El Divino Manco: ആരാണ് ലോക ഫുട്ബോളിലെ ആ ഒറ്റക്കയ്യന്‍ ദൈവം
പതിമൂന്നാം വയസ്സിൽ ഇലക്ട്രിക് സോ ഉപയോഗിക്കുന്നതിനിടെ വലതുകൈ നഷ്ടപ്പെട്ടത് കാരണം "ഒറ്റക്കയ്യൻ" എന്നർത്ഥം വരുന്ന 'El Manco' എന്നറിയപ്പെട്ട ഹെക്ടർ കാസ്ട്രോയുടേത് അതിജീവനത്തിന്‍റെ കഥ കൂടിയാണ്
മോണ്ടിവീഡിയോ: 1930ൽ ഫിഫ ഒരു ലോകകപ്പ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുവാൻ തീരുമാനമെടുക്കുമ്പോൾ പ്രതിസന്ധികൾ ഏറെയായിരുന്നു. ഇറ്റലി, ഹോളണ്ട്, സ്പെയിൻ, സ്വിറ്റ്സർലൻഡ്, ഉറുഗ്വെ അടക്കം അഞ്ച് രാജ്യങ്ങൾ ആദ്യ ലോകകപ്പ് വേദിക്കായി മുന്നോട്ടുവന്നപ്പോൾ 20 ലക്ഷം ജനസംഖ്യ മാത്രമുണ്ടായിരുന്ന ഉറുഗ്വെക്ക് നറുക്കുവീഴുവാനുള്ള പ്രധാന കാരണം അവരുടെ 1924, 1928 വർഷങ്ങളിലെ ഒളിംപിക്സ് ഫുട്ബോൾ ചാമ്പ്യന്മാർ എന്ന ലേബൽ കൂടിയായിരുന്നു. ഒപ്പം ലോകകപ്പിന് വരുന്ന മുഴുവൻ ടീമുകളുടെയും യാത്രകൾ അടക്കമുള്ള ചെലവുകളും, കൂടാതെ തങ്ങളുടെ സ്വാതന്ത്ര്യ ശതാബ്ദി വർഷം കൂടിയായ 1930ൽ പുതിയ ഒരു ഫുട്ബോൾ സ്റ്റേഡിയം നിർമ്മിക്കുമെന്ന ഉറപ്പുമായിരുന്നു.
മൂന്ന് വേദികളിലായി 13 ടീമുകൾ പങ്കെടുത്ത 18 മാച്ചുകളായിരുന്നു 1930ലെ ആദ്യ ലോകകപ്പിൽ ഉണ്ടായിരുന്നത്. ജൂലൈ 13 മുതൽ 27 വരെ നീണ്ട ടൂർണമെൻറിൽ പിറന്നത് 70 ഗോളുകൾ. ഒടുവിൽ മോണ്ടിവീഡിയോ സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരാട്ടത്തിൽ ആതിഥേയർ കൂടിയായ ഉറുഗ്വേ കനത്ത വെല്ലുവിളി ഉയർത്തിയ അർജൻറീനയെ 4- 2 ന് തകർത്ത് കിരീടം ചൂടി. രണ്ട് ഒളിംപിക്‌സ് സ്വർണത്തിന് ശേഷം ആദ്യ ലോകകപ്പ് ഫുട്ബോൾ കിരീടവും കൂടുമ്പോൾ ഉറുഗ്വെ ലോകഫുട്ബോളിലെ രാജാക്കന്മാരായിരുന്നു.
ചാമ്പ്യന്മാരായ ആതിഥേയരുടെ കുതിപ്പിന് പിന്നിൽ ഒരുപാട് താരങ്ങളുണ്ടായിരുന്നു. ആദ്യപകുതിയിൽ ഒരു ഗോളിന് പിന്നിൽ നിന്നിട്ടും കിരീടം ചൂടുമ്പോൾ ലോക ഫുട്ബോളിലെ ആദ്യ കറുത്ത മുത്ത് എന്ന് വിശേഷിപ്പിക്കുന്ന, മൂന്ന് പ്രധാന ടൂർണ്ണമെൻറ് വിജയങ്ങളിലും ഉറുഗ്വെയുടെ തുറുപ്പുചീട്ടായ ആന്ദ്രാ ദേയും മാർഷൽ എന്ന വിളിപ്പേരുള്ള നായകൻ കൂടിയായ ജോസ് നസാസിയും മുന്നിൽ നിന്ന് നയിച്ചപ്പോൾ ടൂർണമെൻറിൽ അഞ്ച് ഗോളുകൾ നേടി ടോപ് സ്കോറയായ പെഡ്രോ സിയയും നിറഞ്ഞുനിന്നു .
