ആദ്യപാതിയില്‍ തന്നെ ഹാളണ്ടിന് ഹാട്രിക്! ചാംപ്യന്‍സ് ലീഗ് റെക്കോര്‍ഡ്; ലൈപ്‌സിഷിനെ സിറ്റി മുന്നില്‍- വീഡിയോ
ഹാളണ്ടിന്റെ കരുത്തില്‍ സിറ്റി ഇപ്പോള്‍ എതിരില്ലാത്ത മൂന്ന് ഗോളിന് മുന്നിലാണ്. ഇരുപാദങ്ങളിലുമായി 4-1ന് ലീഡ്. ചാംപ്യന്‍സ് ലീഗില്‍ വേഗത്തില്‍ 30 ഗോള്‍ നേടുന്ന താരമായിരിക്കുകയാണ് ഹാളണ്ട്.
മാഞ്ചസ്റ്റര്‍: യുവേഫ ചാംപ്യന്‍സ് ലീഗില്‍ 30 ഗോളുകള്‍ പൂര്‍ത്തിയാക്കി മാഞ്ചസ്റ്റര്‍ സിറ്റി യുവതാരം എര്‍ലിംഗ് ഹാളണ്ട്. ആര്‍ബി ലൈപ്‌സിഷിനെതിരായ മത്സരത്തില്‍ ആദ്യപാതിയില്‍ തന്നെ താരം ഹാട്രിക്ക് പൂര്‍ത്തിയാക്കി. ഹാളണ്ടിന്റെ കരുത്തില്‍ സിറ്റി ഇപ്പോള്‍ എതിരില്ലാത്ത മൂന്ന് ഗോളിന് മുന്നിലാണ്. ഇരുപാദങ്ങളിലുമായി 4-1ന് ലീഡ്. ചാംപ്യന്‍സ് ലീഗില്‍ വേഗത്തില്‍ 30 ഗോള്‍ നേടുന്ന താരമായിരിക്കുകയാണ് ഹാളണ്ട്. 25 മത്സരങ്ങളില്‍ നിന്നാാണ് താരം 30 ഗോള്‍ കണ്ടെത്തിയത്. 30 ഗോളിലെത്തുന്ന പ്രായം കുറഞ്ഞ താരവും ഹാളണ്ട് തന്നെ.
22-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയായിരുന്നു ആദ്യ ഗോള്‍. ബോക്‌സില്‍ കോര്‍ണര്‍ കിക്ക് ക്ലിയര്‍ ചെയ്യുന്നതിനിടെ ബെഞ്ചമിന്‍ ഹെന്റിച്ചിന്റെ കയ്യില്‍ പന്ത് തട്ടിയതോടെ സിറ്റിക്ക് പെനാല്‍റ്റി ലഭിച്ചു. വാറിലൂടെയാണ് പെനാല്‍റ്റി വിധിച്ചത്. എന്നാല്‍ പെനാല്‍റ്റി നല്‍കേണ്ടതുണ്ടോ എന്നുള്ള വാദവും നിലനില്‍ക്കുന്നു. എന്തായാലും കിക്കെടുത്ത ഹാളണ്ടിന് പിഴച്ചില്ല. നിലംപറ്റെ വലത് മൂലയിലേക്ക് തൊടുത്ത കിക്ക് ഗോള്‍ കീപ്പറെ കീഴ്‌പ്പെടുത്തി. വീഡിയോ കാണാം...
24-ാം മിനിറ്റില്‍ രണ്ടാം ഗോളും പിറന്നു. ഇത്തവണ ഡി ബ്രൂയ്‌നിന്റെ ഷോട്ട് ക്രോസ് ബാറില്‍ തട്ടിയകന്നപ്പോള്‍ ഹാളണ്ട് കൃത്യ സമയത്തെത്തി കാല്‍വെക്കുകയായിരുന്നു. താരത്തിന്റെ 30-ാം ഗോളായിരുന്നു അത്. ഇതിനിടെ ഒരിക്കല്‍ പോലും മാഞ്ചസ്റ്റര്‍ സിറ്റി ഗോള്‍ കീപ്പര്‍ എഡേഴ്‌സണെ പരീക്ഷിക്കാന്‍ പോലും ലൈപ്‌സിഷിന് സാധിച്ചില്ല.
ആദ്യപാതിയുടെ ഇഞ്ചുറി സമയത്ത് ഹാളണ്ട് ഹാട്രിക് പൂര്‍ത്തിയാക്കി. ഡി ബ്രൂയ്‌നിന്റെ കോര്‍ണര്‍ കിക്ക് റൂബന്‍ ഡയസ് പോസ്റ്റിലേക്ക് ഹെഡ് ചെയ്തു. എന്നാല്‍ പോസ്റ്റിലിടിച്ച് പന്ത് ഗോള്‍വര കടന്നതുമില്ല. ലൈപ്‌സിഷ് പ്രതിരോധതാരം ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഓടിയെത്തിയ ഹാളണ്ട ഗോളാക്കി. ഡയസിന്റെ ഗോളാണെന്ന് നേരത്തെ തോന്നിയെങ്കിലും ഗോള്‍വര കടത്തിയത് ഹാളണ്ടായിരുന്നു. വീഡിയോ കാണാം...