുടങ്ങിയവരുടെ പ്രകടനം നിർണായകമാവും.
ഫിഫ റാങ്കിംഗിൽ ഇന്ത്യ നൂറ്റിരണ്ടും ഖത്തർ അറുപത്തിയൊന്നും സ്ഥാനത്ത്. ഖത്തറിനെ തോൽപിക്കാൻ ഇതുവരെ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല. ഏറ്റുമുട്ടിയ മൂന്ന് കളിയിൽ രണ്ടിലും തോൽവി. 2019ൽ നേടിയ ഗോൾരഹിത സമനിലയാണ് ആശ്വാസമായി ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. ഖത്തറിനും കുവൈറ്റിനും പുറമെ അഫ്ഗാനിസ്ഥാനാണ് ഇന്ത്യയുടെ ഗ്രൂപ്പിലുള്ള മൂന്നാമത്തെ ടീം. ഗ്രൂപ്പിലെ ആദ്യ രണ്ട് ടീമുകളാണ് യോഗ്യതാ റൗണ്ടിലെ അടുത്ത ഘട്ടത്തിലേക്ക് മുന്നേറുക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക