ക്രിസ്റ്റ്യാനോ അല്‍ നസര്‍ വിടാനൊരുങ്ങുന്നു? റയല്‍ മാഡ്രിഡിലേക്ക് മടങ്ങുക പുതിയ വേഷത്തില്‍
ഈ ഓഫര്‍ റൊണാള്‍ഡോ സ്വീകരിച്ചാല്‍ ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തനായ ഫുട്ബോള്‍ താരം ബൂട്ട് ഉപേക്ഷിക്കുന്ന കാഴ്ചയാണ് കാണാനാവുകയെന്നാണ് സൂചന
അബുദാബി: ഫുട്ബോള്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൌദി അറേബ്യന്‍ ഫുട്ബോള്‍ ക്ലബ്ബായ അല്‍ നസര്‍ വിടാനൊരുങ്ങുന്നതായി സൂചന. പുതിയ ക്ലബ്ബുമായി പൊരുത്തപ്പെടാന്‍ വരുന്ന കാലതാമസവും ക്ലബ്ബിന്‍റെ മത്സരങ്ങളിലെ മോശം പ്രകടനവുമാണ് താരത്തെ ഈ തീരുമാനത്തിലേക്ക് എത്തിച്ചിരിക്കുന്നതെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മുന്‍ ക്ലബ്ബായ റയല്‍ മാഡ്രിഡിലേക്ക് ക്രിസ്റ്റ്യാനോ മടങ്ങാനൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. റയല്‍ മാഡ്രിഡിലെ സുപ്രധാന ചുമതലയാണ് ക്ലബ്ബ് പ്രസിഡന്‍റെ ഫ്ലോറെന്‍റീനോ പെരസ് ക്രിസ്റ്റ്യാനോയ്ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നതെന്നാണ് സൂചന. എന്നാല്‍ ബെര്‍ണബു സ്റ്റേഡിയത്തിലേക്ക് ക്രിസ്റ്റ്യാനോ മടങ്ങുകയാണെങ്കില്‍ അത് ഫുട്ബോള്‍ കളിക്കാരനായാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഈ ഓഫര്‍ റൊണാള്‍ഡോ സ്വീകരിച്ചാല്‍ ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തനായ ഫുട്ബോള്‍ താരം ബൂട്ട് ഉപേക്ഷിക്കുന്ന കാഴ്ചയാണ് കാണാനാവുകയെന്നാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് ഖലീജ് ടൈംസ് അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ഫ്രെബ്രുവരിയിലാണ് ക്രിസ്റ്റ്യാനോ റൊണാള്‍ 38 വയസ് പൂര്‍ത്തിയാക്കിയത്. 800ല്‍ അധികം ഗോള്‍ നേട്ടവുമായുള്ള കരിയര്‍ അവസാനിപ്പിക്കുകയെന്നത് അവസാന പരിഗണനയിലുള്ള കാര്യമാകുമെന്നും ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. റിയാദ് അടിസ്ഥാനമായുള്ള അല്‍ നസര്‍ ക്ലബ്ബില്‍ ചേര്‍ന്നതിന് പിന്നാലെ 14 മത്സരങ്ങളില്‍ നിന്നായി 11 ഗോളുകളാണ് ക്രിസ്റ്റ്യാനോ നേടിയത്. മാഞ്ചെസ്റ്റര്‍ യുണൈറ്റഡിലെ മാനേജര്‍ എറിക് ടെന്‍ ഹാഗുമായി തുടര്‍ച്ചയായി ഉണ്ടായ ഉരസലുകള്‍ക്ക് പിന്നാലെ ജനുവരിയിലാണ് ക്രിസ്റ്റ്യാനോ അല്‍ നസറിലെത്തിയത്.
സീസണിലെ ആദ്യ രണ്ട് മത്സരങ്ങള്‍ നഷ്ടമായെങ്കിലും അല്‍ നസറില്‍ ക്യാപ്റ്റനായി മികച്ച തുടക്കം നേടിയ റൊണാള്‍ഡോയ്ക്ക് ഒപ്പം ടീമിന് പിന്നീട് ആ തിളക്കം നിലനിര്‍ത്താനായിരുന്നില്ല. സൗദി ലീഗില്‍ അല്‍ ഹിലാലിനെതിരായ മത്സരത്തില്‍ പരാജയപ്പെട്ടതിന് പിന്നാലെ ലീഗില്‍ അല്‍ നസറിന്‍റെ നില പരുങ്ങലിലാണ്. അല്‍ ഹിലാല്‍ ആരാധകര്‍ക്കെതിരെ പരാജയ ശേഷം മടങ്ങിയ ക്രിസ്റ്റ്യാനോ കാണിച്ച അശ്ലീല ആംഗ്യം ഏറെ വിവാദമാവുകയും ചെയ്തിട്ടുണ്ട്. ക്രിസ്റ്റ്യാനോ നിറം മങ്ങിയ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ഹിലാലിന്റെ ജയം.