എന്നാൽ ടൂർണമെൻറിൽ രണ്ട് ഗോളുകൾ നേടിയ ഹെക്ടർ കാസ്ട്രോ വ്യത്യസ്തമായ രീതിയിലാണ് ശ്രദ്ധേയനായത്. പതിമൂന്നാം വയസ്സിൽ ഇലക്ട്രിക് സോ ഉപയോഗിക്കുന്നതിനിടെ വലതുകൈ നഷ്ടപ്പെട്ടത് കാരണം "ഒറ്റക്കയ്യൻ" എന്നർത്ഥം വരുന്ന 'El Manco' എന്നറിയപ്പെട്ട ഹെക്ടർ കാസ്ട്രോയുടേത് അതിജീവനത്തിന്‍റെ കഥ കൂടിയാണ് .
1923 മുതൽ 1925 വരെയുള്ള കാലഘട്ടത്തിൽ ഉറുഗ്വെക്ക് വേണ്ടി കളിച്ച കാസ്ട്രോ 25 മാച്ചുകളിൽ നേടിയത് 18 ഗോളുകളാണ്. ഇതിനൊപ്പം 1928-ലെ ഒളിംപിക്സ് സ്വർണം നേടിയ ടീമിലും കാസ്ട്രോ ഉണ്ടായിരുന്നു. ഉറുഗ്വെക്ക് വേണ്ടി അവരുടെ ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോൾ നേടിയ ബഹുമതിയും കാസ്ട്രോയ്ക്ക് തന്നെ. പെറുവിനെതിരായ മാച്ചിൽ 65-ാം മിനിറ്റിൽ വലകുലുക്കിയ കാസ്ട്രോയെ പക്ഷേ ഏവരും ഓർക്കുന്നത് ഫൈനൽ മത്സരത്തിൽ നേടിയ ഗോളാണ്. 57-ാം മിനിട്ടുവരെ 2-2 എന്ന നിലയിൽ നിന്നും മാച്ച് ഉറുഗ്വെ 4 -2ന് വിജയിച്ചപ്പോൾ കളി തീരാൻ വെറും ഒരു മിനുട്ട് ശേഷിക്കെ 89-ാം മിനിട്ടിൽ സെൻറർ ഫോർവേഡ് ആയ കാസ്ട്രോ വല കുലുക്കുമ്പോൾ രാജ്യം പൊട്ടിത്തെറിക്കുകയായിരുന്നു.
അടുത്ത ദിവസം സുവർണനേട്ടത്തിന്‍റെ ആഘോഷത്തിനായി ഉറുഗ്വെയിൽ ദേശീയ അവധി പ്രഖ്യാപിക്കുമ്പോൾ കാസ്ട്രോ അടക്കമുള്ള താരങ്ങൾ ഹീറോ ആവുകയായിരുന്നു. കാസ്ട്രോ നേടിയ രണ്ട് ഗോളുകൾക്കും ചരിത്ര സ്പർശമുണ്ടായിരുന്നു. സ്വന്തം രാജ്യത്തിനായി ലോകകപ്പിലെ ആദ്യ ഗോൾ കുറിച്ച കാസ്ട്രോ തന്നെയായിരുന്നു ആ ലോകകപ്പിലെ ഉറുഗ്വയുടെ അവസാന ഗോളും നേടിയതെന്ന് കൗതുകകരമായ ചരിത്രവുമുണ്ട്. വിരമിച്ച ശേഷം പരിശീലകൻറെ റോളിലും കാസ്ട്രോ തിളങ്ങിയിരുന്നു.
ഒരിക്കലും തകര്‍ക്കാനാകാത്ത സുവര്‍ണ ഗോള്‍ നേട്ടത്തിന്റെ ഓര്‍മ; ലോകകപ്പിലെ ആദ്യ ഗോളിനെ കുറിച്ച്