വീണ്ടും ലെബനോന്‍ കീഴടക്കാന്‍ ഛേത്രിയും സംഘവും! സാഫ് കപ്പില്‍ സെമി ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും
ഈ പിഴവുകള്‍ നികത്തിയാലെ ഇന്ത്യക്ക് സാഫ് കപ്പ് നിലനിര്‍ത്താനാവൂ. ബി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായാണ് ലെബനോണ്‍ സെമിയിലേക്ക് മുന്നേറിയത്.
ബംഗളൂരു: സാഫ് കപ്പ് ഫുട്‌ബോളില്‍ ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യയിന്ന് ഇറങ്ങും. വൈകീട്ട് ഏഴരയ്ക്ക് ബെംഗളൂരുവില്‍ നടക്കുന്ന കളിയില്‍ ലെബനോണാണ് എതിരാളി. ആദ്യ സെമിയില്‍ കുവൈറ്റ് ബംഗ്ലാദേശിനെയും നേരിടും. ഫിഫ റാങ്കിംഗില്‍ ആദ്യ നൂറിലേക്ക് മുന്നേറിയതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ സെമി പോരിനിറങ്ങുന്നത്. എതിരാളി ദിവസങ്ങള്‍ക്ക് മുന്പ് ഇന്റര്‍കോണ്ടിനല്‍ കപ്പ് ഫൈനലില്‍ കീഴടക്കിയ ലെബനോണ്‍. ഇന്ത്യയുടെ എതിരില്ലാത്ത രണ്ട് ഗോള്‍ ജയം കിരീടം മാത്രമല്ല.
46 വര്‍ഷത്തിനിടെ ലെബനോണിനോട് ജയിച്ചിട്ടില്ലെന്ന നാണക്കേട് കൂടി മാറ്റിയത്. ആ വിജയക്കുതിപ്പ് ഇന്നും തുടരാനാണ് നീലപ്പട ലക്ഷ്യമിടുന്നത്. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ മിന്നും ഫോമാണ് ഇന്ത്യയുടെ കരുത്ത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് ഹാട്രിക് ഉള്‍പ്പടെ അഞ്ച് ഗോള്‍ നേടിയ ഛേത്രിയാണ് സാഫ് കപ്പിലെ നിലവിലെ ടോപ് സ്‌കോറര്‍. എന്നാല്‍ മധ്യനിരയുടെയും പ്രതിരോധനിരയുടെയും പിഴവുകള്‍ ഇന്ത്യയെ ആശങ്കയിലാക്കുന്നു. നേപ്പാളിനോട് കഷ്ടിച്ച് ജയിച്ചപ്പോള്‍ കുവൈറ്റിനോട് സമനില വഴങ്ങി.
ഈ പിഴവുകള്‍ നികത്തിയാലെ ഇന്ത്യക്ക് സാഫ് കപ്പ് നിലനിര്‍ത്താനാവൂ. ബി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായാണ് ലെബനോണ്‍ സെമിയിലേക്ക് മുന്നേറിയത്. ഹസ്സന്‍ മാച്ച്യൂക്കിന്റെയും ഖാലീല്‍ ബാദറിന്റെയും ഗോളടി മികവാണ് ലെബനോണിന്റെ കരുത്ത്. ടിവിയില്‍ ഡിഡി ഭാരതിയിലും ഡിജിറ്റല്‍ സ്ട്രീമിംഗില്‍ ഫാന്‍കോഡ് ആപ്പിലും മത്സരം തത്സമയം കാണാനാകും. സഹല്‍ അബ്ദുല്‍ സമദും ആഷിക് കുരുണിയനുമാണ് ടീമിലെ മലയാളി സാന്നിധ്യം.
അതേസമയം റാങ്കിംഗില്‍ ആദ്യ 100ലെത്തിയത് ഇന്ത്യയുടെ ആത്മവിശ്വാസം കൂട്ടും. 2018 മാര്‍ച്ചില്‍ 99-ാം സ്ഥാനത്തെത്തിയ ശേഷം ഇന്ത്യയുടെ ഏറ്റവും മികച്ച റാങ്കിംഗാണിത്. ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പിലെ കിരീട നേട്ടവും സാഫ് കപ്പിലെ മികച്ച പ്രകടനവുമാണ് ഇന്ത്യയെ ആദ്യ നൂറില്‍ തിരിച്ചെത്താന്‍ സഹായിച്ചത്. ഭുബനേശ്വറില്‍ നടന്ന ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പില്‍ റാങ്കിംഗില്‍ മുന്നിലുള്ള ലെബനനെനും കിര്‍ഗിസ്ഥാനെയും കീഴടക്കിയായിരുന്നു ഇന്ത്യ കിരീടം നേടിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം