ബംഗളൂരു എഫ്സി വിട്ട ഹര്‍മന്‍ജോത് ഖബ്ര കേരള ബ്ലാസ്റ്റേഴ്‌സില്‍..?
ബ്ലാസ്റ്റേഴ്‌സ് ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും പുറത്തുവരുന്ന വാര്‍ത്തകള്‍ ഖബ്രയുടെ സൈനിംഗ് ശരി വെക്കുന്നുണ്ട്.
ബംഗളൂരു: ബംഗളൂരു എഫ്സി വിട്ട പ്രതിരോധതാരം ഹര്‍മന്‍ജോത് ഖബ്ര കേരള ബ്ലാസ്‌റ്റേഴ്‌സിലെത്തിയേക്കും. 33കാരനായ ഖബ്ര ഒന്നില്‍ കൂടുതല്‍ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിനൊപ്പം ഉണ്ടാകുമെന്നാണ് അറിയുന്നത്. ബ്ലാസ്റ്റേഴ്‌സ് ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും പുറത്തുവരുന്ന വാര്‍ത്തകള്‍ ഖബ്രയുടെ സൈനിംഗ് ശരി വെക്കുന്നുണ്ട്. താരം ക്ലബ് വിട്ടതായി ബെംഗളൂരു എഫ്സി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.
ദേശീയ ടീമിന് പുറമെ ഐ ലീഗിലും ഐഎസ്എല്ലിലും കളിച്ചുള്ള പരിചയമുണ്ട് താരത്തിന്. ഈസ്റ്റ് ബംഗാളിനോടൊപ്പം കല്‍ക്കത്ത ഫുട്‌ബോള്‍ ലീഗ്, ഫെഡറേഷന്‍ കപ്പ്, ഐഎഫ്എ ഷീല്‍ഡ് എന്നിവ നേടി. ടാറ്റ ഫുട്‌ബോള്‍ അക്കാദമിയിലൂടെ വളര്‍ന്നുവന്ന താരം സ്‌പോര്‍ട്ടിംഗ് ഗോവയ്്ക്കായും കളിച്ചു. ഐഎസ്എല്ലില്‍ ബംഗളൂരു എഫ്‌സിക്ക് പുറമെ ചെന്നൈയിന് വേണ്ടിയും ബൂട്ടണിഞ്ഞു.
ആദ്യ മൂന്ന് സീസണുകളില്‍ ചെന്നൈയിന്റെ ഭാഗമായിരുന്നു ഖബ്ര. 2015ല്‍ കിരീടവും നേടി. പിന്നലെ 2018-19 സീസണില്‍ ബംഗളൂരു എഫ്സിക്കൊപ്പം രണ്ടാം ഐഎസ്എല്‍ കിരീടവും നേടി. മറ്റ് ഐഎസ്എല്‍ ക്ലബ്ബുകളില്‍ നിന്ന് താരത്തിന് ഓഫറുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകക്കൂട്ടമാണ് ഖബ്രയെ ആകര്‍ഷിച്ചത്.