ലോകകപ്പ് ഫുട്ബോള്‍ നടത്തുന്ന രാജ്യത്തിന് സാമ്പത്തികമായി എന്ത് നല്‍കും? ശരിക്കും നേട്ടമാണോ.!
2022 ലോകകപ്പിന്‍റെ സ്റ്റേഡിയങ്ങളും അടിസ്ഥാന സൌക്യങ്ങള്‍ക്കുമായി ഖത്തർ ഇതുവരെ 200 ബില്യൺ ഡോളറിലധികം ചെലവഴിച്ചതായാണ് റിപ്പോര്‍ട്ട്. അതായത് ഫിഫയുടെ സഹായം ഈ ചിലവ് വച്ച് നോക്കുമ്പോള്‍ കടലില്‍ കായം കലക്കിയ പോലെയാണെന്ന് വ്യക്തം.
ആഗോള കായിക കലണ്ടറില്‍ എന്നും ഏറ്റവും വലിയ ഉത്സവമാണ് ഫുട്ബോള്‍ ലോകകപ്പ്. ലൈവായി കാണുന്ന ആളുകളുടെ എണ്ണവും മറ്റും നോക്കിയാല്‍ ലോക കായിക മേളയായ ഒളിമ്പിക്സിനേക്കാൾ വലുതായിരിക്കും ഫുട്ബോള്‍ ലോകകപ്പ്. ലോകകപ്പ് ഭൂമിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ലൈവായി അഞ്ച് ബില്യണിലധികം ആളുകൾ എങ്കിലും കാണുമെന്നാണ് കണക്കുകള്‍ പറയുന്നത്. ഒപ്പം ഖത്തറില്‍ ഈ ലോകകപ്പ് നേരിട്ട് എത്തി കാണാന്‍ പോകുന്നത് ദശലക്ഷക്കണക്കിന് പേരായിരിക്കും.
ഫുട്ബോള്‍ ലോകകപ്പ് പണം ഏറെ കൊണ്ടുവരുന്ന ഒരു ആഗോള കായിക മേളയാണ്. ടിക്കറ്റ് വില്‍പ്പന, മെര്‍ച്ചന്‍റെസ് വിൽപന മുതൽ കോർപ്പറേറ്റ് സ്പോൺസർഷിപ്പ്, സമ്മാനത്തുക, ടൂറിസം എന്നിങ്ങനെ ഫുട്ബോള്‍ ലോകകപ്പ് നല്‍കുന്ന സാമ്പത്തിക സാധ്യത ഏറെയാണ്. എന്നാല്‍ ശരിക്കും ഒരു ഫുട്ബോള്‍ ലോകകപ്പ് സംഘടിപ്പിക്കുന്ന രാജ്യത്തിന് അത് കൊണ്ട് സാമ്പത്തികമായ ലാഭം കിട്ടുന്നുണ്ടോ? നേരിട്ട് ഒരു ഉത്തരം പറഞ്ഞാല്‍, അത് സാമ്പത്തിക നേട്ടം ഇല്ല എന്നതാണ്.
ചിലവുകള്‍ ഏറെയാണ് ഒരോ ലോകകപ്പ് സംഘടിപ്പിക്കുന്ന രാജ്യത്തിനും. സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണം, അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കൽ, ഹോട്ടലുകൾ താമസ സൌകര്യങ്ങളുടെ വികസനം എന്നിവയ്ക്കായി പതിനായിരക്കണക്കിന് കോടികളാണ് ഒരോ അതിഥേയ രാജ്യവും ചിലവഴിക്കേണ്ടത്. അതിൽ ഭൂരിഭാഗവും പലപ്പോഴും തിരിച്ചുകിട്ടുന്നില്ല എന്നതാണ് സത്യം.
ഫുട്ബോള്‍ ലോകകപ്പ് എന്നാല്‍ പണം ഉണ്ടാക്കുന്ന ഒരു മേളയാണ് എന്ന സത്യം മറ്റൊരു ഭാഗത്തുണ്ട്. റഷ്യയിൽ നടന്ന 2018 ലോകകപ്പിന്‍റെ ലോകമെമ്പാടുമുള്ള ടെലിവിഷന്‍ സംപ്രേക്ഷണ അവകാശം 4.6 ബില്യൺ ഡോളറിനാണ് വിറ്റുപോയത്. എന്നാൽ ഈ തുകയില്‍ സിംഹഭാഗം ലോക ഫുട്ബോള്‍ ഭരണ സമിതിയായ ഫിഫയ്ക്കാണ് ലഭിക്കുന്നത്.
