'റീത്തല്ല, ഫുട്‌ബോള്‍ തരൂ'; മരണത്തിലും കാല്‍പന്തിനെ കൂടെക്കൂട്ടിയ ചാത്തുണ്ണി, ബാക്കിയായി രണ്ട് സ്വപ്നങ്ങള്‍

രാജ്യത്തെ ഇതിഹാസ ഫുട്ബോള്‍ പരിശീലകന്‍ ടി.കെ. ചാത്തുണ്ണിക്ക് ദ്രോണാചാര്യ പുരസ്‌കാരവും ചാലക്കുടി സ്റ്റേഡിയവും സ്വപ്നമായി അവശേഷിച്ചു

Former football coach T K Chathunni left world with his two ambitions one is Dronacharya Award

തൃശൂര്‍: "മരിച്ചാല്‍ ആരുമെനിക്ക് റീത്തുകള്‍ സമര്‍പ്പിക്കരുത്, എന്‍റെ ഭൗതിക ശരീരം കാണാനെത്തുന്നവര്‍ ഫുട്‌ബോളുകള്‍ നല്‍കണമെന്നാണ് എന്‍റെ ആഗ്രഹം, അതാണ് എനിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ ആദരം"- മുമ്പ് പല സന്ദര്‍ഭങ്ങളിലും ടി.കെ. ചാത്തുണ്ണി എന്ന കാല്‍പ്പന്ത് കളിയുടെ മായാജാലക്കാരന്‍ പങ്കുവച്ച ഒരു ആഗ്രഹമാണിത്. മരണത്തിലും കൂടെ കൂട്ടാന്‍ അദേഹം ആഗ്രഹിച്ചത് കാല്‍പ്പന്ത് മാത്രമാണ്. എന്നാല്‍ ജീവിതവേളയില്‍ നിറവേറ്റാനാവാതെപോയ രണ്ട് ആഗ്രഹങ്ങളുമായാണ് അദേഹം വിടപറഞ്ഞത്. 

Former football coach T K Chathunni left world with his two ambitions one is Dronacharya Award

മികച്ച കായിക പരിശീലകര്‍ക്ക് ഇന്ത്യാ സര്‍ക്കാര്‍ നല്‍കിവരുന്ന അവാര്‍ഡായ ദ്രോണാചാര്യ പുരസ്‌കാര ജേതാവാകണമെന്ന ആഗ്രഹം ഇന്ത്യയിലെ ഇതിഹാസ ഫുട്ബോള്‍ കോച്ചുമാരിലൊരാളായ ടി.കെ. ചാത്തുണ്ണി പലപ്പോഴും പ്രകടിപ്പിച്ചിരുന്നു. കായിക പ്രതിഭകളില്‍ പലര്‍ക്കും നേരിടേണ്ടിവന്ന അവഗണനകളില്‍ ആ സ്വപ്നം ബാക്കിയായി. ഫുട്‌ബോളിലെ മികച്ച പ്രതിഭകളെ വാര്‍ത്തെടുക്കുന്നതിന് ചാലക്കുടിയില്‍ ആധുനിക സൗകര്യങ്ങളെല്ലാം അടങ്ങുന്ന ഒരു ഫുട്‌ബോള്‍ സ്റ്റേഡിയം വേണമെന്ന ആഗ്രഹവും നിറവേറിയില്ല.

താരമായും പരിശീലകനായും തിളങ്ങിയ അപൂര്‍വം ചില വ്യക്തികളിലൊരാളായിരുന്നു ടി.കെ. ചാത്തുണ്ണി. ഇന്ത്യയിലെ ഒട്ടുമിക്ക ടീമുകളില്‍ കളിച്ചും പരിശീലിപ്പിച്ചും നിരവധി മെഡലുകള്‍ വാങ്ങാനും നേടാനുമുള്ള അവസരമൊരുക്കി. 1963 മുതല്‍ 1977 വരെ ഇന്ത്യയിലെ ഫുട്‌ബോള്‍ സ്റ്റേഡിയങ്ങളില്‍ ഫുട്‌ബോള്‍ ആരാധകരുടെ ആരവങ്ങള്‍ക്കിടയില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ച കളിക്കളത്തിലെ പോരാളിയെന്ന വിശേഷണം ചാത്തുണ്ണിക്കുണ്ട്. കേരളത്തിലും പുറത്തുമുള്ള ഡി.സി.എം. കപ്പ്, ഫെഡറേഷന്‍ കപ്പ്, ഡ്യൂറണ്ട് കപ്പ്, സന്തോഷ് ട്രോഫി, സേട്ട് നാഗ്‌ജി, മാമന്‍മാപ്പിള, ചാക്കോളാ, ഐ.എഫ്.എ. ഷീല്‍ഡ്, എസ്.എന്‍. കപ്പ് തുടങ്ങിയ ഇന്ത്യന്‍ ഹെവിവെയിറ്റ് ഫുട്‌ബോള്‍ ക്ലബ് ചാമ്പ്യന്‍ഷിപ്പുകളില്‍ വാസ്‌കോ ഗോവ, ഇ.എം.ഐ. സെക്കന്ദരബാദ്, ഓര്‍ക്കെ മില്‍സ്, മുംബൈ എന്നീ ടീമുകളുടെ കുപ്പായമണിഞ്ഞു.

