ക്രിസ്റ്റ്യാനോ ഇല്ല! ഫുട്‌ബോള്‍ ചരിത്രത്തിലെ മികച്ച എട്ട് താരങ്ങളെ തിരഞ്ഞെടുത്ത് റൊണാള്‍ഡോ നസാരിയോ
വളരെ സവിശേഷമായൊരു പട്ടികയാണിതെന്നും ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇവരുടെ സ്ഥാനം ആര്‍ക്കും മായ്ക്കാനാവില്ലെന്നും ബ്രസീലിയന്‍ ഇതിഹാസം പറയുന്നു.
റിയോ ഡി ജനീറോ: ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലത്തേയും മികച്ച സ്‌ട്രൈക്കര്‍മാരില്‍ ഒരാളാണ് റൊണാള്‍ഡോ നസാരിയോ. 2002ല്‍ ബ്രസീലിനെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച റൊണാള്‍ഡോ ബാഴ്‌സലോണ, റയല്‍ മാഡ്രിഡ്, ഇന്റര്‍ മിലാന്‍ തുടങ്ങിയ വമ്പന്‍ ക്ലബുകള്‍ക്കുവേണ്ടിയും നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കി. ഇപ്പോഴിതാ ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലത്തേയും മികച്ച എട്ട് താരങ്ങളെ തെരഞ്ഞെടുത്തിരിക്കുകയാണ് റൊണാള്‍ഡോ നസാരിയോ.
ബ്രസീലയന്‍ ഇതിഹാസത്തിന്റെ ഈ എട്ട് താരങ്ങളില്‍ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലെന്നുള്ളതാണ് പ്രധാന സവിശേഷത. പെലെ, ഫ്രാന്‍സ് ബെക്കന്‍ബോവര്‍, യോഹാന്‍ ക്രൈഫ്, ഡീഗോ മറഡോണ, മാര്‍ക്കോ വാന്‍ബാസ്റ്റന്‍, റൊണാള്‍ഡീഞ്ഞോ, ലിയോണല്‍ മെസ്സി എന്നിവര്‍ക്കൊപ്പം സ്വന്തം പേരും ഉള്‍പ്പെടുത്തിയാണ് റൊണാള്‍ഡോ നസാരിയോ എട്ട് മികച്ച താരങ്ങളെ തെരഞ്ഞെടുത്തത്. വളരെ സവിശേഷമായൊരു പട്ടികയാണിതെന്നും ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇവരുടെ സ്ഥാനം ആര്‍ക്കും മായ്ക്കാനാവില്ലെന്നും ബ്രസീലിയന്‍ ഇതിഹാസം പറയുന്നു.
എന്നാല്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലത്തേയും മികച്ചഗോള്‍വേട്ടക്കാരനും ആധുനിക ഫുട്‌ബോളിലെ സൂപ്പര്‍താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഈ പട്ടികയില്‍ ഇടംപിടിക്കാന്‍ കഴിഞ്ഞില്ല എന്നതാണ് കൌതുകം. പോര്‍ച്ചുഗീസ് ഇതിഹാസത്തെ എന്തുകൊണ്ട് എട്ടുപേരുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്ന് റൊണാള്‍ഡോ നസാരിയോ വ്യക്തമാക്കിയിട്ടില്ല. നാല്‍പ്പത്തിയേഴുകാരനായ റൊണാള്‍ഡോ നസാരിയോ ബ്രസീലിനായി 98 കളിയില്‍ നിന്ന് 62 ഗോള്‍ നേടിയിട്ടുണ്ട്.
അടുത്തിടെ ക്രിസ്റ്റ്യാനോയുടെ വാക്കുകള്‍ വിവാദമായിരുന്നു. ഫുട്‌ബോളിലെ പരമോന്നത വ്യക്തിഗത പുരസ്‌കാരങ്ങളെന്ന് കരുതപ്പെടുന്ന ബലോണ്‍ ദ് ഓറിന്റയും ഫിഫ ദി ബെസ്റ്റിന്റെയും വിശ്വാസ്യത നഷ്ടമായെന്ന് ക്രിസ്റ്റ്യാനോ പറഞ്ഞിരുന്നു. കൂടുതല്‍ ഗോളുകള്‍ നേടുന്ന താരത്തിനുള്ള പുരസ്‌കാരത്തിലേ താനിപ്പോള്‍ വിശ്വസിക്കുന്നുള്ളൂവെന്നും ക്രിസ്റ്റ്യാനോ കൂട്ടിചേര്‍ത്തുരുന്നു. മെസി ഫിഫ ദ് ബെസ്റ്റ് നേടിയ ശേഷമായിരുന്നു ക്രിസ്റ്റ്യാനോയുടെ തുറന്നുപറച്ചില്‍. പലരും മെസിക്കെതിരായ കുറ്റപ്പെടുത്തലായിട്ടാണ് ഇതിനെ കണ്ടത്.