100 ശതമാനം ഫിഫയുടെ ഉടമസ്ഥതയിലുള്ളതാണ് ലോകകപ്പിന്‍റെ ടിക്കറ്റ് വില്‍പ്പന. 2018 1 ബില്യൺ ഡോളറിലധികം നേടിയ മാർക്കറ്റിംഗ് അവകാശങ്ങളും ഫിഫയ്ക്ക് മാത്രം അവകാശപ്പെട്ടതാണ്. എന്നാല്‍ ലോകകപ്പ് നടത്തുന്നതിനുള്ള ചിലവിന്‍റെ ഒരു ഭാഗം ഫിഫയും വഹിക്കുന്നുണ്ട്. 2022 ലോകകപ്പ് സംഘാടനത്തിന് ഖത്തറിന് 1.7 ബില്യൺ ഡോളർ ഫിഫ നൽകും. ടീമുകൾക്കുള്ള 440 മില്യൺ ഡോളര്‍ പ്രൈസ് മണി അടക്കമാണ് ഇത് എന്നതും പ്രത്യേകം ശ്രദ്ധിക്കണം.
2022 ലോകകപ്പിന്‍റെ സ്റ്റേഡിയങ്ങളും അടിസ്ഥാന സൌക്യങ്ങള്‍ക്കുമായി ഖത്തർ ഇതുവരെ 200 ബില്യൺ ഡോളറിലധികം ചെലവഴിച്ചതായാണ് റിപ്പോര്‍ട്ട്. അതായത് ഫിഫയുടെ സഹായം ഈ ചിലവ് വച്ച് നോക്കുമ്പോള്‍ കടലില്‍ കായം കലക്കിയ പോലെയാണെന്ന് വ്യക്തം. ഖത്തര്‍ പുതിയ ഹോട്ടലുകൾക്കും സ്റ്റേഡിയങ്ങള്‍ക്കും പണം ചിലവഴിച്ചു. ഒപ്പം പുതിയ റോഡ് ശൃംഖലയും മെട്രോ സംവിധാനവും വരെ ഖത്തര്‍ നിര്‍മ്മിച്ചു.
ഒരു മാസം നീണ്ടുനിൽക്കുന്ന ടൂർണമെന്റിൽ ഒരു ദശലക്ഷത്തിലധികം വിദേശ സന്ദർശകരെ പ്രതീക്ഷിക്കുന്നതിനാൽ, ഖത്തര്‍ ഒരു ടൂറിസം കുതിച്ചുചാട്ടം മുന്നില്‍ കാണുന്നു. ഹോട്ടലുടമകൾക്കും വ്യാപാരികള്‍ക്കും മറ്റും വിൽപ്പന വർദ്ധിപ്പിക്കും എന്നാണ് ഖത്തര്‍ പ്രതീക്ഷിക്കുന്നത്. എന്നാൽ അത്തരമൊരു ടൂറിസം കുതിച്ചുചാട്ടം നേരിടാന്‍ ഖത്തര്‍ ഒരുക്കിയ അടിസ്ഥാന സൌകര്യത്തിന്‍റെ ചിലവ് ഈ ചെറിയ കാലത്ത് രാജ്യത്തിന് ഫുട്ബോള്‍ പ്രേമികളുടെ കുത്തൊഴുക്കിലൂടെ ലഭിക്കുന്ന ലാഭത്തെക്കാള്‍ എത്രയോ കൂടുതലാണ് എന്നതാണ് സത്യം.
അപ്പോള്‍ ഫുട്ബോള്‍ പ്രേമികള്‍ ഖത്തര്‍ മണ്ണില്‍ എത്തുമ്പോള്‍ ആര്‍ക്കാണ് യഥാര്‍ത്ഥ നേട്ടം എന്ന ചോദ്യം പ്രസക്തമാണ്. ലോകകപ്പിന്‍റെ ആതിഥേയ രാജ്യമായ ഖത്തറിലെ അല്‍ജസീറ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വേൾഡ് ഇക്കണോമിക് ഫോറം റിപ്പോർട്ടു ഉദ്ധരിച്ച് പറയുന്നത് ഇതാണ്. “ഹോട്ടല്‍, സേവനങ്ങള്‍ എന്നിവയുടെ വില ഇത്തരം ചെറിയ കാല മേളകള്‍ മൂലം കുത്തനെ ഉയരും. എന്നാൽ സേവന തൊഴിലാളികളുടെ വേതനം ഇതേ കാലത്ത് കൂടണമെന്നില്ല,അതിനാല്‍ മൂലധനത്തിലേക്ക് തന്നെ കൂടുതല്‍ തുക എത്തുന്നു. അതായത് ഈ ചെറിയ കാലത്തെ മേളയില്‍ പണമുള്ളവർ കൂടുതല്‍ പണം ഇട്ട് പണമുണ്ടാക്കുന്നു. അതില്ലാത്തവര്‍ക്ക് അത് സാധിക്കില്ല. ”
ടൂറിസത്തിന് ഗുണം ചെയ്യും എന്ന വീക്ഷണം ലോകകപ്പിന്‍റെ പാശ്ചത്തലത്തില്‍ പരിശോധിച്ചാല്‍ മറ്റൊരു തരത്തില്‍ തിരിച്ചടിയുമാണ്. കാരണം ലോകകപ്പില്‍ താല്‍പ്പര്യമില്ലാത്ത ടൂറിസ്റ്റുകളെ ലോകകപ്പ് ആതിഥേയ രാജ്യത്ത് നിന്നും അകറ്റും. ഉദാഹരണം ഖത്തറില്‍ സന്ദര്‍ശനം നടത്താന്‍ ആഗ്രഹിക്കുന്ന ഒരാള്‍ അയാള്‍ക്ക് ലോകകപ്പില്‍ ഒരു താല്‍പ്പര്യവും ഇല്ലെങ്കില്‍ നവംബർ 1 മുതൽ ലോകകപ്പ് അവസാനിക്കുന്നത് വരെ ആ രാജ്യത്ത് പ്രവേശിക്കാന്‍ സാധ്യതയില്ല. ജനക്കൂട്ടം, ട്രാഫിക്, ആ സമയത്തെ ഉയര്‍ന്ന ചിലവ് എന്നിവ ഒഴിവാക്കാൻ അവര്‍ തീര്‍ച്ചയായും ശ്രമിക്കും.
അടുത്തതായി ലോകകപ്പ് സംബന്ധിയായ മര്‍ച്ചന്‍റെസ് വിറ്റും, പാനീയങ്ങളും വിറ്റ് ആതിഥേയ രാജ്യത്തിന്‍റെ നികുതി വരുമാനത്തിൽ വലിയ സംഭാവന ഫുട്ബോള്‍ മേള മൂലം നടക്കും എന്ന ധാരണ പൊതുവിലുണ്ട്. എന്നാല്‍ അതും സത്യമല്ല. കാരണം ഫിഫയ്ക്കും അതിന്റെ സ്പോൺസർ ബ്രാൻഡുകൾക്കും ഒരു ലോകകപ്പ് ഏറ്റെടുക്കുന്ന വേളയില്‍ തന്നെ അതിഥേയ രാജ്യം വലിയ നികുതി ഇളവുകൾ നല്‍കുന്നുണ്ട്.
2006 ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ ജർമ്മനി നല്‍കിയത് 272 മില്യൺ ഡോളറിന്‍റെ നികുതിയിളവാണ്. ഇത്തരം ഒരു നികുതിയിളവ് നല്‍കിയതിന്‍റെ പേരില്‍ അന്ന് ജര്‍മ്മനിയില്‍ വലിയ രാഷ്ട്രീയ വിവാദങ്ങളും ഉണ്ടായിരുന്നു.
മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍ നിന്ന് തന്നെ ഒരു ഫുട്ബോൾ ലോകകപ്പ് ആതിഥേയത്വം വഹിക്കുന്നത് സാമ്പത്തികമായി നേരിട്ട് ഒരു രാജ്യത്തിന് വലിയ ഗുണം ചെയ്യില്ല എന്ന കാണാം. എന്നാൽ സാമ്പത്തിക നേട്ടത്തിന് അപ്പുറം ചില കാര്യങ്ങൾ പണത്തേക്കാൾ വലുതാണ് എന്ന് ഇതിനൊപ്പം കൂട്ടിച്ചേര്‍ക്കണം.
ലോകകപ്പിന്‍റെ ആതിഥേയത്വം ആതിഥേയ രാജ്യത്തിനെക്കുറിച്ചുള്ള അന്താരാഷ്ട്ര വിലയിരുത്തല്‍ തിരുത്തുന്നു എന്നതാണ് ഇതിലെ പ്രധാന ഘടകം. ഞങ്ങള്‍ ഇത്തരം ഒരു ആഗോള മേള നടത്താന്‍ പ്രാപ്തമാണ് എന്നത് ശരിക്കും ലോകത്തിന് തങ്ങളുടെ ശക്തി കാണിക്കാനുള്ള അവസരമാണ് ഒരുക്കുന്നത്. ലോകകപ്പിന് ഒരുക്കുന്ന അടിസ്ഥാന സൌകര്യങ്ങള്‍ ആതിഥേയ രാജ്യത്തെ നിക്ഷേപത്തിനുള്ള ഇടമായോ, പുതിയ ബിസിനസ് സാധ്യത പ്രദേശമായോ മാറ്റിയേക്കും എന്നതാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ദീർഘകാലാടിസ്ഥാനത്തിൽ നോക്കിയാല്‍ ലോകകപ്പ് നടത്താന്‍ ചെലവഴിക്കുന്ന പണം ശരിയായി കൈകാര്യം ചെയ്യുകയാണെങ്കിൽ ആ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ വികസിപ്പിക്കാനുള്ള ശേഷി ഉണ്ടാക്കിയെടുക്കും എന്നതാണ് സത്യം. പുതിയ റോഡുകളും ഗതാഗത പദ്ധതികളും ഒരു ലോകകപ്പിൽ അവസാന വിസിൽ മുഴങ്ങിയതിന് ശേഷം വർഷങ്ങളോളം സാമ്പത്തിക നേട്ടങ്ങളായി മാറും.
വലിയ അന്താരാഷ്‌ട്ര കായിക മേളകള്‍ സാമൂഹിക വിഭജനങ്ങളെ മറികടക്കുകയും രാജ്യ അതിർത്തികൾക്കപ്പുറത്ത് നിന്നുമുള്ള ആളുകളെ ഒരുമിച്ച് കൊണ്ടുവരികയും ചെയ്യും. 2018 ലെ വിന്റർ ഒളിമ്പിക്‌സിൽ ഉത്തര, ദക്ഷിണ കൊറിയകൾ ഒരു പൊതു പതാകയ്ക്ക് കീഴിൽ സ്റ്റേഡിയത്തിൽ പ്രവേശിച്ചത് ഒരു ഉദാഹരണമാണ്. ഇത്തരം വലിയ കായിക മേളകള്‍ ആതിഥേയ രാജ്യത്തെ കുട്ടികളുടെ കായിക താല്‍പ്പര്യങ്ങളെ പ്രോത്സാഹിപ്പിക്കാനും ഇടയാക്കുന്നു. ഇത് ഒരു ആതിഥേയ രാജ്യത്തിന്റെ ആരോഗ്യസംരക്ഷണ സംവിധാനത്തിനും ദീര്‍ഘകാല അടിസ്ഥാനത്തില്‍ സാമ്പത്തിക നേട്ടങ്ങൾ നൽകുന്നു.
ഒരു ആതിഥേയ രാജ്യത്തെ സംബന്ധിച്ചിടത്തോളം, ഒരു ലോകകപ്പ് പണമുണ്ടാക്കുന്നതിനെക്കാൾ അഭിമാനവും ബഹുമാനവും അവരുടെ രാജ്യത്തിനുള്ള പരസ്യവുമാണെന്ന് പറയാം. ഒരു ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം അതിന്‍റെ രാഷ്ട്രീയ, വര്‍ണ്ണ, വര്‍ഗ്ഗ വ്യത്യാസങ്ങള്‍ മാറ്റിവച്ച് ലോകത്തോട് സ്വാഗതം പറയുകയാണ്. ഇത്തരം ഒരു സ്വാഗതം ചെയ്യലിന് ചിലപ്പോള്‍ സാമ്പത്തികമായ കാഴ്ചപ്പാടിനപ്പുറം എന്തൊക്കയോ ചെയ്യാന്‍ സാധിക്കും.
പുകഞ്ഞ കൊള്ളി പുറത്ത്! ലോകകപ്പിന് ശേഷം പരിശീലന ക്യാംപില്‍ വരേണ്ട: ക്രിസ്റ്റ്യാനോയോട് മാഞ്ചസ്റ്റര്‍
ഫുട്ബോള്‍ ലോകകപ്പ്: യുദ്ധവിമാനങ്ങളുടെ അകമ്പടിയില്‍ പോളണ്ട് ടീമിന്‍റെ യാത്ര- വീഡിയോ