Former football coach T K Chathunni left world with his two ambitions one is Dronacharya Award

ദേശീയ ഫുട്ബോളില്‍ കേരളത്തിനും മഹാരാഷ്ട്ര, സര്‍വീസസ്, ഗോവ ടീമുകള്‍ക്കും വേണ്ടി ടി.കെ. ചാത്തുണ്ണി കളിക്കളത്തിലിറങ്ങി. പിന്നീട് ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞ് അന്താരാഷ്ട്ര മത്സരങ്ങളിലും അദേഹം തിളങ്ങി. കളിയില്‍നിന്നും വിരമിച്ച ശേഷം കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കോച്ച്, സീനിയര്‍ കേരള സ്റ്റേറ്റ് ഫോര്‍ സന്തോഷ് ട്രോഫി, മോഹന്‍ ബഗാന്‍, കേരള പൊലീസ്, എഫ്.സി. കൊച്ചിന്‍, വിവ കേരള, ജോസ്‌കോ എഫ്.സി, ഗോള്‍ഡന്‍ ത്രെഡ്‌സ് തുടങ്ങിയ ടീമുകളെയും ക്ലബുകളെയും പരിശീലിപ്പിച്ച് സംസ്ഥാന ലീഗ്, ഫെഡറേഷന്‍ കപ്പ്, ഐ ലീഗ് ചാമ്പ്യന്‍മാരാക്കിയ മികച്ച പരിശീലകനായും പേരെടുത്തു. നിരവധി കോച്ചിങ് ക്യാമ്പുകളിലൂടെ രാജ്യത്തിന് അഭിമാന താരങ്ങളായി മാറിയ കാല്‍പ്പന്തുകളിക്കാരെ വാര്‍ത്തെടുത്തു. ഐ.എം. വിജയന്‍, ജോപോള്‍ അഞ്ചേരി, സി.വി. പാപ്പച്ചന്‍ തുടങ്ങിയ താരങ്ങള്‍ അദേഹത്തിന്‍റെ പരിശീലനത്തില്‍ പിറന്നു. കളിക്കളം വിടുന്നതോടെ മറവിയിലേക്ക് മറയാന്‍ അദേഹം താത്പര്യപ്പെട്ടില്ല.

ഫുട്‌ബോളില്‍ തന്‍റെ ദൗത്യം അവസാനിക്കുന്നില്ലെന്നായിരുന്നു ടി.കെ. ചാത്തുണ്ണി പറഞ്ഞിരുന്നത്. ഇന്ത്യയിലെവിടെ ചെന്നാലും തന്‍റെ ശിഷ്യന്‍മാരുണ്ടെന്ന് അദേഹം അഭിമാനപൂര്‍വം പറഞ്ഞിരുന്നു. കേരള പൊലീസ്, മോഹന്‍ ബഗാന്‍ തുടങ്ങി വിവിധ ടീമുകളെ വിജയിപ്പിച്ചതും അതിന് പിന്നിലെ കഠിനാധ്വാനവുമെല്ലാം കോര്‍ത്തിണക്കി അദേഹമെഴുതിയ ആത്മകഥ 'ഫുട്‌ബോള്‍ മൈ സോള്‍' എന്ന പുസ്തകത്തില്‍ കേരള ഫുട്‌ബോള്‍ നേരിട്ട വെല്ലുവിളികളും വിവാദങ്ങളുമെല്ലാം അദേഹം പങ്കുവച്ചു. വേളാങ്കണ്ണി മാതാവിന്‍റെ കടുത്ത ഭക്തനായിരുന്നു അദേഹം, ചാലക്കുടിക്കാരുടെ സ്വന്തം ചാത്തുണ്യേട്ടനും.  

Read more: സൂപ്പര്‍ കോച്ചും താരവും; കേരള മുന്‍ ഫുട്ബോളര്‍ ടി കെ ചാത്തുണ്ണി അന്തരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios