ഫൈനലിലെ പരാജയത്തിന് പിന്നാലെ വംശീയ അധിക്ഷേപം നേരിട്ട് ഫ്രാൻസ് താരങ്ങൾ; കമന്റ് ബോക്സ് ഓഫാക്കി താരം
എക്സ്ട്രാ ടൈമിൽ മഔനിയുടെ ഷോട്ട് അർജന്റീന ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസ് അവിശ്വസനീയമായി തടുക്കുകയായിരുന്നു. ഷൂട്ടൗട്ടിലേക്ക് വന്നപ്പോൾ കോമാന്റെ ഷോട്ട് എമി തടുത്തിട്ടു. ചൗമേനി പുറത്തേക്കാണ് അടിച്ചത്.
ദോഹ: ലോകകപ്പിന്റെ കലാശ പോരാട്ടത്തിൽ അർജന്റീനയോട് തോറ്റതിന് പിന്നാലെ വംശീയ അധിക്ഷേപം നേരിട്ട് ഫ്രാൻസ് താരങ്ങൾ. ഔറേലിയൻ ചൗമേനി, കിംഗ്സ്ലി കോമാൻ, കോലോ മഔനി എന്നിവരെയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ചിലർ വംശീയമായി അധിക്ഷേപിച്ചത്. എക്സ്ട്രാ ടൈമിൽ ഫ്രാൻസിനെ മുന്നിലെത്തിക്കാനുള്ള അവസരം മഔനിക്ക് മുതലാക്കാനായിരുന്നില്ല. ഷൂട്ടൗട്ടിൽ പെനാൽറ്റി നഷ്ടമാക്കിയ താരങ്ങളാണ് ചൗമേനിയും കോമാനും.
എക്സ്ട്രാ ടൈമിൽ മഔനിയുടെ ഷോട്ട് അർജന്റീന ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസ് അവിശ്വസനീയമായി തടുക്കുകയായിരുന്നു. ഷൂട്ടൗട്ടിലേക്ക് വന്നപ്പോൾ കോമാന്റെ ഷോട്ട് എമി തടുത്തിട്ടു. ചൗമേനി പുറത്തേക്കാണ് അടിച്ചത്. ചൗമേനി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കമന്റ് ചെയ്യുന്നതിൽ നിയന്ത്രണം കൊണ്ട് വന്നപ്പോൾ മഔനിക്ക് കമന്റ് ബോക്സ് പൂട്ടിക്കെട്ടേണ്ടി വന്നു. കോമാനെതിരെ നടക്കുന്ന വംശീയ അധിക്ഷേപങ്ങൾക്കെതിരെ അദ്ദേഹത്തിന്റെ ക്ലബ്ബ് ബയേൺ മ്യൂണിക്ക് രംഗത്ത് വന്നിട്ടുണ്ട്.
എഫ്‌സി ബയേൺ കുടുംബം നിങ്ങളുടെ പിന്നിലുണ്ട്, രാജാവേ. വംശീയതയ്ക്ക് കായികരംഗത്തോ നമ്മുടെ സമൂഹത്തിലോ സ്ഥാനമില്ലെന്ന് ബയേൺ ട്വിറ്ററിൽ കുറിച്ചു. നിരവധി പേരാണ് ഫ്രാൻസ് താരങ്ങളെ പിന്തുണച്ച് രംഗത്ത് വരുന്നത്. താരങ്ങളുടെ ക്ലബ്ബുകളുടെ ഫാൻ ഗ്രൂപ്പുകളും വംശീയ അധിക്ഷേപങ്ങൾക്കെതിരെ ശക്തമായ പ്രതികരണളാണ് നടത്തുന്നത്.
നേരത്തെ, കഴിഞ്ഞ യൂറോ കപ്പ് ഫൈനലിൽ ഇറ്റലിയോട് പെനൽറ്റി ഷൂട്ടൗട്ടിൽ തോറ്റതിന് പിന്നാലെ ഇംഗ്ലീഷ് താരങ്ങൾക്ക് നേരെയും സമാനമായി വംശീയമായി അധിക്ഷേപം ഉണ്ടായിരുന്നു. ഫൈനലിലെ പെനൽറ്റി ഷൂട്ടൗട്ടിൽ ഇംഗ്ലണ്ടിനായി അവസാന മൂന്ന് കിക്കുകൾ എടുത്ത മാർക്കസ് റാഷ്ഫോർഡ്, ജേഡൻ സാഞ്ചോ, ബുക്കായോ സാക്ക എന്നിവർക്കെതിരെ ആണ് ഒരു വിഭാഗം ഇംഗ്ലീഷ് ആരാധകർ വംശീയ അധിക്ഷേപം നിറയുന്ന ട്വീറ്റുകളിട്ടത്.
റഫറിക്ക് പിഴച്ചോ? മെസിയുടെ രണ്ടാം ഗോളിനെ ചൊല്ലിയുള്ള തർക്കങ്ങൾ തീരുന്നില്ല, വിവാദം കത്തുന്നു