മെസി പിഎസ്‌ജിയിലേക്ക്? അഭ്യൂഹങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി പുതിയ റിപ്പോര്‍ട്ട്
മെസിക്കായി രണ്ട് വര്‍ഷത്തെ കരാറും ആവശ്യമെങ്കില്‍ ഒരു വര്‍ഷം കൂടി നീട്ടിനല്‍കാനും ലക്ഷ്യമിട്ടാണ് പിഎസ്‌ജിയുടെ നീക്കം എന്നാണ് സ്‌കൈ സ്‌പോര്‍ട് ഇറ്റാലിയയുടെ റിപ്പോര്‍ട്ട്
പാരിസ്: ബാഴ്‌സലോണ വിട്ട അര്‍ജന്‍റൈന്‍ സൂപ്പര്‍താരം ലിയോണല്‍ മെസി ഫ്രഞ്ച് ക്ലബ് പിഎസ്‌ജിയിലേക്കെന്ന് റിപ്പോര്‍ട്ട്. ഫ്രഞ്ച് മാധ്യമമായ ആര്‍എംസി സ്‌പോര്‍ട്ടിനെ ഉദ്ധരിച്ച് ഗോള്‍ ഡോട് കോം അടക്കമുള്ള ഫുട്ബോള്‍ വെബ്‌സൈറ്റുകളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തത്. പിഎസ്‌ജിയില്‍ ചേരാന്‍ ഒരുക്കമാണെന്ന് 34കാരനായ മെസി ക്ലബിനെ അറിയിച്ചതായാണ് സൂചന.
മെസിക്കായി രണ്ട് വര്‍ഷത്തെ കരാറും ആവശ്യമെങ്കില്‍ ഒരു വര്‍ഷം കൂടി നീട്ടിനല്‍കാനും ലക്ഷ്യമിട്ടാണ് പിഎസ്‌ജിയുടെ നീക്കം എന്നാണ് സ്‌കൈ സ്‌പോര്‍ട് ഇറ്റാലിയയുടെ റിപ്പോര്‍ട്ട്. മെസിക്ക് മൂന്ന് വര്‍ഷ കരാര്‍ നല്‍കാന്‍ ചര്‍ച്ചകള്‍ നടക്കുന്നതായി ഇഎസ്‌പിഎന്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. മെസിയുടെ പ്രതിനിധികളുമായി നടന്ന പ്രാഥമിക ചര്‍ച്ചകള്‍ ഗുണകരമാണ് എന്നാണ് വിവരം. മെസി ക്ലബിലെത്താനുള്ള സാധ്യതകള്‍ പൊച്ചെറ്റീനോ തള്ളിയിട്ടില്ല എന്നതും അഭ്യൂഹങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുന്നു. കരാര്‍ തുകയുമായി ബന്ധപ്പെട്ട് മെസിയുടെ പിതാവും ഏജന്‍റുമായ ജോര്‍ജെയുമായി വരും ദിവസങ്ങളില്‍ പിഎസ്‌ജിയുടെ കൂടുതല്‍ ചര്‍ച്ചകള്‍ നടന്നേക്കും.
മെസി ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിയില്‍ എത്തുമോ എന്ന ആകാംക്ഷയും നാളുകളായി നിലനില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ മെസി ക്ലബിന്‍റെ പദ്ധതികളിലില്ലെന്ന് ബാഴ്‌സ മുൻ പരിശീലകന്‍ കൂടിയായ സിറ്റി കോച്ച് പെപ് ഗാര്‍ഡിയോള കഴിഞ്ഞ ദിവസം വ്യക്തമാക്കിയതോടെ ഈ അഭ്യൂഹങ്ങള്‍ക്ക് വിരാമമായി. മെസി പിഎസ്‌ജിയില്‍ എത്തിയാല്‍ യുവതാരം കിലിയന്‍ എംബാപ്പെ ക്ലബ് വിടുമെന്ന അഭ്യൂഹങ്ങളുമുണ്ട്. എംബാപ്പെയില്‍ റയല്‍ മാഡ്രിഡിന് നോട്ടമുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
രണ്ട് ദിവസം മുമ്പാണ് മാസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കുമൊടുവില്‍ ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ച് ലിയോണല്‍ മെസി ബാഴ്‌സലോണ വിട്ടത്. മെസിയുമായുള്ള കരാര്‍ പുതുക്കാനായില്ലെന്ന് ബാഴ്‌സ അറിയിക്കുകയായിരുന്നു. ഈ സീസണൊടുവില്‍ ബാഴ്‌സയുമായുള്ള കരാര്‍ അവസാനിച്ച മെസി ഫ്രീ ഏജന്‍റായിരുന്നു. തുടര്‍ന്ന് മെസിക്കായി അഞ്ച് വര്‍ഷത്തേക്ക് നാലായിരം കോടി രൂപയുടെ കരാറാണ് ബാഴ്‌സ തയാറാക്കിയിരുന്നത്. എന്നാല്‍ സാമ്പത്തികകാര്യങ്ങളിലെ ലാ ലിഗ അധികൃതരുടെ കടുംപിടുത്തം മൂലം ഈ കരാര്‍ സാധ്യമാകാതെ വരികയായിരുന്നു.
ബാഴ്‌സയിൽ തുടരാൻ മെസി ആഗ്രഹിക്കുന്നവെന്നും അദേഹത്തെ നിലനിർത്താൻ ക്ലബ് ശ്രമിക്കുമെന്നും പ്രസിഡന്‍റായി ചുമതലയേറ്റെടുത്തശേഷം യുവാന്‍ ലാപ്പോര്‍ട്ട പറഞ്ഞിരുന്നു. മെസിക്കായി ഏറ്റവും മികച്ച ടീമിനെ നൽകാനുള്ള ശ്രമത്തിലാണ് ബാഴ്‌സയെന്നും ലപ്പോർട്ട നേരത്തെ വ്യക്തമാക്കിയതാണ്. എന്നാല്‍ വലിയ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ മെസിയും ബാഴ്‌സയും വഴിപിരിയുകയായിരുന്നു. മെസി പിഎസ്‌ജിയില്‍ എത്തിയാല്‍ അത് ബാഴ്‌സയില്‍ മുമ്പ് സഹതാരമായിരുന്ന നെയ്‌മര്‍ക്കൊപ്പമുള്ള കൂടിച്ചേരല്‍ കൂടിയാവും.
ലിയോണല്‍ മെസ്സി ബാഴ്സലോണ വിട്ടു; പുതിയ കരാറില്ല
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona