ഖബ്ര ബ്ലാസ്റ്റേഴ്‌സില്‍ തുടരില്ലെന്ന് റിപ്പോര്‍ട്ട്; മഞ്ഞപ്പടയിലെ കൊഴിഞ്ഞുപോക്കിന്‍റെ തുടക്കമോ?
ദേശീയ ടീമിന് പുറമെ ഐ ലീഗിലും ഐഎസ്എല്ലിലും വലിയ പരിചയസമ്പത്തുള്ള താരമാണ് ഹര്‍മന്‍ജോത് ഖബ്ര
കൊച്ചി: വരുന്ന ഐഎസ്എല്‍ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം പ്രതിരോധ താരം ഹര്‍മന്‍ജോത് സിംഗ് ഖബ്രയുണ്ടാവില്ല. ഖബ്ര കെബിഎഫ്‌സിയോട് ബൈ പറഞ്ഞതായി പ്രമുഖ കായിക ലേഖകന്‍ മാര്‍ക്കസ് ട്വീറ്റ് ചെയ്തു. ബംഗളൂരു എഫ്‌സിയുടെ പ്രതിരോധ താരമായിരുന്ന ഹര്‍മന്‍ജോത് ഖബ്ര 2021ലാണ് കേരള ബ്ലാസ്റ്റേഴ്‌സുമായി രണ്ട് വര്‍ഷ കരാറിലെത്തിയത്. കേരള ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയില്‍ 26 മത്സരങ്ങള്‍ കളിച്ചപ്പോള്‍ രണ്ട് ഗോളുകള്‍ നേടി.
ദേശീയ ടീമിന് പുറമെ ഐ ലീഗിലും ഐഎസ്എല്ലിലും വലിയ പരിചയസമ്പത്തുള്ള താരമാണ് ഹര്‍മന്‍ജോത് ഖബ്ര. ഇന്ത്യന്‍ ഫുട്ബോളിന്‍റെ വിവിധ തലങ്ങളിലായി ഇരുനൂറിലധികം മത്സരങ്ങള്‍ കളിച്ചു. ഈസ്റ്റ് ബംഗാളിനോടൊപ്പം കല്‍ക്കത്ത ഫുട്ബോള്‍ ലീഗ്, ഫെഡറേഷന്‍ കപ്പ്, ഐഎഫ്എ ഷീല്‍ഡ് എന്നിവ നേടി. ടാറ്റ ഫുട്ബോള്‍ അക്കാദമിയിലൂടെ വളര്‍ന്നുവന്ന താരം സ്പോര്‍ട്ടിംഗ് ഗോവയ്ക്കായി കളിച്ചിരുന്നു. ഐഎസ്എല്ലില്‍ ബെംഗളൂരു എഫ്സിക്ക് പുറമെ ചെന്നൈയിന്‍ എഫ്‌സിക്ക് വേണ്ടിയും ബൂട്ടണിഞ്ഞു. ആദ്യ മൂന്ന് സീസണുകളില്‍ ചെന്നൈയിന്‍റെ ഭാഗമായിരുന്നു ഖബ്ര. 2015ല്‍ കിരീടവും നേടി. പിന്നലെ 2018-19 സീസണില്‍ ബെംഗളൂരു എഫ്‌സിക്കൊപ്പം രണ്ടാം ഐഎസ്എല്‍ കിരീടവും നേടി.
ബ്ലാസ്റ്റേഴ്‌സിലെ രണ്ട് വര്‍ഷ കരാര്‍ അവസാനിച്ചെങ്കിലും പുതുക്കാന്‍ താല്‍പര്യം കാണിച്ചില്ല. ഇതോടെ ഹീറോ സൂപ്പര്‍ കപ്പിനുള്ള സ്‌ക്വാഡില്‍ ഖബ്രയെ കെബിഎഫ്‌സി ഉള്‍പ്പെടുത്തിയിരുന്നില്ല. സച്ചിന്‍, ഗില്‍, കരണ്‍ജീത്, മുഹീത് എന്നിവരാണ് സൂപ്പര്‍ കപ്പിനുള്ള സ്‌ക്വാഡിലെ ഗോളിമാര്‍. സഹീഫ്, സന്ദീപ്, ഹോര്‍മിപാം, തേജസ്, ജെസ്സല്‍, നിഷു, ലെസ്‌കോവിച്ച്, വിക്‌ടര്‍, ബിജോയി എന്നിവരാണ് പ്രതിരോധത്തില്‍. ഡാനിഷും ആയുഷും ജീക്ക്‌സണും വിബിനും അസ്‌ഹറും ഇവാനും മിഡ്‌ഫീല്‍ഡിലും ബ്രൈസും സൗരവും രാഹുലും നിഹാലും ദിമിത്രിയോസും ബിദ്യാഷാഗറും ജിയാന്നുവും സഹലും ഐമനും ശ്രീക്കുട്ടനും ഫോര്‍വേര്‍ഡായും ടീമില്‍ ഇടംപിടിച്ചു.
Read more: ധോണിയോ ജഡേജയോ സ്റ്റോക്‌സോ അല്ല; സിഎസ്‌കെയുടെ വിധി നിര്‍ണയിക്കുക ഈ താരം