കടല് കടന്നവര്‍ തോട്ടില്‍ ഒലിച്ചുപോയി; യൂറോ ക്വാര്‍ട്ടര്‍ ഇങ്ങനെ
പൊതുവെ ദുര്‍ബലരെന്ന് വിലയിരുത്തപ്പെട്ടിരുന്നു ഹംഗറി കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയത്. ഫ്രാന്‍സിനേയും ജര്‍മനിയേയും സമനിലയില്‍ തളയ്ക്കാന്‍ അവര്‍ക്കായി.
ലണ്ടന്‍: യൂറോ കപ്പിലെ മരണഗ്രൂപ്പായിരുന്നു ഗ്രൂപ്പ് എഫ്. നിലവിലെ യൂറോ ചാംപ്യന്മാരായ പോര്‍ച്ചുഗലും ഇത്തവണ ലോകകപ്പ് ഉയര്‍ത്തിയ ഫ്രാന്‍സും വമ്പന്മാരായ ജര്‍മനിയും ഉള്‍പ്പെട്ട ഗ്രൂപ്പ്. അട്ടിമറിക്കാരായി ഹംഗറിയും ഗ്രൂപ്പിലുണ്ടായിരുന്നു. അഞ്ച് പോയിന്റ് നേടി ഗ്രൂപ്പ് ചാംപ്യന്മായിട്ടാണ് ഫ്രാന്‍സ് എത്തിയത്. നാല് പോയിന്റുള്ള ജര്‍മനി രണ്ടാം സ്ഥാനക്കാരായി. ഇത്രയും തന്നെ പോയിന്റുള്ള പോര്‍ച്ചുഗല്‍ മികച്ച മൂന്നാം സ്ഥാനക്കാരായിട്ടാണ് പ്രീ ക്വാര്‍ട്ടറിനെത്തിയത്. ഹംഗറി രണ്ട് പോയിന്റുമായി നാലാം സ്ഥാനക്കാരായി. രസകരമായ വസ്തുത എന്തെന്നാല്‍ മരണഗ്രൂപ്പില്‍ നിന്നെത്തിയ ഒരു ടീമും പ്രീക്വാര്‍ട്ടറിന് ഇല്ലെന്നുള്ളതാണ്. കടല്‍ നീന്തി കടന്നുവന്ന് തോട്ടില്‍ ഒലിച്ചുപോയ അവസ്ഥ.
പൊതുവെ ദുര്‍ബലരെന്ന് വിലയിരുത്തപ്പെട്ടിരുന്നു ഹംഗറി കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയത്. ഫ്രാന്‍സിനേയും ജര്‍മനിയേയും സമനിലയില്‍ തളയ്ക്കാന്‍ അവര്‍ക്കായി. പോര്‍ച്ചുഗലിനോട് അവസാനം വരെ ചെറുത്തുനിന്ന ശേഷമാണ് തോല്‍വി സമ്മതിച്ചത്. ഹംഗറിയെ കടന്നെത്തിയ മൂന്ന് ടീമുകള്‍ക്കും പ്രീ ക്വാര്‍ട്ടറില്‍ പിഴച്ചു. ഇന്നലെ ഇംഗ്ലണ്ടിനോട് തോറ്റ് ജര്‍മനി പുറത്തായതോടെയാണ് മരണഗ്രൂപ്പ് ശരിക്കും ശവപ്പറമ്പായത്. ആദ്യ പോര്‍ച്ചുഗലിനെ ബെല്‍ജിയം വീഴ്ത്തി. തോര്‍ഗന്‍ ഹസാന്‍ഡിനെ ഗോളാണ് പോര്‍ച്ചുഗലിനെ പുറത്താക്കിയത്. ഫ്രാന്‍സാവട്ടെ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ പോരാട്ടവീര്യത്തിന് മുന്നില്‍ അടിയറവ് പറഞ്ഞു. പിന്നാലെ ജര്‍മനിയും.
മൂന്നാസ്ഥാനക്കാരായി പ്രീ ക്വാര്‍ട്ടറിലെത്തിയ മൂന്ന് ടീമും ക്വാര്‍ട്ടറിലെത്തിയെന്നുള്ളതാണ് രസകരമായ മറ്റൊരു വസ്തുത. യുക്രൈന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, ചെക് റിപ്പബ്ലിക്ക് എന്നിവരാണ് ക്വാര്‍ട്ടറിന് യോഗ്യത നേടിയ ടീമുകള്‍. ഇന്നലെ സ്വീഡനെ തോല്‍പ്പിച്ചാണ് യുക്രൈന്‍ അവസാന എട്ടിലെത്തിയത്. സ്വിറ്റ്‌സര്‍ലന്‍ഡ് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ മറികടന്നു. ചെക് ആവട്ടെ നെതര്‍ലന്‍ഡ്‌സിനെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തുകയായിരുന്നു.
ഇതോടെ ക്വാര്‍ട്ടര്‍ ലൈനപ്പുമായി. വെള്ളിയാഴ്ച്ചയാണ് മത്സങ്ങള്‍ക്ക് തുടക്കമാവുന്നത്. 9.30ന് സ്വിറ്റ്‌സര്‍ലന്‍ഡ് സ്വിസ് പട ക്രൊയേഷ്യയെ മറികടന്നെത്തിയ സ്‌പെയ്‌നിനെ നേരിടും. 12.30ന് ഇറ്റലി- ബെല്‍ജിയം ക്ലാസിക് പോര്. ശനിയാഴ്്ച്ച രാത്രി 9.30ന് ചെക്- ഡെന്‍മാര്‍ക്ക് മത്സരം. 12.30ന് യുക്രൈന്‍ ഇംഗ്ലണ്ടിനെയും നേരിടും.