എഎഫ്‌സി ഏഷ്യന്‍ കപ്പ്: ഓസ്‌ട്രേലിയയെ വരച്ച വരയില്‍ നിര്‍ത്തി ഇന്ത്യന്‍ പ്രതിരോധം; ആദ്യപാതി ഗോള്‍രഹിതം
ആദ്യപാതിയില്‍ 70 ശതമാനവും പന്ത് ഓസ്‌ട്രേലിയന്‍ താരങ്ങളുടെ കാലിലായിരുന്നു. ഏറ്റവും കൂടുതല്‍ ഷോട്ടുകളുതിര്‍ത്തതും ഓസ്‌ട്രേലിയ തന്നെ. ഇതുവരെ 11 തവണ ഇന്ത്യയുടെ ഗോള്‍മുഖത്ത് ഓസ്‌ട്രേലിയ ഭീഷണി ഉയര്‍ത്തി.
ദോഹ: എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ കരുത്തരായ ഓസ്‌ട്രേലിയക്കെതിരെ ജീവന്മരണ പോരാട്ടം നടത്തി ഇന്ത്യ. ആദ്യപാതി പിന്നിടുമ്പോള്‍ ഓസ്‌ട്രേലിയയെ ഗോള്‍രഹിത സമനിലയില്‍ പിടിക്കാന്‍ ഇന്ത്യക്കായിട്ടുണ്ട്. ഇന്ത്യന്‍ പ്രതിരോധത്തിലെ അച്ചടക്കമാണ് ഓസ്‌ട്രേലിയയെ ഗോളില്‍ നിന്നകറ്റിയത്. യൂറോപ്യന്‍ ഫുട്‌ബോള്‍ ലീഗില്‍ കളിക്കുന്ന താരങ്ങള്‍ നിറഞ്ഞ സോക്കറൂസിനെ ആദ്യ പകുതിയില്‍ ഗോളില്‍ നിന്നകറ്റിയത് തന്നെ വലിയ കാര്യമെന്ന് പറയാം. കഴിഞ്ഞ ഫിഫ ലോകകപ്പില്‍ ചാംപ്യന്‍ന്മാരയ അര്‍ജന്റീനയെ വിറപ്പിക്കാനും ഓസ്‌ട്രേലിയക്കായിരുന്നുവെന്ന് ഓര്‍ക്കണം.
ആദ്യപാതിയില്‍ 70 ശതമാനവും പന്ത് ഓസ്‌ട്രേലിയന്‍ താരങ്ങളുടെ കാലിലായിരുന്നു. ഏറ്റവും കൂടുതല്‍ ഷോട്ടുകളുതിര്‍ത്തതും ഓസ്‌ട്രേലിയ തന്നെ. ഇതുവരെ 11 തവണ ഇന്ത്യയുടെ ഗോള്‍മുഖത്ത് ഓസ്‌ട്രേലിയ ഭീഷണി ഉയര്‍ത്തി. രണ്ട് തവണ പന്ത് ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിംഗ് സന്ധുവിന്റെ കൈകളില്‍ വിശ്രമിച്ചു. സന്ദേശ് ജിങ്കാന്‍, രാഹുല്‍ ബെഹ്‌കെ എന്നില്‍ സെന്‍ട്രല്‍ ഡിഫന്‍ഡര്‍മാരുടെ പ്രകടനവും എടുത്തുപറയേണ്ടതാണ്. നിഖില്‍ പൂജാരി, സുബാഷിഷ് ബോസ് എന്നിവര്‍ വിംഗില്‍ നിന്നും പിന്തുണ നല്‍കി.
ആറാം മിനിറ്റില്‍ ഡ്യൂക്കിന്റെ ഗോള്‍ ശ്രമത്തോടെയാണ് ഓസ്‌ട്രേലിയ തുടങ്ങിയത്. പിന്നീട് പലപ്പോഴായി പന്ത് ഇന്ത്യയുടെ ഗോള്‍ മുഖത്ത് തന്നെയായിരുന്നു. എന്നാല്‍ 16-ാം മിനിറ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിക്ക് ഗോള്‍ നേടാന്‍ സുവര്‍ണാവസരം ലഭിച്ചു. വലത് വിംഗില്‍ നിന്ന് വന്ന പന്തില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ഛേത്രി ഹെഡ്ഡറിന് ശ്രമിച്ചെങ്കിലും പുറത്തേക്ക് പോയി. ഇന്ത്യക്ക് ലഭിച്ച ഏക അവസരവും അതുതന്നെ. അതിന് ശേഷം ഇന്ത്യയുടെ ഡിഫന്‍ഡര്‍മാര്‍ ഓസീസിനെ തടഞ്ഞുനിര്‍ത്തുകയായിരുന്നു.
ഇന്ത്യ, ഓസ്‌ട്രേലിയ എന്നിവര്‍ക്ക് പുറമെ ഉസ്‌ബെക്കിസ്ഥാന്‍, സിറിയ എന്നിവരാണ് ഗ്രൂപ്പ് ബിയില്‍ മത്സരിക്കുന്നത്. രണ്ട് ടീമുകളാണ് അടുത്ത റൗണ്ടിലേക്ക് മുന്നേറുക.
ഇങ്ങനേയും ഒരു ഓവര്‍! അഞ്ച് പന്തില്‍ 33 റണ്‍സ്, നാല് സിക്‌സുകള്‍; തലകുനിച്ച് ലോഗന്‍ വാന്‍ ബീക്ക്