റയല്‍ മാഡ്രിഡ് ആ വെള്ളം വാങ്ങിവച്ചേക്ക്; എംബാപ്പെ ഈ സീസണില്‍ പിഎസ്‌ജി വിട്ട് എങ്ങോട്ടുമില്ല!

കരീം ബെന്‍സേമ സൗദി ക്ലബിലേക്ക് പോയതോടെ റയല്‍ മാഡ്രിഡില്‍ അടുത്ത വമ്പന്‍ പേരുകാരനായി മാറാനാണ് കിലിയന്‍ എംബാപ്പെ ശ്രമിക്കുന്നത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍

Football Transfer News French star Kylian Mbappe denies reports of joining Real Madrid jje

പാരിസ്: പിഎസ്‌ജി വിട്ട് ഉടന്‍ റയല്‍ മാഡ്രി‍ഡില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ. പിഎസ്‌ജിയില്‍ സന്തോഷവാനാണെന്നും അടുത്ത സീസണിലും ക്ലബില്‍ തുടരുമെന്നും എംബാപ്പെ വാര്‍ത്താ ഏജന്‍സിയായ എഎഫ്‌പിയോട് വ്യക്തമാക്കി. ഈ സീസണില്‍ റയലില്‍ ചേരുമെന്ന വാര്‍ത്തകള്‍ കള്ളമാണ് എന്ന് എംബാപ്പെ ട്വീറ്റ് ചെയ്‌തിട്ടുമുണ്ട്. എംബാപ്പെ ഫ്രാന്‍സ് വിട്ട് റയലിലേക്ക് ഉടന്‍ പോകുമെന്ന വാര്‍ത്തകള്‍ നേരത്തെ ഫ്രഞ്ച് മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. അതേസമയം 2024ന് അപ്പുറത്തേക്ക് പിഎസ്‌ജിയുമായുള്ള കരാര്‍ പുതുക്കാന്‍ എംബാപ്പെ ഒരുക്കമല്ല. 

കരീം ബെന്‍സേമ സൗദി ക്ലബിലേക്ക് പോയതോടെ റയല്‍ മാഡ്രിഡില്‍ അടുത്ത വമ്പന്‍ പേരുകാരനായി മാറാനാണ് കിലിയന്‍ എംബാപ്പെ ശ്രമിക്കുന്നത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. മുമ്പും റയലിന്‍റെ റഡാറില്‍ ഉണ്ടായിരുന്ന താരം എത്രയും പെട്ടെന്ന് സാന്‍റിയാഗോ ബെന്‍ണബ്യൂവിലേക്ക് എത്താന്‍ പദ്ധതിയിടുന്നതായി ഇതോടെ വാര്‍ത്തകള്‍ സജീവമായി. എന്നാല്‍ ഈ അഭ്യൂഹങ്ങളെല്ലാം നിഷേധിച്ച് ഇരുപത്തിനാലുകാരനായ താരം തന്നെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. പിഎസ്‌ജിയില്‍ ഒരു വര്‍ഷത്തെ കരാറാണ് എംബാപ്പെയ്‌ക്ക് അവശേഷിക്കുന്നത്. ഒരു വര്‍ഷം കൂടി ആവശ്യമെങ്കില്‍ കരാര്‍ നീട്ടാനുള്ള വ്യവസ്ഥയുണ്ടെങ്കിലും 2024ന് അപ്പുറത്തേക്ക് പിഎസ്‌ജിയില്‍ തുടരില്ല എന്ന് എംബാപ്പെ ഇതിനകം ക്ലബിനെ അറിയിച്ചിട്ടുണ്ട്. പിഎസ്‌ജിയില്‍ നിന്ന് അര്‍ജന്‍റീനന്‍ ഇതിഹാസം ലിയോണല്‍ മെസി ഇതിനകം അമേരിക്കന്‍ ക്ലബ് ഇന്‍റര്‍ മിയാമിയിലേക്ക് ചേക്കേറിയിട്ടുണ്ട്. രണ്ട് വര്‍ഷത്തെ കരാര്‍ അവസാനിച്ചതോടെയാണ് മെസി പാരിസ് വിട്ടത്. 

കിലിയന്‍ എംബാപ്പെ റയല്‍ മാഡ്രിഡിലേക്ക് കൂടുമാറുമെന്ന അഭ്യൂഹം കഴി‌ഞ്ഞ സീസണിലും ശക്തമായിരുന്നു. എന്നാല്‍ പിഎസ്‌ജിയില്‍ കരാര്‍ പുതുക്കും എന്ന പ്രതീക്ഷയില്‍ ഈ ശ്രമങ്ങള്‍ പാളി. റയല്‍ ഏറെക്കാലമായി കണ്ണ് വച്ചിരിക്കുന്ന താരമാണ് എംബാപ്പെ. ബൊറൂസിയ ഡോര്‍ട്‌മുണ്ടില്‍ നിന്ന് ഇംഗ്ലീഷ് മിഡ്‌ഫീല്‍ഡര്‍ ജൂഡ് ബെല്ലിംഗ്‌ഹാമിനെ റയല്‍ വരും സീസണിലേക്ക് സ്വന്തമാക്കിയിട്ടുണ്ട്. ഇതിനൊപ്പം ബെന്‍സേമ ക്ലബ് വിട്ടതോടെ എംബാപ്പെയെ സ്വന്തമാക്കാന്‍ വീണ്ടും ശ്രമങ്ങള്‍ ആരംഭിക്കുകയായിരുന്നു റയല്‍ മാഡ്രിഡ്. ലീഗ് വണ്ണില്‍ അഞ്ച് കിരീടങ്ങള്‍ നേടിയിട്ടുള്ള എംബാപ്പെയ്‌ക്ക് ചാമ്പ്യന്‍സ് ലീഗ് ട്രോഫി കിട്ടാക്കനിയാണ്. ചാമ്പ്യന്‍സ് ട്രോഫി എന്ന ലക്ഷ്യം കൂടി മുന്‍നിര്‍ത്തിയാവും ഇനി എംബാപ്പെയുടെ ട്രാന്‍സ്‌ഫര്‍ പദ്ധതികള്‍. 

Read more: '2026 ഫിഫ ലോകകപ്പ് കളിക്കാനില്ല'; ആരാധകരെ നിരാശരാക്കി ലിയോണല്‍ മെസി

Latest Videos
Follow Us:
Download App:
  • android
  • ios