എഎഫ്‌സി ഏഷ്യന്‍ കപ്പ്: ആദ്യപാതിയില്‍ ഓസ്‌ട്രേലിയയെ പൂട്ടി! രണ്ടാംപാതിയില്‍ കൈവിട്ടു, ഇന്ത്യക്ക് തോല്‍വി
ഒരിക്കല്‍ മാത്രമാണ് ഇന്ത്യ ഓസ്‌ട്രേലിയന്‍ ഗോള്‍മുഖത്ത് ഭീഷണിയായത്. 16-ാം മിനിറ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിക്ക് ഗോള്‍ നേടാന്‍ സുവര്‍ണാവസരം ലഭിച്ചു.
ദോഹ: എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ കരുത്തരായ ഓസ്‌ട്രേലിയയെ വിറപ്പിച്ച് ഇന്ത്യ കീഴടങ്ങി. അഹ്മ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ഓസ്‌ട്രേലിയയുടെ ജയം. ജാക്‌സിന്‍ ഇര്‍വിന്‍, ജോര്‍ദാന്‍ ബോസ് എന്നിവരാണ് സോക്കറൂസിന്റെ ഗോളുകള്‍ നേടിയത്. ആദ്യ പകുതിയില്‍ കരുത്തരെ ഗോള്‍ രഹിത സമനിലയില്‍ പിടിക്കാന്‍ ഇന്ത്യക്കായിരുന്നു. എന്നാല്‍ രണ്ടാം പാതിയില്‍ എല്ലാം താളം തെറ്റി. ഇരുവര്‍ക്കും പുറമെ ഉസ്‌ബെക്കിസ്ഥാന്‍, സിറിയ എന്നിവരാണ് ഗ്രൂപ്പ് ബിയില്‍ മത്സരിക്കുന്നത്. രണ്ട് ടീമുകളാണ് അടുത്ത റൗണ്ടിലേക്ക് മുന്നേറുക.
കളത്തില്‍ കായിക കരുത്ത് തന്നെയായിരുന്നു ഓസ്‌ട്രേലിയയുടെ ബലം. ഒരു ഗോള്‍ നേടിയതോടെ മാനസികമായ നേട്ടവും അവര്‍ക്ക് ലഭിച്ചു. ആദ്യപാതിയില്‍ 70 ശതമാനവും പന്ത് ഓസ്‌ട്രേലിയന്‍ താരങ്ങളുടെ കാലിലായിരുന്നു. ഏറ്റവും കൂടുതല്‍ ഷോട്ടുകളുതിര്‍ത്തതും ഓസ്‌ട്രേലിയ തന്നെ. ഒരിക്കല്‍ മാത്രമാണ് ഇന്ത്യ ഓസ്‌ട്രേലിയന്‍ ഗോള്‍മുഖത്ത് ഭീഷണിയായത്. 16-ാം മിനിറ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിക്ക് ഗോള്‍ നേടാന്‍ സുവര്‍ണാവസരം ലഭിച്ചു. വലത് വിംഗില്‍ നിന്ന് വന്ന പന്തില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ഛേത്രി ഹെഡ്ഡറിന് ശ്രമിച്ചെങ്കിലും പുറത്തേക്ക് പോയി.
തുടര്‍ന്ന് ഇന്ത്യയുടെ ഡിഫന്‍ഡര്‍മാര്‍ ഓസീസിനെ തടഞ്ഞുനിര്‍ത്തുകയായിരുന്നു. ഗോളുകള്‍ എണ്ണം കുറയുന്നതിന് പ്രതിരോധനിരക്ക് വലിയ ജോലി ചെയ്യേണ്ടിവന്നു. 50-ാം മിനിറ്റിലായിരുന്നു ഓസീസിന് ലീഡ് സമ്മാനിച്ച ഇര്‍വിന്റെ ഗോള്‍ വന്നത്. ഇന്ത്യയുടെ ബോക്‌സിലേക്ക് വന്ന ഒരു ക്രോസ് തടയുന്നതില്‍ ഗുര്‍പ്രീത് സന്ധുവിന് പിഴവ് സംഭവിച്ചു. അദ്ദേഹം പന്ത് തടഞ്ഞിട്ടത് ഇര്‍വിന്റെ മുന്നിലേക്കായിരുന്നു. അനായാസം താരം ഗോള്‍ കണ്ടെത്തി. 72-ാം മിനിറ്റില്‍ രണ്ടാം ഗോളും. റിലീ മക്ഗ്രീയുടെ ക്രോസില്‍ ജോര്‍ദാന്റെ ടാപ് ഇന്‍.
പരാജയപ്പെട്ടെങ്കിലും യൂറോപ്യന്‍ ഫുട്‌ബോള്‍ ലീഗില്‍ കളിക്കുന്ന താരങ്ങള്‍ നിറഞ്ഞ സോക്കറൂസിനെ ആദ്യ പകുതിയില്‍ ഗോളില്‍ നിന്നകറ്റിയത് തന്നെ വലിയ കാര്യമെന്ന് പറയാം. കഴിഞ്ഞ ഫിഫ ലോകകപ്പില്‍ ചാംപ്യന്‍ന്മാരയ അര്‍ജന്റീനയെ വിറപ്പിക്കാനും ഓസ്‌ട്രേലിയക്കായിരുന്നുവെന്ന് ഓര്‍ക്കണം.
ഇങ്ങനേയും ഒരു ഓവര്‍! അഞ്ച് പന്തില്‍ 33 റണ്‍സ്, നാല് സിക്‌സുകള്‍; തലകുനിച്ച് ലോഗന്‍ വാന്‍ ബീക്ക്