അലിസണ്‍, മാര്‍ട്ടിനെസ്, കോര്‍ത്വാ... ഗോളടിക്കാര്‍ മാത്രമല്ല; വല കാക്കാനും വമ്പന്‍ നിരയുണ്ട്
ബെക്കര്‍ തന്നെയാണ് കണക്കുകളില്‍ മുന്നില്‍. മാഞ്ചസ്റ്റര്‍ സിറ്റി ഗോള്‍ കീപ്പര്‍ എഡേഴ്‌സണും ടീമിനൊപ്പം ഉള്ളതിനാല്‍ ടിറ്റെയ്ക്ക് ഗോള്‍മുഖത്ത് ആശങ്കകളില്ല. വേഗവും പന്ത് കൈക്കലാക്കുന്നതിലെ വിരുതുമാണ് ബെക്കറുടെ മുഖമുദ്ര.
ദോഹ: ഖത്തറില്‍ ഗോളടിക്കാന്‍ മാത്രമല്ല ഗോള്‍ വല കാക്കാനും വമ്പന്മാരുടെ നീണ്ട നിരയുണ്ട്. ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരത്തിനായി ഇത്തവണ കനത്ത മത്സരം നടക്കുമെന്ന് ഉറപ്പാണ്. ബ്രസീലിന് അലിസണ്‍ ബെക്കര്‍, അര്‍ജന്റീനയ്ക്ക് എമിലിയാനോ മാര്‍ട്ടിനസ്, പോര്‍ച്ചുഗല്ലിന് ഡിയേഗോ കോസ്റ്റ പ്രമുഖ ടീമുകളുടെയെല്ലാം ഗോള്‍ വല സുരക്ഷിതമാണ്. ഖത്തറില്‍ ഗോള്‍ മഴ പെയ്യണമെങ്കില്‍ സ്‌ട്രൈക്കര്‍മാര്‍ കുറച്ചധികം വിയര്‍പ്പൊഴുക്കേണ്ടിവരും.
ബെക്കര്‍ തന്നെയാണ് കണക്കുകളില്‍ മുന്നില്‍. മാഞ്ചസ്റ്റര്‍ സിറ്റി ഗോള്‍ കീപ്പര്‍ എഡേഴ്‌സണും ടീമിനൊപ്പം ഉള്ളതിനാല്‍ ടിറ്റെയ്ക്ക് ഗോള്‍മുഖത്ത് ആശങ്കകളില്ല. വേഗവും പന്ത് കൈക്കലാക്കുന്നതിലെ വിരുതുമാണ് ബെക്കറുടെ മുഖമുദ്ര. പ്രതിരോധവും ആക്രമണവും ഒരു പോലെ ഉതിര്‍ക്കുന്ന കാലുകള്‍. കോപ്പ അമേരിക്കയിലെ രക്ഷകന്‍ മാര്‍ട്ടിനസ് ഖത്തറിലും അര്‍ജന്റീനയുടെ വല കാക്കും. മെസിയുടെ കാല്‍ക്കരുത്തും മാര്‍ട്ടിനസിന്റെ കൈക്കരുത്തുമാണ് സ്‌കലോണിയുടെ ധൈര്യം. പകരക്കാരനായി ഇറങ്ങാനുളള ജെറോനിമോ റൂളിയും മികച്ച ഫോമിലാണ്. സ്പാനിഷ് ക്ലബ് വിയ്യറയലിന്റെ താരമാണ് റൂളി.
റഷ്യയിലെ ഗോള്‍ഡണ്‍ ഗ്ലൗ ജേതാവ് കോര്‍ത്വയ്ക്ക് മൂര്‍ച്ചയേറിയിട്ടേയുള്ളൂ. കഴിഞ്ഞ തവണ മൂന്നാമതതെത്തി മടങ്ങേണ്ടി വന്ന ബെല്‍ജിയത്തെ ഇക്കുറി ചാംപ്യന്‍മാരാക്കുകയാണ് തിബോട്ട് കോര്‍ത്വയുടെ ലക്ഷ്യം. 2014ല്‍ ജര്‍മനി കിരീടം ഉയര്‍ത്തുമ്പോള്‍ അമരത്തുണ്ടായിരുന്ന മാനുവല്‍ നോയര്‍ ഖത്തറിലുമുണ്ട്. മാറ്റി പരീക്ഷിക്കണമെങ്കില്‍ കരുത്തനായ മാര്‍ക് ടെര്‍ സ്റ്റെഗനും ടീമിനൊപ്പമുണ്ട്.
സ്‌പെയിനിന് ഉനെയ് സിമോണ്‍, ഫ്രാന്‍സിന് ഹ്യൂഗോ ലോറിസ്, ഇംഗ്ലണ്ടിന് ജോര്‍ദാന്‍ പിക്ക്‌ഫോര്‍ഡ് തുടങ്ങി പറക്കും ഗോളികളുടെ നിരതന്നെയുണ്ട് ഖത്തറില്‍. കഴിഞ്ഞ അഞ്ച് ലോകകപ്പില്‍ മൂന്നിലും ചാംപ്യന്‍മാരുടെ വല കാത്തവരായിരുന്നു ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരവും നേടിയത്. ചരിത്രം തിരുത്തി ഗോള്‍ഡന്‍ ഗ്ലൗ ഇക്കുറി യൂറോപ്പിന് പുറത്തേക്ക് പോകുമോയെന്നും കണ്ടറിയണം.
ലിയോണല്‍ മെസിയും സംഘവും വിജയകുതിപ്പ് തുടരുമോ? സൗദി അറേബ്യക്കെതിരായ പ്ലെയിംഗ് ഇലവന്‍ അറിയാം