സൂപ്പര്‍ കപ്പ്: കേരള ബ്ലാസ്റ്റേഴ്‌സിന് വമ്പന്‍ തിരിച്ചടി, ജെസ്സെൽ കാർനൈറോ പരിക്കേറ്റ് പുറത്ത്
സൂപ്പര്‍ കപ്പിനായി ബ്ലാസ്റ്റേഴ്‌സ് ഇന്നലെ പ്രഖ്യാപിച്ച സ്‌ക്വാഡില്‍ ജെസ്സെലിന്‍റെ പേരുമുണ്ടായിരുന്നു
കൊച്ചി: ഹീറോ സൂപ്പര്‍ കപ്പിന് മുമ്പ് കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി. ഐഎസ്എല്‍ പതിനാറാം സീസണില്‍ മഞ്ഞപ്പടയെ പ്ലേ ഓഫിലേക്ക് നയിച്ച നായകനായ ജെസ്സെൽ കാർനൈറോ പരിക്കിനെ തുടര്‍ന്ന് സൂപ്പര്‍ കപ്പില്‍ കളിക്കില്ല. സൂപ്പര്‍ കപ്പിനായി ബ്ലാസ്റ്റേഴ്‌സ് ഇന്നലെ പ്രഖ്യാപിച്ച സ്‌ക്വാഡില്‍ ജെസ്സെലിന്‍റെ പേരുമുണ്ടായിരുന്നു. സൂപ്പര്‍ കപ്പില്‍ സൂപ്പര്‍ താരം അഡ്രിയാന്‍ ലൂണയും പ്രതിരോധ താരം ഹര്‍മന്‍ജോത് സിംഗ് ഖബ്രയും കളിക്കില്ലെന്ന് നേരത്തെ ഉറപ്പായിരുന്നു. ഖബ്രയും ബ്ലാസ്റ്റേഴ്‌സുമായ കരാര്‍ അവസാനിച്ചപ്പോള്‍ വ്യക്തിപരമായ കാരണങ്ങളാല്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നു ലൂണ.
ഡെംപേ ഗോവയ്‌ക്കും സന്തോഷ് ട്രോഫിയില്‍ ഗോവന്‍ ഫുട്ബോള്‍ ടീമിനുമായി പുറത്തെടുത്ത മികച്ച പ്രകടനത്തോടെയാണ് ജെസ്സെൽ കാർനൈറോ 2019ല്‍ കേരള ബ്ലാസ്റ്റേഴ്‌സില്‍ എത്തിയത്. 2020ല്‍ താരത്തിന്‍റെ കരാര്‍ രണ്ട് വര്‍ഷത്തേക്ക്(2023 വരെ) നീട്ടി. പരിക്ക് ഇടയ്‌ക്കിടയ്ക്ക് പിടികൂടിയ കരിയറില്‍ ഐഎസ്എല്ലില്‍ മൂന്ന് സീസണുകളിലായി ബ്ലാസ്റ്റേഴ്‌സിനായി 44 മത്സരങ്ങളില്‍ ജെസ്സെൽ കാർനൈറോ ഇറങ്ങി. ഡ്യൂറണ്ട് കപ്പില്‍ മൂന്ന് മത്സരങ്ങളില്‍ ഇറങ്ങുകയും ചെയ്തു. ജെസ്സെലിന്‍റെ കരാര്‍ ഈ സീസണില്‍ അവസാനിക്കുന്നതോടെ പുതുക്കുമോ എന്ന് വ്യക്തമല്ല. പുതുക്കില്ലെങ്കില്‍ ജെസ്സെൽ കാർനൈറോ കേരള ബ്ലാസ്റ്റേഴ്‌സ് കുപ്പായത്തില്‍ ഇനിയുണ്ടാവില്ല വരും സീസണില്‍. സൂപ്പര്‍ കപ്പില്‍ ജെസ്സെലിന്‍റെ പകരക്കാരനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
സച്ചിന്‍, ഗില്‍, കരണ്‍ജീത്, മുഹീത് എന്നിവരാണ് സൂപ്പര്‍ കപ്പിനുള്ള സ്‌ക്വാഡിലെ ഗോളിമാര്‍. സഹീഫ്, സന്ദീപ്, ഹോര്‍മിപാം, തേജസ്, നിഷു, ലെസ്‌കോവിച്ച്, വിക്‌ടര്‍, ബിജോയി എന്നിവരാണ് പ്രതിരോധത്തില്‍. ഡാനിഷും ആയുഷും ജീക്ക്‌സണും വിബിനും അസ്‌ഹറും ഇവാനും മിഡ്‌ഫീല്‍ഡിലും ബ്രൈസും സൗരവും രാഹുലും നിഹാലും ദിമിത്രിയോസും ബിദ്യാഷാഗറും ജിയാന്നുവും സഹലും ഐമനും ശ്രീക്കുട്ടനും ഫോര്‍വേര്‍ഡായും ടീമില്‍ ഇടംപിടിച്ചു.
സൂപ്പര്‍ കപ്പ് ഇങ്ങനെ
ഐഎസ്എല്ലിന് പിന്നാലെ നടക്കുന്ന സൂപ്പര്‍ കപ്പില്‍ ബെംഗളൂരു എഫ്സി ഉള്‍പ്പെടുന്ന എ ഗ്രൂപ്പിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് മത്സരിക്കുന്നത്. ഏപ്രില്‍ 16ന് കോഴിക്കോട് ഇഎംഎസ് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലാണ് ബെംഗളൂരു-ബ്ലാസ്റ്റേഴ്സ് പോരാട്ടം നടക്കുക. ബ്ലാസ്റ്റേഴ്സും ബെംഗളൂരുവും ഉള്‍പ്പെടുന്ന എ ഗ്രൂപ്പില്‍ ഐ ലീഗ് ജേതാക്കളായ റൗണ്ട് ഗ്ലാസ് പഞ്ചാബുമുണ്ട്. ഇവര്‍ക്ക് പുറമെ യോഗ്യതാ മത്സരം കളിച്ച ഒരു ടീം കൂടി ഉള്‍പ്പെടുന്നതാകും സൂപ്പര്‍ കപ്പിലെ എ ഗ്രൂപ്പ്. ഏപ്രില്‍ എട്ടിന് കോഴിക്കോട് ഇ എംഎസ് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ഐ ലീഗ് ജേതാക്കളായ റൗണ്ട് ഗ്ലാസ് പഞ്ചാബിനെതിരെ ആണ് ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ മത്സരം.12ന് യോഗ്യതാ മത്സരം കളിച്ചെത്തുന്ന ടീമുമായി രണ്ടാം മത്സരവും 16ന് ബെംഗളൂരു എഫ്‌സിയുമായി മൂന്നാം മത്സരവും നടക്കും.
ഗ്രൂപ്പ് ബിയില്‍ ഹൈദരാബാദ് എഫ് സി, ഒഡിഷ എഫ് സി, ഈസ്റ്റ് ബംഗാള്‍ എഫ് സി, യോഗ്യതാ മത്സരം കളിച്ചെത്തുന്ന ടീം എന്നിവരാണുള്ളത്. ഗ്രൂപ്പ് സിയില്‍ എടികെ മോഹന്‍ ബഗാന്‍, എഫ് സി ഗോവ, ജംഷെഡ്പൂര്‍ എഫ് സി യോഗ്യതാ മത്സരം കളിച്ചെത്തുന്ന ടീം എന്നിവരും ഗ്രൂപ്പ് ഡിയില്‍ മുംബൈ സിറ്റി എഫ് സി, ചെന്നൈയിന്‍ എഫ് സി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, യോഗ്യതാ മത്സരം കളിച്ചെത്തുന്ന ടീം എന്നിവയുമാണുള്ളത്.
കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിനൊപ്പം മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയവും സൂപ്പര്‍ കപ്പ് മത്സരങ്ങള്‍ക്ക് വേദിയാവും. ഐഎസ്എല്ലിലെയും ഐ ലീഗിലെയും ക്ലബ്ബുകളെ ഉള്‍പ്പെടുത്തിയാണ് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ സൂപ്പര്‍ കപ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാരാകും സെമിയിലെത്തുക. ഏപ്രില്‍ 21, 22 തീയതികളില്‍ മഞ്ചേരിയിലും കോഴിക്കോടും സെമി ഫൈനലും 25ന് കോഴിക്കോട് ഫൈനലും നടക്കും.
ഖബ്ര ബ്ലാസ്റ്റേഴ്‌സില്‍ തുടരില്ലെന്ന് റിപ്പോര്‍ട്ട്; മഞ്ഞപ്പടയിലെ കൊഴിഞ്ഞുപോക്കിന്‍റെ തുടക്കമോ?