അധികം വൈകാതെ മെസിയെ ബാഴ്‌സ ജേഴ്‌സിയില്‍ കാണാം! മുന്‍ ബാഴ്‌സോലണ താരമായ ഉറ്റ സുഹൃത്തിന്റെ ഉറപ്പ്
പിഎസ്ജിയുമായുള്ള നിലവിലെ കരാര്‍ ജൂണില്‍ അവസാനിക്കും. കരാര്‍ പുതുക്കാനുള്ള പിഎസ്ജിയുടെ ഓഫറുകളെല്ലാം മെസി നിരസിച്ചു. ഇതോടെ സൂപ്പര്‍താരം ബാഴ്‌സലോണയില്‍ തിരിച്ചെത്തുമെന്ന അഭ്യൂഹങ്ങള്‍ ശക്തം.
ബ്യൂണസ് ഐറിസ്: ഇതിഹാസ ഫുട്‌ബോളര്‍ ലിയോണല്‍ മെസി അടുത്ത സീസണില്‍ ബാഴ്‌സലോണയില്‍ എത്താനുള്ള സാധ്യതയേറുന്നു. മെസി ബാഴ്‌സയില്‍ തിരിച്ചെത്തുമെന്നാണ് സൂപ്പര്‍ താരത്തിന്റെ പ്രിയസുഹൃത്തായ സെര്‍ജിയോ അഗ്യൂറോ നല്‍കുന്ന സൂചന. മുപ്പത്തിയഞ്ചാം വയസിലും തകര്‍പ്പന്‍ ഫോമിലാണ് മെസി. ക്ലബിനും രാജ്യത്തിനും ഒരേമികവോടെ ഗോളടിച്ച് മുന്നേറുന്നു. അടുത്ത സീസണില്‍ മെസി ഏത് ക്ലബില്‍ കളിക്കുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ഫുട്‌ബോള്‍ ലോകം.
പിഎസ്ജിയുമായുള്ള നിലവിലെ കരാര്‍ ജൂണില്‍ അവസാനിക്കും. കരാര്‍ പുതുക്കാനുള്ള പിഎസ്ജിയുടെ ഓഫറുകളെല്ലാം മെസി നിരസിച്ചു. ഇതോടെ സൂപ്പര്‍താരം ബാഴ്‌സലോണയില്‍ തിരിച്ചെത്തുമെന്ന അഭ്യൂഹങ്ങള്‍ ശക്തം. മെസിയുടെ ഉറ്റസുഹൃത്തും മുന്‍താരവുമായ സെര്‍ജിയോ അഗ്യൂറോ നല്‍കുന്ന സൂചനയും ഇങ്ങനെയാണ്.
അഗ്യൂറോ വിശദീകരിക്കുന്നതിങ്ങനെ... ''മെസി വരുന്ന സീസണില്‍ ബാഴ്‌സലോണയില്‍ തിരിച്ചെത്താനുള്ള സാധ്യത കൂടുതലാണ്. മെസി ബാഴ്‌സലോണയില്‍ കളിച്ച് വിരമിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. കാരണം മെസി ലോക താരമായി വളര്‍ന്നത് ബാഴ്‌സയിലാണ്. മെസിയെ കാംപ്നൗവില്‍ തിരികെ എത്തിക്കാന്‍ ബാഴ്‌സ മാനേജ്‌മെന്റ് സാധ്യമായ കാര്യങ്ങളെല്ലാം ചെയ്യണം.'' അഗ്യൂറോ പറഞ്ഞു.
മെസി ഈ സീസണില്‍ പിഎസ്ജിക്കായി 32 കളിയില്‍ നിന്ന് 18 ഗോളും 17 അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പനാമയ്‌ക്കെതിരെ സൗഹൃദ മത്സരത്തിലെ ഗോള്‍ നേട്ടത്തോടെ മെസി കരിയറില്‍ 800 ഗോളുകള്‍ പൂര്‍ത്തിയാക്കിയിരുന്നു. കരിയറില്‍ 800 ഗോളുകള്‍ തികയ്ക്കുന്ന മൂന്നാം താരമെന്ന നേട്ടമാണ് മെസി സ്വന്തം കാല്‍ക്കീഴിലാക്കിയത്. 828 ഗോള്‍ നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും 805 ഗോളുമായി ജോസഫ് ബിക്കനും മാത്രമാണ് മെസിക്ക് മുന്നിലുള്ളത്.
അര്‍ജന്റീനയുടെ എക്കാലത്തേയും ഗോള്‍സ്‌കോററായ മെസിക്ക് ആല്‍ബിസെലസ്റ്റെ കുപ്പായത്തില്‍ 100 ഗോളുകളെന്ന നാഴികക്കല്ല് പിന്നിടാന്‍ ഒരു ഗോള്‍ കൂടി മതി. 109 ഗോളുമായി അലി ദേയിയും 120 ഗോളുകളുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മാത്രമാണ് മെസിക്ക് മുന്നില്‍.