കേരളത്തിനും ബ്ലാസ്റ്റേഴ്‌സിനും അഭിമാനം; ഇന്‍റര്‍കോണ്ടിനെന്‍റല്‍ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
ജൂണ്‍ 9നാണ് ഇന്‍റര്‍കോണ്ടിനെന്‍റല്‍ കപ്പ് ആരംഭിക്കുന്നത്. ജൂണ്‍ 18നാണ് ഫൈനല്‍.
ദില്ലി: ഹീറോ ഇന്‍റര്‍കോണ്ടിനെന്‍റല്‍ കപ്പ് ഫുട്ബോളിനുള്ള 27 അംഗ ഇന്ത്യന്‍ ഫുട്ബോള്‍ ടീമിനെ മുഖ്യ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാക്ക് പ്രഖ്യാപിച്ചു. പരിചയസമ്പത്തും യുവകരുത്തും സമ്മേളിക്കുന്ന ടീമില്‍ കേരള ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് സഹല്‍ അബ്‌ദുല്‍ സമദും ജീക്‌സണ്‍ സിംഗും ഇടംപിടിച്ചു. ഇരുവരേയും സാമൂഹ്യമാധ്യമങ്ങളിലൂടെ അഭിനന്ദിച്ച ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. മറ്റൊരു മലയാളി ആഷിഖ് കുരുണിയനും ടീമിലുണ്ട്.
ജൂണ്‍ 9നാണ് ഇന്‍റര്‍കോണ്ടിനെന്‍റല്‍ കപ്പ് ആരംഭിക്കുന്നത്. ജൂണ്‍ 18നാണ് ഫൈനല്‍. ടൂര്‍ണമെന്‍റില്‍ ഇന്ത്യന്‍ ടീമിന് വിജയസാധ്യത കല്‍പിക്കപ്പെടുമ്പോഴും ലെബനോനെ വീഴ്‌ത്തേണ്ടതുണ്ട്. ഒഡിഷയിലെ കലിംഗ സ്റ്റേഡിയത്തില്‍ മംഗോളിയയാണ് ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്‍റെ എതിരാളികള്‍. ഭുവനേശ്വറിലെ പരിശീലന ക്യാംപിലെ 40 താരങ്ങളില്‍ നിന്നാണ് അവസാന 27 പേരെ ഇഗോര്‍ സ്റ്റിമാക്ക് തെരഞ്ഞെടുത്തത്. ഐഎസ്എല്‍ ചാമ്പ്യന്‍മാരായ എടികെയുടെ വിശാല്‍ കൈത്ത്, മന്‍വീര്‍ സിംഗ്, ഗ്ലാന്‍ മാര്‍ട്ടിന്‍സ്, ഹൈദരാബാദ് എഫ്‌സി വിങ്ങര്‍ യാസിര്‍ മുഹമ്മദ്, ബെംഗളൂരു എഫ്‌സി ഡിഫന്‍റര്‍ റോഷന്‍ സിംഗ് എന്നിവര്‍ പരിക്കുമൂലം സ്‌ക്വാഡിന് പുറത്തായി. ഇന്‍റര്‍കോണ്ടിനെന്‍റല്‍ കപ്പിന് ശേഷം സാഫ് ചാമ്പ്യന്‍ഷിപ്പിനുള്ള തയ്യാറെടുപ്പുകള്‍ക്കായി ഇന്ത്യന്‍ ഫുട്ബോള്‍ ടീം ബെംഗളൂരുവിലേക്ക് യാത്ര തിരിക്കും. ജൂണ്‍ 21 മുതല്‍ ജൂലൈ 4 വരെ ശ്രീകണ്‌ഠീരവ സ്റ്റേഡിയത്തിലാണ് ഈ ചാമ്പ്യന്‍ഷിപ്പ്.
ഇന്‍റര്‍കോണ്ടിനെന്‍റല്‍ കപ്പ് സ്‌ക്വാഡ്
ഗോള്‍കീപ്പര്‍മാര്‍: ഗുര്‍പ്രീത് സിംഗ് സന്ദു, അമരീന്ദര്‍ സിംഗ്, ഫുര്‍ബ ലച്ചെന്‍പാ
ഡിഫന്‍റര്‍മാര്‍: സുഭാശിഷ് ബോസ്, പ്രീതം കോട്ടാല്‍, സന്ദേശ് ജിംഗാന്‍, അന്‍വര്‍ അലി, ആകാശ് മിശ്ര, മെഹ്‌ത്താബ് സിംഗ്, രാഹുല്‍ ഭേക്കേ.
മിഡ്‌ഫീല്‍ഡേഴ്‌സ്: ലിസ്റ്റണ്‍ കൊളാക്കോ, ആഷിഖ് കുരുണിയന്‍, സുരേഷ് സിംഗ് വാങ്‌ജം, രോഹിത് കുമാര്‍, ഉദാന്ത സിംഗ്, അനിരുദ്ധ് ഥാപ്പ, മഹേഷ് സിംഗ്, നിഖില്‍ പൂജാരി, ജീക്‌സണ്‍ സിംഗ്, സഹല്‍ അബ്‌ദുല്‍ സമദ്, ലാലങ്‌മാവിയ, ലാലിയന്‍സ്വാല ചാങ്‌തേ, റൗളില്‍ ബോര്‍ജസ്, നന്ദകുമാര്‍ ശേഖര്‍.
ഫോര്‍വേഡുകള്‍: സുനില്‍ ഛേത്രി, റഹീം അലി, ഇഷാന്‍ പണ്ഡിത.
Read more: റണ്‍സിന്‍റെ റുതുകാലം; മൈക്കല്‍ ഹസിയുടെ റെക്കോര്‍ഡ് തവിടുപൊടിയാക്കി റുതുരാജ് ഗെയ്‌ക്‌വാദ്