ഇംഗ്ലണ്ട് പരിശീലക സ്ഥാനത്ത് നിന്നൊഴിഞ്ഞ് ഗരെത് സൗത്ത്‌ഗേറ്റ്! തീരുമാനം യൂറോ ഫൈനല്‍ തോല്‍വിക്ക് ശേഷം
എട്ട് വര്‍ഷങ്ങള്‍ക്കിടെ 102 മത്സരങ്ങളില്‍ അദ്ദേഹം ഇംഗ്ലണ്ടിനെ പരിശീലിപ്പിച്ചു.
ലണ്ടന്‍: ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീമിന്റെ പരിശീലക സ്ഥാനം രാജിവച്ച് ഗരെത് സൗത്ത്‌ഗേറ്റ്. തുടര്‍ച്ചയായ രണ്ടാം യൂറോ കപ്പിലും ഇംഗ്ലണ്ട് ഫൈനലില്‍ തോറ്റതോടെയാണ് സൗത്ത് ഗേറ്റിന്റെ രാജി പ്രഖ്യാപനം. ഇത്തവണ സ്‌പെയ്‌നിന് മുന്നില്‍ 2-1നായിരുന്നു ഇംഗ്ലണ്ടിന്റെ തോല്‍വി. 2020ല്‍ ഇറ്റലിയോടും ഇംഗ്ലണ്ട് ഫൈനലില്‍ തോറ്റു. കഴിഞ്ഞ ലോകകപ്പില്‍ ക്വാര്‍ട്ടറിനപ്പുറം കടക്കാന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞിരുന്നില്ല. 2018 ലോകകപ്പില്‍ സെമിയിലും ടീം പരാജയപ്പെട്ടു.
എട്ട് വര്‍ഷങ്ങള്‍ക്കിടെ 102 മത്സരങ്ങളില്‍ അദ്ദേഹം ഇംഗ്ലണ്ടിനെ പരിശീലിപ്പിച്ചു. ''ഇംഗ്ലണ്ടിന് വേണ്ടി കളിക്കാനായതിലും ടീമിനെ പരിശീലിപ്പിക്കാനയതിലും അഭിമുണ്ട്. എന്റെ എല്ലാം ഞാന്‍ ടീമിന് സമര്‍പ്പിച്ചു.'' സൗത്ത്‌ഗേറ്റ് വിരമിക്കല്‍ സന്ദേശത്തില്‍ പറഞ്ഞു. യൂറോകപ്പ് ഫൈനലില്‍ തോറ്റതിന് പിന്നാലെ ഇംഗ്ലണ്ട് ക്യാംപിലെ പടലപ്പിണക്കമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സൂപ്പര്‍ താരം ജൂഡ് ബെല്ലിംങ്ഹാം ടീമില്‍ ഒറ്റപ്പെട്ടെന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യൂറോകപ്പ് തുടങ്ങുന്നതിന് തൊട്ടുമുന്‍പാണ് ജൂഡ് ബെല്ലിംങ്ഹാമിനെ ഇംഗ്ലണ്ടിന്റെ രക്ഷകനായി അവതരിപ്പിച്ച ഈ പരസ്യം പുറത്തിറങ്ങിയത്.
ആരാധകര്‍ കയ്യടിച്ചെങ്കിലും ഇംഗ്ലണ്ട് ടീമിലെ മിക്കവര്‍ക്കും പരസ്യം അത്ര പിടിച്ചില്ല. ബെല്ലിംഗ്ഹാമിന് പ്രത്യേക പരിവേഷം നല്‍കാനുള്ള ശ്രമം സൂപ്പര്‍ താരങ്ങള്‍ നിറഞ്ഞ ഇംഗ്ലീഷ് ഡ്രെസ്സിംഗ് റൂമില്‍ അസ്വാരസ്യം പറയുന്നു ഇംഗ്ലണ്ട് മാധ്യമങ്ങള്‍. സഹതാരങ്ങളില്‍ ട്രെന്‍ഡ് അലക്‌സാണ്ടര്‍ അര്‍നോള്‍ഡിനോട് മാത്രമാണ് ബെല്ലിംഗ്ഹാമിന് സൗഹ്യദമുണ്ടായിരുന്നത്. മറ്റ് പലരെയും കണ്ട മട്ട് നടിച്ചില്ല. ചിലരോട് അഹങ്കാരത്തോടെ സംസാരിച്ചെന്നും ഇതെ ചൊല്ലി ബെല്ലിംഗ്ഹാമുമായി പലരും ഇടഞ്ഞെന്നുമാണ് വാര്‍ത്തകള്‍.
യൂറോ കപ്പിലെ നിര്‍ണായക ഘട്ടത്തില്‍ താരം പുറത്തെടുത്തില്ലെന്ന വിമര്‍ശനത്തിനിടെയാണ് ഡ്രെസ്സിംഗ് റൂം രഹസ്യങ്ങള്‍ പുറത്താകുന്നത്. ബൊറൂസിയ ഡോര്‍ട്മുണ്ട് താരമായിരുന്നപ്പോളും സമാന പരാതികള്‍ ബെല്ലിഗ്ഹാമിനെതിരെ ഉയര്‍ന്നിരുന്നു. അതേസമയം ബെല്ലിംഗ്ഹാമിനെ തിരായ വാര്‍ത്തകള്‍ ചോര്‍ത്തി നല്‍കി മറ്റ് പലരെയും രകഷപ്പെടുത്താനുള്ള നീക്കം നടക്കുന്നതായും ആരോപണം ഉയരുന്നുണ്ട്. ഇതിനിടെയാണ് സൗത്ത് ഗേറ്റിന്റെ പിന്മാറ്റം.