ഖത്തറില്‍ മെസിയുടെ മികവില്‍ അര്‍ജന്റീന കപ്പുയര്‍ത്തും; കാരണം വിശദീകരിച്ച് മുന്‍ ഇറ്റാലിയന്‍ പ്രതിരോധതാരം
ഇപ്പോള്‍ മുന്‍ ഇറ്റാലിയന്‍ താരം ക്രിസ്റ്റിയാന്‍ പനൂച്ചിയും പറയുന്നു ഖത്തറില്‍ അര്‍ജന്റീന കിരീടം നേടുമെന്ന്. എറണാകുളത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദോഹ: ഖത്തര്‍ ലോകകപ്പിലെ ഫേവറൈറ്റ് ടീമുകളില്‍ ഒന്ന് അര്‍ജന്റീനയാണെന്നുള്ളതില്‍ സംശയമില്ല. 35 മത്സരങ്ങളില്‍ തോല്‍വി അറിയാതെയാണ് ടീം ഖത്തറിലെത്തുന്നത്. ഇതിഹാസതാരം ലിയോണല്‍ മെസിയുടെ ഫോം തന്നെയാണ് ടീമിന്റെ പ്രതീക്ഷ. നേരത്തെ ഫ്രഞ്ച് താരം കരിം ബെന്‍സേമ, ക്രോയേഷ്യന്‍ താരം ലൂക്ക മോഡ്രിച്ച്, സ്പാനിഷ് പരിശീലകന്‍ ലൂയിസ് എന്റ്വികെ എന്നിവരെല്ലാം അര്‍ജന്റീനയുടെ സാധ്യകള്‍ വിലയിരുത്തിയിരുന്നു. ഖത്തറില്‍ മെസി കപ്പുയര്‍ത്തുമെന്നാണ് ഇവരെല്ലാം അഭിപ്രായപ്പെട്ടത്. അതിന്റെ പ്രധാന കാരണം മെസിയുടെ ഫോം പരിശീലകന്‍ ലിയോണല്‍ സ്‌കലോണിയുടെ ത്ന്ത്രങ്ങളുമാണെണ് എല്ലാാവരുടേയും പക്ഷം.
ഇപ്പോള്‍ മുന്‍ ഇറ്റാലിയന്‍ താരം ക്രിസ്റ്റിയാന്‍ പനൂച്ചിയും പറയുന്നു ഖത്തറില്‍ അര്‍ജന്റീന കിരീടം നേടുമെന്ന്. എറണാകുളത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ''ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയ്ക്കാണ് കിരീട സാധ്യതയെന്നാണ് ഞാന്‍ കരുതുന്നത്. ലിയോണല്‍ മെസി അപൂര്‍വ പ്രതിഭയാണ്. അര്‍ജന്റീനയുടെ കിരീടസാധ്യത വര്‍ധിപ്പിക്കുന്നതും ഇക്കാര്യമാണ്. ഇറ്റലി ലോകകപ്പിന് യോഗ്യത നേടാത്തതില്‍ വിഷമമുണ്ട്. എന്നാല്‍ ശക്തമായി തിരിച്ചെത്തും. ജര്‍മനി, സ്‌പെയിന്‍, ഫ്രാന്‍സ് എന്നിവരെല്ലാം മികച്ച ഫോമിലാണ്. സമ്മര്‍ദമില്ലാതെ ആസ്വദിച്ച് കളിക്കുന്നവര്‍ കിരീടത്തിലെത്തും.'' 2002 ലോകകപ്പില്‍ അസൂറിപ്പടയിലെ അംഗമായിരുന്ന പനൂച്ചി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ബ്രസീലിന് ആരാധകപിന്തുണയുണ്ടെന്നും പനൂച്ചി വ്യക്തമാക്കി. ''ബ്രസീലും ശക്തമായ പോരാട്ടം നടത്തുമെന്ന് ഉറപ്പാണ്. ആരാധക പിന്തുണയും ബ്രസീലിനുണ്ട്. അതോടൊപ്പം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സാന്നിധ്യം പോര്‍ച്ചുഗലിനെ വേറിട്ടതാക്കുന്നു. 37 വയസായെങ്കിലും ക്രിസ്റ്റിയാനോയുടെ കഴിവില്‍ സംശയമില്ല.'' ഇറ്റലിക്കായി 57 മത്സരങ്ങളില്‍ കളിച്ചിട്ടുള്ള പ്രതിരോധതാരം പറഞ്ഞു. ഇന്ത്യന്‍ ഫുട്‌ബോള്‍ മികച്ച പാതയിലാണെന്നും ഭാവി ശോഭനമാണെന്നും പനൂച്ചി കൂട്ടിചേര്‍ത്തു. വീഡിയോ കാണാം...