കോഴിക്കോട് തീപാറും, വടക്കൻമണ്ണിൽ കണക്കുവീട്ടാന്‍ ബ്ലാസ്റ്റേഴ്‌സ്; ഞായറാഴ്‌ച ബെംഗളൂരു എഫ്‌സിക്കെതിരെ
ബെംഗളൂരുവിലെ ചതിക്ക് വടക്കൻമണ്ണിൽ തിരിച്ചടി നൽകാൻ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുകയാണ്
കോഴിക്കോട്: ഹീറോ സൂപ്പർ കപ്പിൽ നാളെ കേരള ബ്ലാസ്റ്റേഴ്‌സ്, ബെംഗളൂരു എഫ്‌സിയെ നേരിടും. വൈകിട്ട് എട്ടരയ്ക്ക് കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലാണ് മത്സരം. ഐഎസ്എല്‍ നോക്കൗട്ട് മത്സരത്തിലെ സുനില്‍ ഛേത്രിയുടെ വിവാദ ഗോളില്‍ ബ്ലാസ്റ്റേഴ്‌സ് പരിശീലകനും താരങ്ങളും മൈതാനം വിട്ട ശേഷം ഇതാദ്യമായാണ് ഇരു ടീമുകളും മുഖാമുഖം വരുന്നത്. അതിനാല്‍ തന്നെ കോഴിക്കോട്ടെ പോരാട്ടത്തിന് ചൂടേറും.
ബെംഗളൂരുവിലെ ചതിക്ക് വടക്കൻമണ്ണിൽ തിരിച്ചടി നൽകാൻ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുകയാണ്. സുനിൽ ഛേത്രിയുടെ വിവാദ ഗോളിൽ ബെംഗളൂരു ഐഎസ്എൽ പ്ലേഓഫ് കടന്നപ്പോൾ താരങ്ങളെ പിൻവലിച്ച നടപടിക്ക് ബ്ലാസ്റ്റേഴ്‌സിന്‍റെ ആശാന്‍ ഇവാൻ വുകോമനോവിച്ചിന് വിലക്ക് വന്നു. സൂപ്പർ കപ്പിൽ സഹപരിശീലകന് കീഴിലാണ് കളിക്കുന്നതെങ്കിലും ബെംഗളൂരുവിനെതിരെ ജയം മാത്രമല്ല സെമിയോഗ്യത കൂടി ലക്ഷ്യമിട്ടാണ് മഞ്ഞപ്പട കളത്തിലിറങ്ങുക. ആദ്യ മത്സരത്തിൽ റൗണ്ട് ഗ്ലാസ് പഞ്ചാബിനെ തകർത്ത് തുടക്കമിട്ട ബ്ലാസ്റ്റേഴ്‌സിന് പക്ഷേ ശ്രീനിധി ഡെക്കാനോട് മികവ് തുടരാനായില്ല. എതിരില്ലാത്ത രണ്ട് ഗോളിന് തോറ്റതിനാൽ ഗ്രൂപ്പ് കടക്കാൻ അവസാന മത്സരത്തിൽ ജയം അനിവാര്യം.
ജയിച്ചാലും റൗണ്ട് ഗ്ലാസ്-ശ്രീനിധി മത്സരഫലം ആശ്രയിച്ചിരിക്കും സൂപ്പര്‍ കപ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ഭാവി. ഗ്രൂപ്പിൽ മുന്നിലുള്ള ബെംഗളൂരുവിന് ജയിച്ചാൽ സെമി ഉറപ്പാക്കാം. ശ്രീനിധി ഡെക്കാനോട് സമനില വഴങ്ങിയ ബെംഗളൂരു റൗണ്ട് ഗ്ലാസ് പഞ്ചാബിനെ തോൽപ്പിച്ചിരുന്നു. ഇവാൻ കലിയൂഷ്നി, ഡയമന്‍റാക്കോസ്, ലെസ്കോവിച്ച് എന്നീ വിദേശ താരങ്ങളുടെ പ്രകടനം തന്നെയാകും ബ്ലാസ്റ്റേഴ്സ് നിരയിൽ നിർണായകമാവുക. സുനിൽ ഛേത്രി, റോയ് കൃഷ്ണ, സന്ദേശ് ജിങ്കാൻ, ഉദാന്ത സിംഗ് തുടങ്ങിയ പ്രധാന താരങ്ങളെല്ലാം ബെംഗളൂരു നിരയിലുണ്ട്. ഗ്രൂപ്പിലെ രണ്ട് മത്സരങ്ങളും രണ്ട് വേദിയിലായി ഒരേസമയമാണ് നിശ്ചയിച്ചിരിക്കുന്നത്.
Read more: ആര്‍സിബി, ഡല്‍ഹി; ലഖ്‌നൗ, പഞ്ചാബ്; ഐപിഎല്ലിൽ ഇന്ന് സൂപ്പര്‍ സാറ്റർഡേ