കുവൈത്തിന്റെ മണ്ണിൽ കൊടി നാട്ടി ഇന്ത്യയുടെ ചുണക്കുട്ടികൾ; ലോകകപ്പ് യോഗ്യത പോരിൽ നിർണായക വിജയം സ്വന്തം
ഇതോടെ ഗ്രൂപ്പ് എയിൽ എല്ലാ ടീമുകളും ഓരോ മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ ഖത്തറിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യയുള്ളത്.
കുവൈത്ത് സിറ്റി: ലോകകപ്പ് യോഗ്യത പോരാട്ടത്തിൽ കുവൈത്തിനെ തകർത്തെറിഞ്ഞ് ഇന്ത്യക്ക് മിന്നും തുടക്കം. ഗ്രൂപ്പ് എയിലെ ടീമുകളുടെ ആദ്യ അങ്കത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. 75-ാം മിനിറ്റിൽ മൻവീർ സിംഗ് ഇന്ത്യക്കായി ഗോൾ നേടി. ഇതോടെ ഗ്രൂപ്പ് എയിൽ എല്ലാ ടീമുകളും ഓരോ മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ ഖത്തറിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യയുള്ളത്.
നേരത്തെ, ഖത്തർ അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു. കുവൈത്തിന്റെ മണ്ണിൽ നടന്ന പോരാട്ടത്തിൽ 75-ാം മിനിറ്റിലാണ് ഇന്ത്യൻ ആരാധകർ കാത്തിരുന്ന നിമിഷം പിറന്നത്. ലലിയൻസുവാല ചാംഗ്തെയുടെ അസിസ്റ്റിൽ നിന്നാണ് മൻവീർ ഗോൾ സ്വന്തമാക്കിയത്. ബോക്സിന് നടുക്ക് നിന്നുള്ള മൻവീറിന്റെ ഇടംകാലൻ ഷോട്ട് തടയാൻ കുവൈത്ത് ഗോൾ കീപ്പർക്ക് സാധിച്ചില്ല. പിന്നീടുള്ള നിമിഷങ്ങളിൽ സമനില ഗോളിനായി കുവൈത്ത് പരിശ്രമിച്ചെങ്കിലും സാധിച്ചില്ല.
ഇതോടെ എ ഗ്രൂപ്പിലെ നിർണായകമായ വിജയം ഇന്ത്യ പേരിലെഴുതുകയായിരുന്നു. സുനിൽ ഛേത്രി, സഹൽ അബ്ദുൾ സമദ്, സന്ദേശ് ജിങ്കൻ, രാഹുൽ ഭേക്കേ തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം ഇന്ത്യക്ക് വേണ്ടി കളത്തിൽ ഇറങ്ങി. ലോകകപ്പ് യോഗ്യതയില്‍ ഖത്തറിനെ മറികടക്കുക ഇന്ത്യക്ക് വെല്ലുവിളിയാവും.
അതുകൊണ്ട് തന്നെ കുവൈത്തിനെതിരെ നേടിയ ഈ വിജയം മുന്നോട്ടുള്ള കുതിപ്പിൽ വലിയ മുതൽക്കൂട്ടാണ്. 1982ല്‍ ലോകകപ്പിന് യോഗ്യത നേടിയ ടീമാണ് കുവൈത്ത്. ഇടയ്ക്ക് ഫിഫ വിലക്ക് വന്നതാണ് റാങ്കിംഗില്‍ പിന്നില്‍ പോകാന്‍ കാരണം. ഇക്കഴിഞ്ഞ സാഫ് കപ്പില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇന്ത്യ, കുവൈത്തിനെ തോല്‍പ്പിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം