കൂവല്‍, പോര്‍വിളി, ഒടുവില്‍ ബ്രസീല്‍-അര്‍ജന്‍റീന ആരാധകരുടെ കൂട്ടയടി; കിക്കോഫ് വൈകി, കളംവിട്ട് മെസിയും സംഘവും
കിക്കോഫ് വൈകിയതോടെ ലിയോണല്‍ മെസി അടക്കമുള്ള അര്‍ജന്‍റീനന്‍ താരങ്ങള്‍ ഡ്രസിംഗ് റൂമിലേക്ക് മടങ്ങി
റിയോ ഡി ജനീറോ: ഫിഫ ലോകകപ്പ് ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ ബ്രസീല്‍-അര്‍ജന്‍റീന സൂപ്പര്‍ പോരാട്ടം ആരംഭിച്ചത് ഏറെസമയം വൈകി. ഇരു ടീമുകളുടെയും ആരാധകര്‍ തമ്മിലുള്ള വാക്കേറ്റം കയ്യാങ്കളിയിലേക്ക് എത്തിയതോടെയാണ് റിയോയിലെ വിഖ്യാതമായ മാരക്കാന സ്റ്റേഡിയത്തില്‍ മത്സരം ആരംഭിക്കാന്‍ വൈകിയത്.
മാരക്കാന സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഇന്ന് രാവിലെ ആറ് മണിക്കായിരുന്നു ബ്രസീല്‍-അര്‍ജന്‍റീന സൂപ്പര്‍ പോരാട്ടത്തിന് കിക്കോഫ് ആവേണ്ടിയിരുന്നത്. ഇരു ടീമുകളുടെയും ആരാധകര്‍ തമ്മില്‍ ഗ്യാലറിയില്‍ കൊമ്പുകോര്‍ത്തതോടെ സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ പൊലീസ് രംഗത്തിറങ്ങി. അര്‍ജന്‍റീനന്‍ ദേശീയഗാനം ആരംഭിക്കുമ്പോള്‍ ബ്രസീലിയന്‍ ആരാധകര്‍ കൂവിയതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പിന്നാലെ ഇരു ടീമുകളുടെയും ആരാധകര്‍ തമ്മില്‍ ഗ്യാലറിയില്‍ ഏറ്റുമുട്ടല്‍ തുടങ്ങുകയായിരുന്നു. ആരാധരോട് സമ്യമനം പാലിക്കാന്‍ അര്‍ജന്‍റീനയുടെ ലിയോണല്‍ മെസിയും ബ്രസീലിന്‍റെ മാര്‍ക്വീഞ്ഞോസും അടക്കമുള്ള താരങ്ങള്‍ അഭ്യര്‍ഥിച്ചെങ്കിലും ഫലം കണ്ടില്ല. ഗ്യാലറിയിലെ പ്രശ്‌നങ്ങള്‍ നീണ്ടതോടെ മത്സരം നടക്കുമോ എന്ന ആശങ്ക പോലും മൈതാനത്ത് ഉയര്‍ന്നു.
കിക്കോഫ് വൈകിയതോടെ ലിയോണല്‍ മെസി അടക്കമുള്ള അര്‍ജന്‍റീനന്‍ താരങ്ങള്‍ ഡ്രസിംഗ് റൂമിലേക്ക് മടങ്ങി. ആരാധകരും സുരക്ഷാ വിഭാഗവും തമ്മില്‍ കനത്ത ഏറ്റുമുട്ടല്‍ ഗ്യാലറിയില്‍ തുടര്‍ന്നു. ഇതോടെ അര മണിക്കൂറോളം വൈകിയാണ് മാരക്കാന സ്റ്റേഡിയത്തില്‍ സൂപ്പര്‍ ടീമുകളുടെ പോരാട്ടം ആരംഭിച്ചത്. ഒരു ഇടവേളയ്‌ക്ക് ശേഷം ലാറ്റിനമേരിക്കന്‍ വൈരികള്‍ മുഖാമുഖം വന്ന മത്സരം ഇതോടെ വലിയ നാണക്കേടിലേക്ക് വഴുതിവീണു. വൈകി ആരംഭിച്ച മത്സരത്തില്‍ ആദ്യ 45 മിനുറ്റുകളില്‍ വല ചലിപ്പിക്കാന്‍ ഇരു ടീമുകള്‍ക്കും മാരക്കാനയിലായില്ല. പരിക്ക് വലയ്‌ക്കുന്നതിനിടെയാണ് ബ്രസീല്‍ ടീം കളത്തിലെത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം