ശ്രീനിധിയോട് നാണംകെട്ട് തോറ്റ് ബ്ലാസ്റ്റേഴ്‌സ്; ബെംഗളൂരു എഫ്‌സിയുമായി പോരാട്ടം കടുക്കും

രണ്ടാംപകുതിയില്‍ നിരവധി അവസരങ്ങള്‍ പാഴാക്കിയതാണ് കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായത്

HERO Super Cup 2023 Srinidi Deccan beat Kerala Blasters by 2 0 jje

കോഴിക്കോട്: ഹീറോ സൂപ്പര്‍ കപ്പില്‍ ശ്രീനിധി ഡെക്കാനെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് ഞെട്ടിക്കുന്ന തോല്‍വി. ആദ്യ പകുതിയില്‍ വഴങ്ങിയ രണ്ട് ഗോളുകള്‍ക്കാണ് 2-0ന് മഞ്ഞപ്പടയുടെ തോല്‍വി. ഹസ്സന്‍, ഡേവിഡ് കാസ്റ്റെനെഡ എന്നിവരാണ് ശ്രീനിധിയുടെ ഗോളുകള്‍ നേടിയത്. അതേസമയം നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളിലേക്ക് പന്ത് വഴിതിരിച്ചു വിടാന്‍ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ മറന്നു. ഗ്യാലറിയിലെ ആരാധകരുടെ പിന്തുണ താരങ്ങളുടെ കാലുകള്‍ക്ക് ഊര്‍ജമായില്ല. 

രണ്ടാംപകുതിയില്‍ നിരവധി അവസരങ്ങള്‍ പാഴാക്കിയതാണ് കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായത്. 50-ാം മിനുട്ടിൽ വലത് വിങ്ങിൽ നിന്ന് ആയുഷ് അധികാരി ബോക്സിലേക്ക് നൽകിയ പന്ത് ഗോൾ കീപ്പർ മാത്രം മുന്നിൽ നിൽക്കെ നിഷു കുമാർ പാഴാക്കി. 58 -ാം മിനുട്ടിൽ വലത് വിങ്ങിൽ നിന്നും ഡിമിത്രിയോസ് ഡയറക്റ്റ് കിക്കിന് ശ്രമിച്ചെങ്കിലും ശ്രീനിധി ഗോൾകീപ്പർ ആര്യാൻ കൈപിടിയിലൊതുക്കി. 61-ാം മിനുട്ടിൽ മധ്യനിരയിലെ മുന്നേറ്റങ്ങൾക്ക് മൂർച്ച കൂട്ടാൻ മിറാണ്ടയെ പിൻവലിച്ച് ബ്ലാസ്റ്റേഴ്‌സ് സഹല്‍ അബ്‌ദുല്‍ സമദിനെ കളത്തിലിറക്കിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് തുടര്‍ച്ചയായി ബ്ലാസ്റ്റേഴ്‌സ്, ശ്രീനിധിയുടെ ബോക്‌സിനടുത്ത് നിരവധി അപകടങ്ങള്‍ സൃഷ്‌ടിച്ചെങ്കിലും നിര്‍ഭാഗ്യം വഴിമുടക്കി. 70-ാം മിനുട്ടിൽ പകരക്കാരനായിറങ്ങിയ ഗാന്നോയുടെ ഒരു ഹെഡർ പോസ്റ്റിൽ തട്ടി തെറിച്ചു. 72-ാം മിനുട്ടിൽ ബ്ലാസ്റ്റേഴ്‌സ് മലയാളി താരം സഹീഫ് കളത്തിലിറങ്ങി. തൊട്ടടുത്ത മിനുറ്റില്‍ ഗാന്നോ നൽകിയ പാസില്‍ ഇവാൻ തൊടുത്ത കിക്ക് ഗോൾ കീപ്പർ തടഞ്ഞിട്ടതും തിരിച്ചടിയായി.

ഗോളുകള്‍ വന്ന വഴി

കിക്കോഫായി 17-ാം മിനുട്ടിൽ ശ്രീനിധി ഡെക്കാന്‍റെ നൈജീരിയൻ താരം ഹസ്സൻ മധ്യനിരയിൽ നിന്നും പന്ത് വാങ്ങി ഇടത് വിങ്ങിലൂടെ ഗോൾ പോസ്റ്റിൻറെ മൂലയിലേക്ക് സ്കോർ ചെയ്തു. 44-ാം മിനുട്ടിൽ ഇടത് വിങ്ങിൽ ദിനേശ് സിംഗിന്‍റെ ക്രോസ് കൃത്യമായി കണക്ട് ചെയ്ത് കൊളംബിയയുടെ ഡേവിഡ് കാസ്റ്റെനെഡ ശ്രീനിധിയുടെ ലീഡ് രണ്ടാക്കി. പന്ത് കൈവശം വെച്ച് കളിച്ചെങ്കിലും ഗോളിലേക്കുള്ള മുന്നേറ്റങ്ങൾ സൃഷ്‌ടിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞില്ല. തോല്‍വി നേരിട്ടതോടെ കേരള ബ്ലാസ്റ്റേഴ്‌സിന് ഏപ്രിൽ 16ന് ബന്ധവൈരികളായ ബെംഗളൂരു എഫ്‌സിയുമായുള്ള പോരാട്ടം നിര്‍ണായകമായി. ഒരു സമനിലയും ഒരു വിജയവുമായി ശ്രീനിധി ഡെക്കാനാണ് പോയിന്‍റ് പട്ടികയിൽ തലപ്പത്ത്. 

Read more: അങ്ങനെ ചെയ്യൂ... രാജസ്ഥാനെതിരായ മത്സരത്തിന് മുമ്പ് ധോണിക്ക് ഗാവസ്‌കറുടെ ഉപദേശം

Latest Videos
Follow Us:
Download App:
  • android
  • ios