ലോകം ഖത്തറിലേക്ക്! ഫിഫ ലോകകപ്പില്‍ ഇന്ന് പന്തുരുളും; ആതിഥേയര്‍ ഇക്വഡോറിനെതിരെ
ഫിഫ റാങ്കിംഗില്‍ 44-ാം സ്ഥാനത്താണ് ഇക്വഡോര്‍. ഖത്തറിലെത്തുന്നത് നാലാം ലോകകപ്പിന്. 2002ല്‍ ഏഷ്യ വേദിയായ ആദ്യ ലോകകപ്പിലായിരുന്നു ഇക്വഡോറിന്റെ അരങ്ങേറ്റം.
ദോഹ: ഖത്തര്‍ ലോകകപ്പിന് ഇന്ന് കിക്കോഫ്. ഉദ്ഘാടന മത്സരത്തില്‍ ഖത്തര്‍ രാത്രി 9.30ന് ഇക്വഡോറിനെ നേരിടും. അല്‍ ബെയ്ത്ത് സ്റ്റേഡിയത്തിലാണ് മത്സരം. ആതിഥേയരെന്ന നിലയില്‍ ലോകകപ്പിന് യോഗ്യത നേടിയ ഖത്തര്‍ ഫിഫ റാങ്കിംഗില്‍ അന്‍പതാം സ്ഥാനത്താണിപ്പോള്‍. ലോകകപ്പില്‍ ഖത്തിന്റെ അരങ്ങേറ്റം കൂടിയാണിത്. 2006ലെ ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോളിലെ സ്വര്‍ണമെഡല്‍ ജേതാക്കളായ ഖത്തര്‍ ചരിത്രനേട്ടമാണ് ലക്ഷ്യം വെക്കുന്നത്.
ഫിഫ റാങ്കിംഗില്‍ 44-ാം സ്ഥാനത്താണ് ഇക്വഡോര്‍. ഖത്തറിലെത്തുന്നത് നാലാം ലോകകപ്പിന്. 2002ല്‍ ഏഷ്യ വേദിയായ ആദ്യ ലോകകപ്പിലായിരുന്നു ഇക്വഡോറിന്റെ അരങ്ങേറ്റം. ആദ്യ ഊഴത്തില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്താവുകയും ചെയ്തു. 2006ലെ ജര്‍മന്‍ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടറില്‍ കടന്നു. 2014ലെ ബ്രസീല്‍ ലോകകപ്പിലും ഇക്വഡോര്‍ ആദ്യ റൗണ്ടില്‍ പുറത്തായി. ആകെ കളിച്ചത് പത്ത് മത്സരങ്ങള്‍. നാല് ജയം. ഒരു സമനില. അഞ്ച് തോല്‍വി. പത്ത് കളിയില്‍ 10 ഗോള്‍ നേടിയപ്പോള്‍ ആകെ 11 ഗോള്‍ വഴങ്ങി.
ലോകകപ്പിലെ ഉദ്ഘാടന മത്സരങ്ങളില്‍ ആതിഥേയര്‍ ഇതുവരെ തോറ്റിട്ടില്ല. സ്വന്തം നാട്ടുകാര്‍ക്കുമുന്നില്‍ ചരിത്രം കുറിക്കാനിറങ്ങുമ്പോള്‍ ഖത്തറിന്റെ പ്രതീക്ഷയും വെല്ലുവിളിയും ഇതുതന്നെയാണ്. ആതിഥേയര്‍ ഉദ്ഘാടന മത്സരം കളിക്കാന്‍ തുടങ്ങിയത് 2006ലെ ജര്‍മന്‍ ലോകകപ്പിലാണ്. കോസ്റ്റാറിക്കയെ രണ്ടിനെതിരെ നാല് ഗോളിന് തകര്‍ത്താണ് ജര്‍മനി മ്യൂണിക്കില്‍ കരുത്തുകാട്ടിയത്.
2010ലെ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മെക്‌സ്‌ക്കോയായിരുന്നു എതിരാളികള്‍. ഇരുടീമും ഓരോഗോളടിച്ച് സമനിലയില്‍ പിരിഞ്ഞു. 2014ല്‍ ബ്രസീലിന് എതിരാളികളായി കിട്ടിയത് ക്രോയേഷ്യ. ബ്രസീലിന്റെ ജയം ഒന്നിനെതിരെ മൂന്ന് ഗോളിന്. കഴിഞ്ഞ ലോകകപ്പില്‍ റഷ്യ- സൗദി അറേബ്യ മത്സരത്തോടെയാണ് പോരാട്ടങ്ങള്‍ക്ക് തുടക്കമായത്. എതിരില്ലാത്ത അഞ്ച് ഗോളിന് ജയിച്ച് റഷ്യ ആതിഥേയരുടെ അഭിമാനമുയര്‍ത്തി.
സഞ്ജു ഷോ കാണാന്‍ കാത്തിരിക്കുന്നവര്‍ക്ക് നിരാശ വാര്‍ത്ത; രണ്ടാം ടി20യിലും കാലാവസ്ഥ ചതിച്ചേക്കും